അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ശിവസേനാ സഖ്യം തുടരും

Saturday 9 June 2018 3:17 am IST
രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് തിരിച്ചടി നല്‍കി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ശിവസേനാ സഖ്യം തുടരും. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും തമ്മില്‍ താക്കറെയുടെ മുംബൈയിലെ വസതിയായ 'മാതോശ്രീ'യില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ഒരുമിച്ചു മത്സരിക്കാന്‍ തത്വത്തില്‍ തീരുമാനമായത്.

ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് തിരിച്ചടി നല്‍കി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ശിവസേനാ സഖ്യം തുടരും. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും തമ്മില്‍ താക്കറെയുടെ മുംബൈയിലെ വസതിയായ 'മാതോശ്രീ'യില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ഒരുമിച്ചു മത്സരിക്കാന്‍ തത്വത്തില്‍ തീരുമാനമായത്. എന്നാല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ച് അഭിപ്രായ ഐക്യമുണ്ടാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. 

സീറ്റുകള്‍ പങ്കിടുന്നതില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച സമവാക്യമാകും അടുത്ത തെരഞ്ഞെടുപ്പിലും തുടരുകയെന്ന് ബിജെപി മന്ത്രിസഭാംഗം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ആകെയുള്ള 48 ലോക്‌സഭാ സീറ്റുകളില്‍ 26ല്‍ ബിജെപിയും 22 എണ്ണത്തില്‍ ശിവസേനയുമാണ് മത്സരിച്ചത്. അതു തന്നെയാകും അടുത്ത തെരഞ്ഞെടുപ്പിലും തുടരുക. എന്നാല്‍ നിയമസഭാ സീറ്റു വിഭജനത്തില്‍ ഐക്യത്തിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 260 സീറ്റുകളില്‍ മത്സരിച്ച ബിജെപി 122 എണ്ണത്തില്‍ വിജയിച്ചു. 282 സീറ്റുകളില്‍ മത്സരിച്ച ശിവസേന വിജയിച്ചതാകട്ടെ 63 സീറ്റുകളിലും. ഇരുകക്ഷികള്‍ക്കും ആകെ ലഭിച്ച  185 സീറ്റുകള്‍ക്ക് പുറമെയുള്ള 103 സീറ്റുകള്‍ വിഭജിക്കുന്ന കാര്യത്തിലാണ് നിലവില്‍ തീരുമാനമാകാതെ പിരിഞ്ഞത്.   

2014നു മുമ്പുള്ള തെരഞ്ഞെടുപ്പു സഖ്യത്തില്‍ 171 സീറ്റുകളില്‍ ശിവസേനയും 117 സീറ്റുകളില്‍ ബിജെപിയും മത്സരിച്ചിരുന്നു. അത് ബാല്‍താക്കറെ-വാജ്‌പേയി കാലഘട്ടത്തിലെ ധാരണയായിരുന്നു. കൂടുതല്‍ സീറ്റു ലഭിക്കുന്ന പാര്‍ട്ടിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെന്നും ധാരണയുണ്ടായിരുന്നു. 1995ല്‍ സേനയ്ക്ക് കൂടുതല്‍ സീറ്റു ലഭിച്ചപ്പോള്‍ പാര്‍ട്ടി നേതാവ് മനോഹര്‍ ജോഷിയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴാകട്ടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു കീഴില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സില്‍, ജില്ലാ പരിഷത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റു നേടിയത് ബിജെപിയായിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം സേനാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 122 സീറ്റുകളില്‍ കുറയാതെ ബിജെപി മത്സരിക്കുമെന്നാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.