മഹര്‍ഷിമാര്‍ക്ക് ജ്ഞാനോദയം

Saturday 9 June 2018 2:13 am IST
ഇനി മഹോദരാവതാരത്തെക്കുറിച്ച് ചിന്തിച്ചാലോ? പണ്ട് അസുരന്മാരുടെ ഇടയില്‍ താരകാസുരന്‍ എന്നൊരുവന്‍ തപ: ശക്തികളും ആസുരിക ശക്തികളുമെല്ലാം നേടി പ്രതാപിയായി വളര്‍ന്നു വന്നു. ഒരിക്കല്‍ താരകാസുരന്‍ ശുക്രാചാര്യരെ സന്ദര്‍ശിച്ച് അസുരന്മാരുടെ സര്‍വ്വാധിപത്യത്തിനുള്ള മാര്‍ഗ്ഗമെന്താണെന്ന് ആരാഞ്ഞു.

ഇനി മഹോദരാവതാരത്തെക്കുറിച്ച് ചിന്തിച്ചാലോ? പണ്ട് അസുരന്മാരുടെ ഇടയില്‍ താരകാസുരന്‍ എന്നൊരുവന്‍ തപ: ശക്തികളും ആസുരിക ശക്തികളുമെല്ലാം നേടി പ്രതാപിയായി വളര്‍ന്നു വന്നു. ഒരിക്കല്‍ താരകാസുരന്‍ ശുക്രാചാര്യരെ സന്ദര്‍ശിച്ച് അസുരന്മാരുടെ സര്‍വ്വാധിപത്യത്തിനുള്ള മാര്‍ഗ്ഗമെന്താണെന്ന് ആരാഞ്ഞു. 

അതിനു മറുപടിയായി ശുക്രാചാര്യര്‍ പറഞ്ഞു- ''അസുരന്മാരുടെ സര്‍വ്വാധിപത്യമെന്നത് അത്ര എളുപ്പമല്ല. എപ്പോഴൊക്കെ അസുരന്മാര്‍ സര്‍വ്വാധിപത്യം നേടിയിട്ടുണ്ടോ അപ്പോഴൊക്കെ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായത്തോടെ അതിനെ അതിജീവിച്ചിട്ടുണ്ട്. നമ്മള്‍ എന്തൊക്കെ മാര്‍ഗ്ഗം കണ്ടെത്തിയാലും അതിന്റെ മറുതന്ത്രവുമായി മഹാവിഷ്ണു എത്തും. ദേവന്മാരുടെ സഹായത്തോടുകൂടിയേ ആര്‍ക്കും എന്തെങ്കിലും നേട്ടം കൊയ്യാനാകൂ എന്നതാണ് സത്യം. മിക്കവാറും നമ്മെ സഹായിക്കാനെത്തുന്ന ഒരു ദേവന്‍ ബ്രഹ്മ ദേവനാണ്. നിന്റെ ജാതകവശാല്‍ എളുപ്പത്തില്‍ അനുഗ്രഹിക്കാന്‍ സാധ്യതയുള്ളതും ബ്രഹ്മദേവന്‍ തന്നെയാണ്. അതിനാല്‍ ബ്രഹ്മദേവനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കാനാവുമോ എന്ന് ശ്രമിച്ചുനോക്കുക''.

ശുക്രാചാര്യരുടെ ഉപദേശാനുസൃതം താരകാസുരന്‍ ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തുവാന്‍ തപസ്സു ചെയ്തു. ഏറെക്കാലത്തെ കഠിന തപസ്സിനൊടുവില്‍ ബ്രഹ്മദേവന്‍ തരകാസുരനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തു വരവും ആവശ്യപ്പെട്ടു കൊള്ളുവാന്‍ താരകാസുരനോട് പറഞ്ഞു. ''എന്റെ നേതൃത്വത്തില്‍ അസുരന്മാരുടെ സര്‍വ്വാധിപത്യം സാധ്യമാകണം. ഈ പ്രപഞ്ചത്തിലുള്ള ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ എന്നെ വധിക്കാനാകരുത്''; ഇതായിരുന്നു താരകാസുരന്റെ ആവശ്യം. എന്നാല്‍ ഇത് അസാധ്യമാണെന്നും മരണമില്ലാ വരം ആര്‍ക്കും നല്‍കാനാവില്ലെന്നും ബ്രഹ്മദേവന്‍ താരകാസുരനോട് അരുളി ചെയ്തു. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ള ദേവന്മാര്‍ക്കോ മനുഷ്യര്‍ക്കോ തന്നെ വധിക്കാനാവരുത് എന്നായി താരകാസുരന്റെ അപേക്ഷ. നിന്റെ ആഗ്രഹം പോലെയാകട്ടെ എന്ന് ബ്രഹ്മദേവന്‍ താരകാസുരന് വരവും നല്‍കി.

വരത്തിന്റെ ശക്തിയില്‍ താരകാസുരന്‍ സൈ്വര്യവിഹാരം നടത്തി. മൂന്നു ലോകവും തന്റെ കാല്‍ക്കീഴിലാക്കി. സ്വര്‍ഗ്ഗത്തില്‍ നിന്നും ദേവന്മാരെ ഓടിച്ചു. നന്മയുള്ളവര്‍ക്കാര്‍ക്കും നടക്കാന്‍പോലും ആവാത്ത അവസ്ഥ. ഒതുങ്ങിക്കഴിയുന്നവരെയും വെട്ടിനുറുക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത,് പുഴയില്‍ തള്ളും വിധം ഭീകരാവസ്ഥ. അസുരന്മാരല്ലാത്തവര്‍ക്കെല്ലാം പട്ടിണിയും പെരുവഴിയും. എങ്ങും ദാരിദ്ര്യവും ഭീതിയും. ഒരു നേരത്തെ ഭക്ഷണത്തിനായി പെരുവഴിയില്‍ സംഘര്‍ഷവും. 

ഭരണാധികാരികളും ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരും തന്നെ മനുഷ്യജീവനെടുത്ത് പന്താടുന്നു. ഭരണാധികാരികള്‍ക്കല്ലാതെ ആര്‍ക്കും തന്നെ സുരക്ഷയില്ലെന്ന അവസ്ഥ. ദേവന്മാരും മഹര്‍ഷിമാരും സങ്കടവും പരാതിയുമായി മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി നോക്കി. അവര്‍ ആദ്യം ബ്രഹ്മദേവനെ കണ്ടു. താന്‍ കൊടുത്ത വരം താരകാസുരന് ഗുണമായെന്ന് ബ്രഹ്മദേവന്‍ ബോധ്യപ്പെടുത്തി. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ വിദ്യാ ദേവതയായ സരസ്വതി മഹര്‍ഷിമാര്‍ക്ക് അവസരം നല്‍കി. ജ്ഞാനോദയത്താല്‍ മഹര്‍ഷിമാരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. 

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.