രാഹുലിനെ വിരട്ടിയത് ക്രിസ്ത്യന്‍-മുസ്ലിം വോട്ട് ബാങ്ക് കാട്ടി

Saturday 9 June 2018 2:54 am IST
ക്രിസ്ത്യന്‍-മുസ്ലിം വോട്ടു ബാങ്ക് കാട്ടി രാഹുല്‍ഗാന്ധിയെ സമ്മര്‍ദത്തിലാക്കിയ കെ.എം. മാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ്സില്‍ കലാപം. മതത്തിന്റെ ശക്തികാട്ടി രാജ്യസഭാ സീറ്റ് തട്ടിയെടുത്ത ഘടകകക്ഷികള്‍ക്ക് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും കൂട്ടുനിന്നെന്നാണ് ആരോപണം. ഹിന്ദു നാമധാരികളായ നേതാക്കള്‍ക്ക് ഇനി കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന ചോദ്യവും ഒരുവിഭാഗം ചോദിക്കുന്നു.

ന്യൂദല്‍ഹി: ക്രിസ്ത്യന്‍-മുസ്ലിം വോട്ടു ബാങ്ക് കാട്ടി രാഹുല്‍ഗാന്ധിയെ സമ്മര്‍ദത്തിലാക്കിയ കെ.എം. മാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ്സില്‍ കലാപം. മതത്തിന്റെ ശക്തികാട്ടി രാജ്യസഭാ സീറ്റ് തട്ടിയെടുത്ത ഘടകകക്ഷികള്‍ക്ക് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും കൂട്ടുനിന്നെന്നാണ് ആരോപണം. ഹിന്ദു നാമധാരികളായ നേതാക്കള്‍ക്ക് ഇനി കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന ചോദ്യവും ഒരുവിഭാഗം ചോദിക്കുന്നു. 

മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസ്സിനും അടിയറവു പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍നിന്ന് പ്രവര്‍ത്തകരുടെ വന്‍ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ വീണ കോണ്‍ഗ്രസ്സില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ്സിനെ സമ്മര്‍ദത്തിലാക്കുന്നു. എന്നാല്‍ രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് വിട്ടുനല്‍കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് പരാതികളാണ് ഹൈക്കമാന്‍ഡിലേക്ക് എത്തിയിരിക്കുന്നത്. കെപിസിസി സെക്രട്ടറി അടക്കം രാജിവെച്ചിരിക്കുകയാണ്. രാജ്യസഭാ സീറ്റ് കെ.എം. മാണിക്ക് നല്‍കിയതിന്റെ ഗുണഭോക്താവ് ബിജെപിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടെന്നുമാണ് വി.എം. സുധീരന്‍ ഹൈക്കമാന്‍ഡിനയച്ച പരാതിയില്‍ പറയുന്നത്. 

പ്രതിപക്ഷ നേതൃ സ്ഥാനം രമേശ് ചെന്നിത്തല ഒഴിയുകയോ രാജ്യസഭാ സീറ്റ് നല്‍കുകയോ വേണമെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ്സും മുസ്ലിംലീഗും സ്വീകരിച്ചത്. രാജ്യസഭാ സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയാണ് സ്വീകരിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെയും മാറ്റാനാണ് ലീഗ്-കേരളാ കോണ്‍ഗ്രസ് നീക്കം. ഇത്തരത്തില്‍ ഘടകകക്ഷികള്‍ക്ക് വിധേയപ്പെട്ട് മുന്നോട്ടുപോകുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നാണ് ഹൈക്കമാന്‍ഡ് ആസ്ഥാനത്തെത്തിയ പരാതികളില്‍ പറയുന്നത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കാനുള്ള തീരുമാനത്തില്‍ എ.കെ. ആന്റണിക്കും എതിര്‍പ്പുണ്ടെന്നാണ് സൂചന. പാര്‍ട്ടിയെ കേരളത്തില്‍ ഇല്ലാതാക്കുന്ന നടപടിയാണിതെന്നും വലിയ വിഭാഗം കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച് ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും എ.കെ. ആന്റണി ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.