ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹം കണ്ടെത്തി

Saturday 9 June 2018 3:13 am IST
ഭൂമിയേക്കാള്‍ 27 ഇരട്ടി പിണ്ഡവും ആറിരട്ടി വലിപ്പവുമുള്ള ഗ്രഹത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലുള്ള (പിആര്‍എല്‍) ശാസ്ത്രജ്ഞരാണ് സൗരയൂഥത്തിനു പുറത്തുള്ള ഈ ഗ്രഹത്തെ കണ്ടെത്തിയത്.

ചെന്നൈ: ഭൂമിയേക്കാള്‍ 27 ഇരട്ടി പിണ്ഡവും ആറിരട്ടി വലിപ്പവുമുള്ള ഗ്രഹത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലുള്ള (പിആര്‍എല്‍) ശാസ്ത്രജ്ഞരാണ് സൗരയൂഥത്തിനു പുറത്തുള്ള ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഇതോടെ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയ രാഷ്ട്രങ്ങളുള്‍പ്പെട്ട ലീഗില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. 

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ഇപിഐസി 211945201 അഥവാ കെ2 236 ബി എന്ന് ഗ്രഹത്തിന്റെ പേരു കാണാം. 

ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെ സൂര്യന് സമാനമായൊരു നക്ഷത്രത്തെ ചുറ്റിയാണ് ഇതിന്റെ ഭ്രമണപഥം. ഭ്രമണം പൂര്‍ത്തിയാക്കുന്നത് 19.5 ദിവസത്തിനുള്ളില്‍. മൗണ്ട് ആബുവിലെ പിആര്‍എല്ലിന്റെ ഗുരുശിഖര്‍ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ് വഴിയാണ് ഗ്രഹത്തെ കണ്ടെത്തിയത്. 1.2 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടെലസ്‌കോപ്പുമായി പി ആര്‍എല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പാരസ് സ്‌പെക്ടോഗ്രാം സംയോജിപ്പിച്ച് പിണ്ഡം കണക്കാക്കിയായിരുന്നു ഗ്രഹത്തെ കണ്ടെത്തിയത്. ഒന്നര വര്‍ഷമെടുത്തു ശാസ്ത്രജ്ഞര്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍. ഗ്രഹത്തിന്റെ പിണ്ഡത്തിന്റെ 70 ശതമാനവും ഇരുമ്പ്, സിലിക്കേറ്റ്, ഐസ് എന്നിവ കൂടിച്ചേര്‍ന്നതാണ്. 

ഗ്രഹത്തിന്റെ ഉപരിതല താപം 600 ഡിഗ്രി സെല്‍ഷ്യസോളം വരും. കേന്ദ്രനക്ഷത്രത്തിന് ഏറെ ദൂരെയല്ലാതെയാണ് ഇതിന്റെ ഭ്രമണപഥം. അതിനാല്‍  മനുഷ്യ അധിവാസം സാധ്യമല്ല. കേന്ദ്രനക്ഷത്രത്തോട് വളരെയടുത്ത് നില്‍ക്കുന്ന, നെപ്ട്യൂണിനേക്കാള്‍ പിണ്ഡമുള്ള ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ പുതിയ കണ്ടുപിടുത്തം നിര്‍ണായകമാണ്. 

നാസയുടെ കെപ്ലര്‍2 ഫോട്ടോമെട്രിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ഗ്രഹത്തിന്റെയും അവയുള്‍പ്പെടുന്ന നക്ഷത്ര ഗ്രഹസമൂഹത്തിന്റെയും പ്രകൃതം സ്ഥിരീകരിക്കുക അസാധ്യമായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത പരസ് സ്‌പെക്‌ട്രോഗ്രാമിലൂടെ പുതിയ ഗ്രഹത്തിന്റെ പിണ്ഡം തിട്ടപ്പെടുത്തിയത്. 

പുതിയ ഗ്രഹത്തെ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് ഇത് അനിവാര്യമാണ്. ചലിക്കുന്ന ഗോളമാണെന്ന് കെപ്ലര്‍ ഫോട്ടോമെട്രിയിലൂടെ തിരിച്ചറിഞ്ഞതോടെ അത് ഗ്രഹമാണെന്ന് സ്ഥീരികരിക്കാനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.