ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി

Saturday 9 June 2018 3:59 am IST
പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം സര്‍ക്കാര്‍ പൊളിച്ചുനീക്കി. ഡിവൈഎഫ്‌ഐക്കാരും എസ്എഫ്‌ഐക്കാരും ചേര്‍ന്നാണ് സ്തൂപം പണി തീര്‍ത്തത്. ഇതേത്തുടര്‍ന്ന് 50 ഓളം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ പഴയന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തിരുവില്വാമല: പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം സര്‍ക്കാര്‍ പൊളിച്ചുനീക്കി. ഡിവൈഎഫ്‌ഐക്കാരും എസ്എഫ്‌ഐക്കാരും ചേര്‍ന്നാണ് സ്തൂപം പണി തീര്‍ത്തത്. ഇതേത്തുടര്‍ന്ന് 50 ഓളം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ പഴയന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ കാട്ടി അന്നത്തെ എസ്‌ഐ ആര്‍ഡിഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്തൂപം പൊളിച്ചുനീക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നില്ല.

തുടര്‍ന്ന് എഐടിയുസി തൊഴിലാളിയായ പാമ്പാടി എരുമക്കുഴി വീട്ടില്‍ കൃഷ്ണന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്തൂപം പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടു. എന്നിട്ടും പോലീസിന് പൊളിച്ചുനീക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ രാവിലെ 6.ന് വന്‍ പോലീസ് സന്നാഹത്തോടെ ഇത് പൊളിച്ച് നീക്കിയത്.

തലപ്പിള്ളി തഹസില്‍ദാര്‍, പിഡബ്ലിയുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസി. എക്‌സി. എഞ്ചിനീയര്‍, ചേലക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പഴയന്നൂര്‍ എസ്‌ഐ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു. വന്‍ പോലീസ് സംഘം ഇപ്പോഴും സംഭവസ്ഥലത്തുണ്ട്. നെഹ്‌റു കോളേജില്‍ ക്ലാസ്സുകളില്ലാത്തതിനാല്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.