ഈശ്വരന്‍ ഒരിക്കലും നിങ്ങളെ പരീക്ഷിക്കുകയില്ല

Saturday 9 June 2018 2:05 am IST
അജ്ഞതയില്‍ മുഴുകിയവര്‍ മാത്രമേ ഈശ്വരനോട് പ്രതിഫലം ആവശ്യപ്പെടുകയും പരാതിപ്പെടുകയും, ഈശ്വരവിധിയെ ചോദ്യം ചെയ്യുകയും, ഈശ്വരകാരുണ്യത്തില്‍ സന്ദേഹം പ്രകടിപ്പിക്കുകയും, ഈശ്വരേച്ഛയെ ലംഘിക്കുകയും ചെയ്യുകയുള്ളു.

അജ്ഞതയില്‍ മുഴുകിയവര്‍ മാത്രമേ ഈശ്വരനോട് പ്രതിഫലം ആവശ്യപ്പെടുകയും പരാതിപ്പെടുകയും, ഈശ്വരവിധിയെ ചോദ്യം ചെയ്യുകയും, ഈശ്വരകാരുണ്യത്തില്‍ സന്ദേഹം പ്രകടിപ്പിക്കുകയും, ഈശ്വരേച്ഛയെ ലംഘിക്കുകയും ചെയ്യുകയുള്ളു. ഈശ്വരമഹിമയില്‍ ബോധവാനായ ഈശ്വരവിശ്വാസിയാകട്ടെ, സദാ ആന്തരികമായി നിര്‍വൃതികരമായ ഈശ്വരചിന്തയില്‍ കഴിയുന്നവരാണ്. സദാ ഈശ്വരാര്‍പ്പിതമായ മനസ്സോടെ അയാള്‍ സകല ക്ലേശങ്ങളേയും, സകല വിപത്തുകളേയും ധീരതയോടെ, സമചിത്തതയോടെ ക്ഷമാപൂര്‍വ്വം സഹിക്കുന്നു. 

ഈശ്വരന്‍ ഒരിക്കലും നിങ്ങളെ പരീക്ഷിക്കുകയില്ല. ദുരിതാനുഭവങ്ങള്‍ വരുത്തി വെക്കുകയുമില്ല. അവിടുന്ന് പ്രേമവും അനുഗ്രഹവും പ്രകാശവും സംരക്ഷണവും സദാ നിങ്ങളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.  പരീക്ഷണങ്ങള്‍ പ്രകൃതിയില്‍ നിന്നാണ് വന്നുചേരുന്നത്. ദുരിതാനുഭവങ്ങള്‍  നിങ്ങളുടെ സ്വയം സൃഷ്ടികളാണ്. പക്ഷേ നിങ്ങള്‍ ഈശ്വരോന്മുഖരായിത്തീരുമ്പോള്‍ പരീക്ഷണങ്ങളെ നേരിടാനുള്ള ശക്തി അവിടുന്ന് നിങ്ങള്‍ക്ക് നല്‍കും. ദുരിതങ്ങളെ സഹിക്കാനുള്ള ജ്ഞാനവും അവിടുന്ന് പ്രദാനം ചെയ്യും.

ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണത്തെ ഉരച്ചും, പൊട്ടിച്ചും, തീയില്‍ പഴുപ്പിച്ചും, അടിച്ചും വിവിധ രീതിയില്‍ പരിശോധിക്കുന്നതുപോലെ പ്രകൃതിയും ഓരോരുത്തരേയും പരീക്ഷണങ്ങള്‍ക്കും, പ്രലോഭനങ്ങള്‍ക്കും, പ്രശ്‌നങ്ങള്‍ക്കും, ധര്‍മ്മസങ്കടങ്ങള്‍ക്കും വിധേയരാക്കുന്നു. അതില്‍പെട്ട് ദുര്‍ബല മനസ്‌കര്‍ വിലപിക്കുകയും നിരാശപ്പെടുകയും ചെയ്യുമ്പോള്‍ ഈശ്വരനില്‍ സുദൃഢ വിശ്വാസമുള്ള ശക്ത മനസ്‌കര്‍ കൂടുതല്‍ ശക്തിയും കൂടുതല്‍ വിശുദ്ധിയും ആര്‍ജിച്ച് ഉയരുന്നു. ജീവിതം അവര്‍ക്ക്  ഒരു പരീക്ഷണവേദിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.