വീരാസനം, കൂര്‍മാസനം

Saturday 9 June 2018 2:10 am IST

 

വീരാസനം

ഏകം പാദം തഥൈകസ്മിന്‍

വിന്യസേദൂരുണി സ്ഥിരം

ഇതരസ്മിംസ്തഥാ ചോരും

വീരാസനമിതീരിതം -1-21

ഒരു കാല്‍ (വലതുകാല്‍) ഒരു തുടയില്‍ (ഇടതുതുടയില്‍) ഉറപ്പിച്ചുവെക്കുക. ഇടതുകാല്‍ മറ്റേ തുടയുടെ മേലെയും ചേര്‍ക്കുക. ഇതാണ് വീരാസനം.

വീരാസനം പലതരത്തില്‍ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതേ ശ്ലോകം ഘോരണ്ഡസംഹിതയില്‍ വന്നിട്ടുണ്ട്. വ്യത്യാസം മൂന്നാം പാദത്തില്‍ 'ചോരും' എന്നതിനു പകരം പശ്ചാത് എന്നാണ് എന്നു മാത്രം. പശ്ചാത് എന്നാല്‍ പിറകില്‍ എന്നാണര്‍ത്ഥം. ശ്ലോകാര്‍ത്ഥപ്രകാരം നോക്കിയാല്‍ വലതുകാല്‍ മടക്കി കാല്‍പത്തി ഇടതുതുടയുടെ മേലെ വെക്കണം. മറ്റെക്കാല്‍ മടക്കി വലതു തുടയുടെ അടിയിലും വെക്കുക. അതായത് ഇടതുകാലിന്മേല്‍ വലതുതുട ചേര്‍ക്കുക. ഇതിനെ ചിലര്‍ മഹാവീരാസനം അതായത് മഹാവീരനായ വീരഹനുമാനെ ഓര്‍മിപ്പിക്കുന്ന ആസനമെന്ന രീതിയിലും വിശേഷിപ്പിക്കാറുണ്ട്.

കൂര്‍മാസനം

ഗുദം നിരുദ്ധ്യ ഗുല്‍ഫാഭ്യാം

വ്യുത്ക്രമേണ സമാഹിതഃ

കൂര്‍മാസനം ഭവേദേതത്

ഇതിയോഗവിദോ വിദുഃ - 1-22

രണ്ടു ഞെരിയാണി പിണച്ചുകൊണ്ട് മലദ്വാരം അടയ്ക്കുന്നത് കൂര്‍മാസനം എന്ന് യോഗവിദ്വാന്മാര്‍ പറയുന്നു.

കാല്‍പ്പത്തിയെ കാലുമായി യോജിപ്പിക്കുന്ന സന്ധിയാണ് ഗുല്‍ഫം- ഞെരിയാണി (മിസഹല ഷീശി)േ. കാലുകള്‍ തുടക്കടിയില്‍ പിണച്ച് ഗുല്‍ഫം കൊണ്ട് ഗുദം നിരോധിക്കുന്നതാണ് ഇവിടെ കൂര്‍മാസനം. ശരീരത്തിന്റെ മേല്‍ഭാഗം നിവര്‍ന്നിരിക്കും. കൈകളുടെ സ്ഥിതി പ്രത്യേകം പറയാത്തതിനാല്‍ കൈപ്പത്തിമുട്ടിന്മേല്‍ പതിച്ചു വെക്കണമെന്നു നിശ്ചയിക്കാം.

ഇതേ ആസനം ഘേരണ്ഡ സംഹിതയില്‍ പറയുന്നത് ഇങ്ങനെയാണ്:-

ഗുല്‍ഫൗ ച വൃഷണ സ്യാധോ

വ്യല്‍ക്രമേണ സമാഹി തൗ

ഋജുകായ ശിരോഗ്രീവം

കൂര്‍മാസന മിതീരിതം

ഞെരിയാണികള്‍ വൃഷണങ്ങള്‍ക്കിടയിലാണ് ചേരുന്നത്. മറ്റെല്ലാം പ്രദീപിക പോലെ തന്നെ.

ഇന്ന് പ്രസിദ്ധമായിട്ടുള്ള കൂര്‍മാസനം ഇതല്ല. അതില്‍ കാല്‍ നീട്ടിയിരുന്ന് ശരീരം മുന്നോട്ടാഞ്ഞു കുനിഞ്ഞ് കൈകള്‍ കാലിനടിയിലൂടെ എടുത്ത് രണ്ടുവശത്ത് നി

ര്‍ത്തി പരത്തിവെക്കും. നല്ല വണ്ണം പതിഞ്ഞ് നെഞ്ച് നിലത്ത് ചേര്‍ത്തുവെക്കും. താടിയും നിലത്തു പതിയും. കണ്ടാല്‍ ആമയെ (കൂര്‍മം) പോലെ തോന്നും.

ഇവിടെ ഒരു സൂചനയുള്ളത,് ഇന്നു കാണുന്ന ആസനങ്ങളില്‍ ഭൂരിപക്ഷവും ഗ്രന്ഥങ്ങളില്‍ നേരിട്ടു പറയാത്തവയാണ് അഥവാ അത്തരം ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടുപോയി എന്നതാണ്. അവ പരമ്പരയാ അഭ്യസിച്ചു വന്നു. അതില്‍ നിന്ന് ക്രോഡീകരിച്ച് വിവിധ ആചാര്യന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിച്ചു. അവയില്‍ കൂടുതലും ഭൂമിയിലുള്ള വിവിധ ജന്തുക്കളെ അനുകരിക്കുന്നവയാണ്. ആ ജന്തുക്കള്‍ 'സ്ഥിര' മായും 'സുഖ'മായും സ്ഥിതിചെയ്യുന്ന അവസ്ഥയെയാണ് ആസനമാക്കി സ്വീകരിച്ചത്. കൂര്‍മം (ആമ) അത്തരം ആസനമാണ്.

എന്നാല്‍ ഹഠയോഗ പ്രദീപികയിലെ കൂര്‍മാസനം ചില സൂക്ഷ്മശക്തികളെ വരുതിയില്‍ കൊണ്ടുവരുവാനുള്ള മൂലബന്ധം ചെയ്തുകൊണ്ടുള്ള സ്ഥിതിയാണ്. തന്ത്രശാസ്ത്രവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന ഹഠയോഗം കുണ്ഡലിനീ ശക്തിയെ വരുതിയിലാക്കാനും ആസനങ്ങളെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുല്‍ഫൗ എന്നാല്‍ ഉപ്പൂറ്റി എന്നും അര്‍ത്ഥമെടുക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.