സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് ഏകീകരണം വരുന്നു

Friday 8 June 2018 5:45 pm IST
തോന്നുംപടി ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് ഏകീകരണം നടപ്പിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങളുടേതുള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് ഏകീകരണം നടപ്പിലാക്കിയിരുന്നു. അതു പോലുള്ള നിയമത്തിനാണ് ശ്രമം.

ന്യൂദല്‍ഹി: തോന്നുംപടി ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് ഏകീകരണം നടപ്പിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങളുടേതുള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് ഏകീകരണം നടപ്പിലാക്കിയിരുന്നു. അതു പോലുള്ള നിയമത്തിനാണ് ശ്രമം. 

പദ്ധതി നടപ്പാക്കുമ്പോള്‍ അതതു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌കൂളുകളിലെ ഫീസ് നിരക്കുകള്‍ സര്‍ക്കാര്‍ ക്രമീകരിക്കും. ഇതുസംബന്ധിച്ച ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കൂടാതെ സ്‌കൂളുകളില്‍ ഓഹരിയുള്ളവരുമായും ചര്‍ച്ചകള്‍ നടത്തും. 

സ്വകാര്യ സ്‌കൂളുകള്‍ അനിയന്ത്രിതമായ ഫീസ് ഈടാക്കുന്നത് തടയുന്നതിന് യുപി സര്‍ക്കാര്‍  നിയമം കൊണ്ടുവന്നിരുന്നു. സ്വകാര്യ സ്‌കൂളുകള്‍ എട്ട് ശതമാനത്തിനു മുകളില്‍ ഫീസ് ഈടാക്കരുത് എന്നായിരുന്നു ഇത്. ഇത് യുപിയിലെ സിബിഎസ്ഇ, സിഐഎസ് സിഇ, യുപി ബോര്‍ഡ് എന്നിവയ്ക്കടക്കം ബാധകമായിരുന്നു. അമിത ഫീസ് ഈടാക്കലിനു പുറമേ തലവരിപ്പണം ഈടാക്കുന്നതിനും നിയന്ത്രണം വരുത്തിയിരുന്നു. 

എന്നാല്‍ കേന്ദ്രം ഈ നിയമത്തെ കൂടുതല്‍ വിശാലമാക്കി എല്ലാവര്‍ഷവും അഡ്മിഷന്‍ ഫീസ് ഈടാക്കുന്നതിനും യൂണിഫോം മാറ്റുന്നതിനും നിയന്ത്രണമേര്‍പ്പെടുത്താനും നീക്കമുണ്ട്. 2015-16 വര്‍ഷത്തെ ഫീസ് ഏകീകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. കൂടാതെ പ്രതിവര്‍ഷം 20,000 രൂപയില്‍ കൂടുതല്‍ ഫീസ് മേടിക്കുന്ന സ്‌കൂളുകള്‍ക്കുമേലാണ് നിയന്ത്രണം വരിക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.