റൊണാള്‍ഡോ തിരിച്ചെത്തി; പോര്‍ച്ചുഗല്‍ ജയിച്ചു തുടങ്ങി

Saturday 9 June 2018 4:38 am IST
ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരിച്ചെത്തിയതോടെ പോര്‍ച്ചുഗലിന്റെ കളി മാറി. ലോകകപ്പ്് സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അള്‍ജീരിയയെ പരാജയപ്പെടുത്തി. ഗോളടിക്കാനായില്ലെങ്കിലും പോര്‍ച്ചുഗലിന്റെ നീക്കങ്ങളിലെല്ലാം റൊണാള്‍ഡോയുടെ കൈയൊപ്പുണ്ടായിരുന്നു.

ലിസ്ബന്‍: ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരിച്ചെത്തിയതോടെ പോര്‍ച്ചുഗലിന്റെ കളി മാറി. ലോകകപ്പ്് സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അള്‍ജീരിയയെ പരാജയപ്പെടുത്തി. ഗോളടിക്കാനായില്ലെങ്കിലും പോര്‍ച്ചുഗലിന്റെ നീക്കങ്ങളിലെല്ലാം റൊണാള്‍ഡോയുടെ കൈയൊപ്പുണ്ടായിരുന്നു. പാരീസ് സെന്റ് ജര്‍മയിന്‍സിന്റെ മുന്നേറ്റനിരക്കാരന്‍ ഗോണ്‍കാലോ ഗ്യൂഡസ് രണ്ട് ഗോളും സ്്‌പോര്‍ട്ടിങ് ലിസ്ബന്‍ മധ്യനിരക്കാരന്‍ ബ്രൂണോ ഫെര്‍നാന്‍ഡസ് ഒരു ഗോളും നേടി.

യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ആശ്വാസമായി ഈ വിജയം. കഴിഞ്ഞ മാര്‍ച്ചിന് ശേഷം അവര്‍ വിജയമറിഞ്ഞിട്ടില്ല. സന്നാഹ മത്സരങ്ങളില്‍ രണ്ടെണ്ണവും സമനിലയായി. ഇതാദ്യമായാണ് അവര്‍ ഒരു സന്നാഹ മത്സരത്തില്‍ വിജയിക്കുന്നത്. നേരത്തെ റൊണാള്‍ഡോയെ കൂടാതെ കളിച്ച പോര്‍ച്ചുഗലിനെ ടുണീഷ്യയും (0-0) ബെല്‍ജിയവും (2-2) സമനിലയില്‍ പിടിച്ചു നിര്‍ത്തിയിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ വിജയത്തിനുശേഷം ഇതാദ്യമായാണ് റൊണാള്‍ഡോ കളിക്കളത്തിലിറങ്ങിയത്. പോര്‍ച്ചുഗലിനായി 150-ാം മത്സരത്തിനിറങ്ങിയ റൊണാള്‍ഡോ 74 മിനിറ്റ്  പൊരുതി. റൊണാള്‍ഡോയുടെ സാന്നിദ്ധ്യം സഹ കളിക്കാര്‍ക്ക് ആവേശം പകര്‍ന്നു. ടീമിന്റെ എല്ലാ നീക്കങ്ങളിലും റൊണാള്‍ഡോ പങ്കാളിയായി. ഗോളടിക്കാനും അവസരം ലഭിച്ചു. പക്ഷെ ലക്ഷ്യം നേടാനായില്ല. 

പതിനേഴാം മിനിറ്റില്‍ ഗോണ്‍കാലോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. ഇരുപത് മിനിറ്റുകള്‍ക്കുശേഷം രണ്ടാം ഗോള്‍ പിറന്നു. റൊണാള്‍ഡോ നീട്ടികൊടുത്ത് പാസ് ബ്രൂണോ ഫെര്‍നാന്‍ഡസ് ഗോളാക്കി മാറ്റി. രാജ്യാന്തര മത്സരങ്ങളില്‍ ബ്രൂണോയുടെ ആദ്യ ഗോള്‍ . 55-ാം മിനിറ്റില്‍ ഗോണ്‍കാലോ വീണ്ടും ലക്ഷ്യം കണ്ടതോടെ പോര്‍ച്ചുഗല്‍ 3-0 ന് മുന്നിലെത്തി.

ലോകകപ്പിന് മുമ്പ് വിജയം നേടിയത് പോര്‍ച്ചുഗലിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ഗ്രൂപ്പ്് ബിയിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 15 ന് സ്‌പെയിനെ നേരിടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.