സ്വന്തം തട്ടകത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പടയൊരുക്കം

Saturday 9 June 2018 3:45 am IST
രാജ്യസഭാ സീറ്റ് കെ.എം. മാണിക്ക് അടിയറവെയ്ക്കാന്‍ കാരണക്കാരനായ ഉമ്മന്‍ചാണ്ടിക്കെതിരെ സ്വന്തം തട്ടകത്തില്‍ പടയൊരുക്കം. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ്സുകാര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നത്. എ ഗ്രൂപ്പിന് മേധാവിത്വമുള്ള ഡിസിസി മരണവീട് പോലെയായി.

കോട്ടയം: രാജ്യസഭാ സീറ്റ് കെ.എം. മാണിക്ക് അടിയറവെയ്ക്കാന്‍ കാരണക്കാരനായ ഉമ്മന്‍ചാണ്ടിക്കെതിരെ സ്വന്തം തട്ടകത്തില്‍ പടയൊരുക്കം. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ്സുകാര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നത്. എ ഗ്രൂപ്പിന് മേധാവിത്വമുള്ള ഡിസിസി മരണവീട് പോലെയായി. 

ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് അടക്കമുള്ളവര്‍ പ്രതികരണത്തിന് പോലും തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും മുന്‍ ഡിസിസി പ്രസിഡന്റുമായ കെ.സി. ജോസഫ് എംഎല്‍എ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. എ ഗ്രൂപ്പിന്റെ മറ്റൊരു വക്താവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തീരുമാനത്തെ തളളിപ്പറഞ്ഞു. മാണിയെ അതിനിശിതമായി വിമര്‍ശിക്കുന്ന ജോസഫ് വാഴയ്ക്കന്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഒരക്ഷരം മിണ്ടാനാവാത്ത അവസ്ഥയിലാണ്.

കെ.എം. മാണിക്കും ജോസ് കെ. മാണിക്കും എതിരെ ഡിസിസി അംഗീകരിച്ച പ്രമേയത്തിന്റെ ചൂടാറും മുമ്പേയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.എം. മാണിയെ കൈപിടിച്ച് കയറ്റിയിരിക്കുന്നത്. സിപിഎമ്മുമായി കൂട്ട് ചേര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് ജില്ലാപഞ്ചായത്ത് ഭരണം തട്ടിയെടുത്ത മാണിയോട് അടങ്ങാത്ത രോഷമായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്. എന്നാല്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റിലൂടെ രാജ്യസഭാ സീറ്റും യുഡിഎഫ് ബര്‍ത്തും നേടിയ മാണിയെയും കൂട്ടരെയും ഇനിയും ചുമക്കണോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ ചോദിക്കുന്നത്. 

ബാര്‍ കോഴ

ബാര്‍ക്കോഴയില്‍ കെ.എം. മാണിയെ കുരുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാണിയുടെ മുന്നണി മാറ്റം. മൂന്ന് പതിറ്റാണ്ടത്തെ സഹവാസം അവസാനിപ്പിക്കുന്നതായി ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള സഖ്യം തുടരാനും തീരുമാനിച്ചു. എന്നാല്‍ ഇത് അട്ടിമറിച്ചാണ് മാണി സിപിഎമ്മുമായി കൂട്ട് ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കിയത്. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. മാണിയെ ഒരുകാരണവശാലും യുഡിഎഫില്‍ പ്രവേശിപ്പിക്കരുതെന്നും ഡിസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതെല്ലാം കാറ്റില്‍പ്പറത്തി രാജ്യസഭാ സീറ്റ് മാണിക്ക് കൊടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചെന്ന വികാരം ശക്തമാണ്. 

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അടുത്ത പൊതു തെരഞ്ഞെടുപ്പില്‍  പ്രതിഫലിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇപ്പോഴത്തെ ധാരണ അനുസരിച്ച് കോട്ടയം ലോക്‌സഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെയായിരിക്കും. ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുറിവേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരിയാല്‍ അത്ഭുതപ്പെടാനില്ല. ഇത് മുന്നില്‍ കണ്ടാണ് മാണി പത്തനംതിട്ടയോ വയനാടോ വേണമെന്ന് വാശിപിടിച്ചത്. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ അടിയറവെയ്ക്കുന്നത് കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് കരുതി മാണിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.