കല്ലുകടിച്ച് പല്ല് കളയുന്നവര്‍

Saturday 9 June 2018 4:25 am IST
എനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയും എന്നാണ് പ്രണബ് പ്രതിഷേധക്കാരെ അറിയിച്ചത്. അതെന്തായിരുന്നു? അത് ശ്രദ്ധേയമായിരുന്നു. അസഹിഷ്ണുത ഭാരതസംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നാണ് പ്രണബ് നാഗ്പൂരില്‍ പറഞ്ഞത്. എല്ലാവരെയും അറിയുക, പറയുന്നത് കേള്‍ക്കുക. അതാണ് നമ്മുടെ സംസ്‌കാരം. അതിനെ വിലക്കുന്നതാണ് അസഹിഷ്ണുത. അത് പാടില്ല എന്ന് പ്രണബ് പറയുമ്പോള്‍ ആര്‍എസ്എസിന്റെ നിലപാടാണ് അഥവാ ഭാരത സംസ്‌കാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ജയപ്രകാശ് നാരായണന്‍ ലോക്‌നായകനാണ്. അദ്ദേഹം 1975 ല്‍ കോഴിക്കോട് തളി ഹൈസ്‌കൂളില്‍ നടന്ന ആര്‍എസ്എസിന്റെ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുക്കവെ പറഞ്ഞു. ''ഭാവി ഭാരതത്തിന്റെ പ്രതീക്ഷയാണ് സംഘം. ഇങ്ങനെ അച്ചടക്കവും അര്‍പ്പണബോധവുമുള്ള പ്രസ്ഥാനത്തിന്റെ അഭാവം രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ഇത് ശക്തിപ്പെടണം. രാജ്യത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് വളരണം. അഴിമതിക്കും അരാജകത്വത്തിനും എതിരെ യുവാക്കളുടെ പ്രതിരോധം ഉയര്‍ന്നുവരണം. 

അത് സൃഷ്ടിക്കാന്‍ ആര്‍എസ്എസിനേ സാധിക്കൂ. എന്തുകൊണ്ട് എനിക്ക് ഈ പ്രസ്ഥാനത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് ഇന്ന് എന്റെ ദുഃഖം.''അഴിമതിക്കെതിരെ ബീഹാറില്‍ ആര്‍എസ്എസുമായി സഹകരിച്ച് പ്രക്ഷോഭം നയിക്കുന്നതിനിടയിലാണ് ജയപ്രകാശ് നാരായണന്‍ കോഴിക്കോട് ക്യാമ്പില്‍ പങ്കെടുത്തത്. ഇന്ന് പ്രണബ് മുഖര്‍ജി നാഗപ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കേട്ട പ്രതിഷേധമൊന്നും കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് അന്നുണ്ടായിരുന്നില്ല.

കോണ്‍ഗ്രസുകാരില്‍ പലരും അന്ന് അസ്വസ്ഥരായിരുന്നു. പ്രത്യേകിച്ചും സോഷ്യലിസ്റ്റുകാരില്‍ നിന്ന്. ജെപി അതൊന്നും ഗൗനിച്ചില്ല. പ്രണബിനെപ്പോലെ തന്നെ. എനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയും എന്നാണ് പ്രണബ് പ്രതിഷേധക്കാരെ അറിയിച്ചത്. അതെന്തായിരുന്നു? അത് ശ്രദ്ധേയമായിരുന്നു. അസഹിഷ്ണുത ഭാരതസംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നാണ് പ്രണബ് നാഗ്പൂരില്‍ പറഞ്ഞത്. എല്ലാവരെയും അറിയുക, പറയുന്നത് കേള്‍ക്കുക. അതാണ് നമ്മുടെ സംസ്‌കാരം. അതിനെ വിലക്കുന്നതാണ് അസഹിഷ്ണുത. അത് പാടില്ല എന്ന് പ്രണബ് പറയുമ്പോള്‍ ആര്‍എസ്എസിന്റെ നിലപാടാണ് അഥവാ ഭാരത സംസ്‌കാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരക്ഷരം മിണ്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെയും പ്രിയ മാതാവിന്റെയും ഇംഗിതം അഹമ്മദ് പട്ടേലും ആനന്ദശര്‍മയും രമേശ് ചെന്നിത്തലയും പ്രണബിന്റെ മകളും വെളിവാക്കിയിട്ടുണ്ട്. അത് അസഹിഷ്ണുതയില്‍ പൊതിഞ്ഞതാണ്. അതാണ് പ്രണബ് മുഖര്‍ജി തുറന്നെതിര്‍ത്തത്.

ആര്‍എസ്എസ് ഗാന്ധിജിയെ വധിച്ച സംഘടനയാണെന്ന് രാഹുല്‍ നിരന്തരം പ്രസ്താവിക്കവെയാണ് ഇത് മഹത്തായ പ്രസ്ഥാനമെന്ന് പ്രണബ് സംശയമെന്യേ അഭിപ്രായപ്പെട്ടത്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഗ്‌ഡെവാര്‍ ഭാരതമാതാവിന്റെ ഉത്തമ പുത്രനെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഭാരതമാതാവിന്റെ പ്രഥമപൗരനായിരുന്ന പ്രണബ് എത്രമാത്രം ഈ പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞു എന്നാണ് വെളിപ്പെടുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് രാഷ്ട്രധര്‍മത്തിനായി പ്രയത്‌നിക്കുന്ന സംഘത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

ചൈനായുദ്ധവേളയില്‍ ആര്‍എസ്എസിന്റെ സേവനത്തിന്റെ അംഗീകാരമായി പ്രധാനമന്ത്രി നെഹ്‌റുവും സംഘത്തെ അംഗീകരിച്ചു. 1963ലെ റിപ്പബ്ലിക് ദിനത്തില്‍ പരേഡില്‍ പങ്കെടുക്കാന്‍ സംഘത്തെ ക്ഷണിച്ചിട്ടുണ്ട്. യൂണിഫോം അണിഞ്ഞ് സംഘപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും നെഹ്‌റു അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തതാണ്. 1965ല്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രിയും സംഘത്തിന്റെ ഉപദേശവും നിര്‍ദ്ദേശവും തേടിയാണ് പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ നേരിട്ടത്. ഒരുവേള കാണ്‍പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആര്‍എസ്എസ് കോണ്‍ഗ്രസിന്റെ ഭാഗമാകണമെന്ന് പട്ടാഭി സീതാരാമയ്യ പ്രമേയം അവതരിപ്പിച്ചതാണ്. ഇതൊന്നുമറിയാത്ത രമേശ് ചെന്നിത്തലയെ പോലുള്ള കൂപമണ്ഡൂകങ്ങളാണ് ആര്‍എസ്എസിന്റെ മേല്‍ കുതിരകയറുന്നത്.

ആര്‍എസ്എസ് ഇന്ന് സര്‍വവ്യാപിയാണ്. ഈശ്വരനെ പോലെ. കല്ലിലും തൂണിലും തുരുമ്പിലും ഈശ്വരനുണ്ട്. ആര്‍എസ്എസും അതുപോലെയാണ്. ആര്‍എസ്എസ് ഇല്ലാത്ത മേഖലയില്ല. വിദ്യാര്‍ഥി, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍, കൃഷിക്കാരന്‍, കൂലിപ്പണിക്കാരന്‍, പണിയില്ലാത്തവന്‍, പണക്കാരന്‍, പിച്ചക്കാരന്‍ എല്ലായിടത്തും ഇന്ന് ആര്‍എസ്എസ് ഉണ്ട്. വര്‍ഗീയതയുടെ ഉമ്മാക്കികാട്ടി അതിനെ തളയ്ക്കാനോ തളര്‍ത്താനോ സാധിക്കില്ല. അത് പ്രണബ് തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഭാരതം തിരിച്ചറിഞ്ഞു. ഇനിയും തിരിച്ചരിയാത്തവരുണ്ടെങ്കില്‍ ഹാ.. കഷ്ടം എന്നേ പറയാനാകൂ. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും എന്നാണല്ലോ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ ദൈവം പഠിപ്പിക്കും. കോണ്‍ഗ്രസിനെ ദൈവം പഠിപ്പിക്കട്ടെ. അതിന് കാത്തിരിക്കാതെ വെറുതെ കല്ലുകടിച്ച് പല്ലുകളയരുതേ എന്നേ കോണ്‍ഗ്രസുകാരോട് ഉപദേശിക്കാനുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.