കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം ബാന്ധവം മാണി അവസാനിപ്പിച്ചു

Friday 8 June 2018 4:30 pm IST

കോട്ടയം: രാജ്യസഭാസീറ്റ് ലഭിച്ച കെ.എം. മാണി യുഡിഎഫിലേക്ക് മടങ്ങിവന്നതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒരു വര്‍ഷമായി തുടരുന്ന സിപിഎം ബാന്ധവം കേരള കോണ്‍ഗ്രസ് (മാണി) വിഭാഗം അവസാനിപ്പിച്ചു. ഇതനുസരിച്ച് മാണി വിഭാഗത്തിലെ  നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി രാജിവെയ്ക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫില്‍ മുമ്പുണ്ടായിരുന്ന ധാരണ അതേപടി തുടരാനാണ് മാണിയുടെ നിര്‍ദേശം. ഇതോടെ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിന് ലഭിക്കാന്‍ സാധ്യതയേറി. 

കഴിഞ്ഞ വര്‍ഷമാണ് കേരള കോണ്‍ഗ്രസ് (എം) സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പായിരുന്നു പ്രസിഡന്റ്. തുടര്‍ന്നാണ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ബന്ധം പൂര്‍ണ്ണമായി തകര്‍ന്നത്. ഇതിന്റെ അലയൊലികള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടായി. മുത്തോലി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. ഇതിന് മറുപടിയായി മൂന്നിലവ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി ചേര്‍ന്ന് ഭരണം പിടിച്ചു. ഇവിടെയും ഭരണമാറ്റത്തിന് സാധ്യതയുണ്ട്. 

ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ മാണി അധികാരം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ മാണി ചതിച്ചെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍ പ്രാദേശിക ധാരണ മാത്രമാണെന്നായിരുന്നു മാണി പറഞ്ഞത്. വീണ്ടും മാണിയുമായി കൂട്ട് ചേരുമ്പോള്‍ അന്ന് പറഞ്ഞ വാക്കുകള്‍ വിഴുങ്ങേണ്ട അവസ്ഥയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.