അഭിനന്ദനങ്ങള്‍, പ്രണബ്ദാ

Saturday 9 June 2018 4:15 am IST
കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ പരിശീലന ശിബിരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആവനാഴിയില്‍ അവശേഷിക്കുന്ന ആയുധങ്ങളെല്ലാം കോണ്‍ഗ്രസ്സ് പുറത്തെടുത്തു. ആര്‍എസ്എസിന്റെ ക്ഷണം മുഖര്‍ജി സ്വീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രചാരവേല തുടങ്ങി.

കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ പരിശീലന ശിബിരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആവനാഴിയില്‍ അവശേഷിക്കുന്ന ആയുധങ്ങളെല്ലാം കോണ്‍ഗ്രസ്സ് പുറത്തെടുത്തു. ആര്‍എസ്എസിന്റെ ക്ഷണം മുഖര്‍ജി സ്വീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രചാരവേല തുടങ്ങി.

പരിപാടിയില്‍ മുഖര്‍ജി പങ്കെടുക്കരുതെന്ന് ചിലര്‍. കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തിന്റെ പടി ചവിട്ടരുതെന്ന് മറ്റു ചിലര്‍. അഥവാ പരിപാടിയില്‍ പങ്കെുത്താല്‍ത്തന്നെ ആര്‍എസ്എസിനെ വിമര്‍ശിക്കണമെന്ന് ഇനിയും ചിലര്‍. ഉപദേശങ്ങളും ആക്ഷേപങ്ങളും താക്കീതും പരിഹാസവും അനുനയവുമൊക്കെയായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അരങ്ങുതകര്‍ത്തു. ഒടുവില്‍ അച്ഛനെതിരെ മകള്‍ ശിര്‍മിഷ്ഠ മുഖര്‍ജിയെത്തന്നെ രംഗത്തിറക്കി!

എല്ലാം വിഫലമായിരിക്കുന്നു. വിമര്‍ശനങ്ങളില്‍ പതറുന്നയാളല്ല അനുഭവസമ്പന്നനായ മുഖര്‍ജി. വ്യക്തിപരമായ അന്തസ്സും പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയ സദാചാരവും അറിയുന്ന, കയറ്റിറക്കങ്ങള്‍ പലതും കണ്ട പൊതുപ്രവര്‍ത്തനരംഗത്തെ ഭീഷ്മാചാര്യനെ സങ്കുചിത രാഷ്ട്രീയംവച്ച് വിമര്‍ശിക്കാതിരിക്കാനുള്ള വിവേകം കോണ്‍ഗ്രസ്സ്  കാണിക്കണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസില്‍നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല. ഇന്ന് രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നടിഞ്ഞ ഒരു പ്രസ്ഥാനമാണത്. ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും അജ്ഞരായ ഒരുകൂട്ടമാളുകള്‍ അധികാരത്തിനുവേണ്ടി മാത്രം ഒന്നിച്ചുനില്‍ക്കുകയാണ്.

ഇവര്‍ക്കിടയില്‍ മുഖര്‍ജിയെപ്പോലെ ഔന്നത്യമുള്ള ഒരാള്‍ക്ക് സ്ഥാനമുണ്ടാവില്ല. മുഖര്‍ജിയുടെ കോണ്‍ഗ്രസ്സ് പാരമ്പര്യത്തെക്കുറിച്ച് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്ന കോണ്‍ഗ്രസ്സ്, മുന്‍കാലങ്ങളില്‍ അദ്ദേഹത്തെ അവഗണിച്ചതും വഞ്ചിച്ചതും അവഹേളിച്ചതുമൊക്കെ ആരും മറന്നിട്ടില്ല. മൂന്നുപ്രാവശ്യമാണ് മുഖര്‍ജിക്ക് കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിസ്ഥാനം നിഷേധിച്ചത്. ഒടുവില്‍ രാഷ്ട്രപതിയാക്കിയത് കോണ്‍ഗ്രസ്സിലെ യുവരാജാവായ രാഹുലിനെ അരിയിട്ടുവാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. സോണിയാ കോണ്‍ഗ്രസ്സിന്റെ ഈ നന്ദികേടുകള്‍ മുഖര്‍ജിയെപ്പോലൊരാള്‍ മറന്നിരിക്കുമെന്ന് വിഡ്ഢികള്‍ മാത്രമേ വിശ്വസിക്കൂ.

ആഗ്രഹിച്ചതൊന്നും നടക്കാെത വന്നപ്പോള്‍ കുട്ടിക്കരണം മറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്സ്. നാഗ്പൂരില്‍ മുഖര്‍ജി നടത്തിയ പ്രസംഗം ആര്‍എസ്എസിനുള്ള പാഠമാണത്രേ. നാഗ്പൂരിലെത്തിയ മുഖര്‍ജി മാധ്യമ കോലാഹലം കണക്കിലെടുത്ത് ആര്‍എസ്എസിനെ വിമര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും വ്യാമോഹിച്ചത്. എന്നാല്‍ വിമര്‍ശിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നു മാത്രമല്ല, ആര്‍എസ്എസ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ആശയധാരകളെ അരക്കിട്ടുറപ്പിക്കുന്ന പ്രസംഗമാണ് മുഖര്‍ജി നടത്തിയത്. സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുഖര്‍ജി സന്ദര്‍ശകപുസ്തകത്തില്‍ കുറിച്ചത് 'ഹെഡ്‌ഗേവാര്‍ ഭാരതത്തിന്റെ മഹാനായ പുത്രന്‍' എന്നാണ്. ഇതിനെക്കാള്‍ എന്ത് അംഗീകാരമാണ് ആര്‍എസ്എസിനു വേണ്ടത്!

ഭാരതത്തിന്റെ വിശ്വവിശാലമായ ദേശീയതയെക്കുറിച്ചും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും, ബഹുസ്വരതയെക്കുറിച്ചും, ഒരു രാഷ്ട്രം ഒരു ജനത എന്ന സങ്കല്‍പ്പത്തെക്കുറിച്ചും രാഷ്ട്രതന്ത്രജ്ഞന്റെ ഔന്നത്യത്തോടെ ആവര്‍ത്തിച്ചു പറഞ്ഞ പ്രണബ്ദായോട് ആര്‍എസ്എസ് മാത്രമല്ല, മുഴുവന്‍ ദേശാഭിമാനികളും കടപ്പെട്ടിരിക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.