രാജ്യസഭാ സീറ്റ്: മുസ്ലിം സംഘടനകളുടെ ഭീഷണിക്ക് സിപിഎം വഴങ്ങി

Saturday 9 June 2018 4:33 am IST
സിഐടിയു നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം നടപ്പാക്കിയത് വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം. പതിറ്റാണ്ടുകളായി മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടയാളെ സിപിഎം രാജ്യസഭയിലേക്ക് അയച്ചിട്ടില്ലെന്നും ഇത്തവണയെങ്കിലും മുസ്ലിം നേതാവിനെ പരിഗണിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും ജമാ അത്ത് കൗണ്‍സില്‍ അടക്കമുള്ള സംഘടനകള്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ: സിഐടിയു നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം നടപ്പാക്കിയത് വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം. പതിറ്റാണ്ടുകളായി മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടയാളെ സിപിഎം രാജ്യസഭയിലേക്ക് അയച്ചിട്ടില്ലെന്നും ഇത്തവണയെങ്കിലും മുസ്ലിം നേതാവിനെ പരിഗണിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും ജമാ അത്ത് കൗണ്‍സില്‍ അടക്കമുള്ള സംഘടനകള്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സഹായിച്ചതിനാലാണ് ഇടതുപക്ഷത്തിന് വന്‍വിജയം ലഭിച്ചതെന്നും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം പിന്തുണ ലഭിക്കണമെങ്കില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ. പൂക്കൂഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള മാന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ ബൂത്തുകളിലെല്ലാം ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥി ഒന്നാമതെത്തിയതും ഈ ധാരണയുടെ ഫലമായിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിവിധ മുസ്ലിം സംഘടനകളുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് സിപിഎം നയം. ഇതിന്റെ ഭാഗമായാണ് ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. 

പ്രമുഖ സുന്നി ആത്മീയ നേതാവാണ് ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ലയനം കഴിയുമ്പോഴുള്ള പ്രധാന ഭാരവാഹികളാരൊക്കെയാണെന്ന തര്‍ക്കം ഇരു പാര്‍ട്ടികളും തമ്മില്‍ നിലനില്‍ക്കുന്നതിനാലാണ് മുന്നണി പ്രവേശനം വൈകുന്നത്.

ഇക്കാര്യത്തിലും മതനേതാവ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ചെറിയാന്‍ ഫിലിപ്പ് ഉള്‍പ്പെടെയുള്ള നേതാക്കളെ തഴഞ്ഞാണ് പ്രബല മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കം സിപിഎം നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.