സൂക്ഷിക്കണേ... മരുന്നുകളില്‍ വ്യാജനും ചാത്തനും സജീവം

Saturday 9 June 2018 5:01 am IST
സംസ്ഥാനത്ത് നിരോധിത മരുന്നുകളും ചാത്തന്‍ മരുന്നുകളും സജീവം. മധ്യകേരളത്തില്‍ ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നത് മാവേലിക്കര തഴക്കര സ്വദേശിയായ ഡീലര്‍. ചെറുകിട മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ എന്ന നിലയ്ക്കാണ് ഡീലറെ ജന്മഭൂമി സമീപിച്ചത്.

മാവേലിക്കര: സംസ്ഥാനത്ത് നിരോധിത മരുന്നുകളും ചാത്തന്‍ മരുന്നുകളും സജീവം. മധ്യകേരളത്തില്‍ ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നത് മാവേലിക്കര തഴക്കര സ്വദേശിയായ ഡീലര്‍. ചെറുകിട മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ എന്ന നിലയ്ക്കാണ് ഡീലറെ ജന്മഭൂമി സമീപിച്ചത്. 

എന്നാല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മരുന്ന് എത്ര വേണമെങ്കിലും തരാമെന്നും പ്രമുഖ കമ്പനികളുടേതടക്കം ചാത്തന്‍ മരുന്നുകളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ മരുന്നിന്റെ നാലിലൊന്ന് മാത്രമാണ് ഇതിന് വില ഈടാക്കുന്നത്. കാലാവധി തീര്‍ന്ന പ്രോട്ടീന്‍ പൗഡറുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. സ്റ്റിക്കറുകള്‍ മാറ്റിയാണ് ഇവ കച്ചവടത്തിന് എത്തിക്കുന്നത്.

എക്‌സൈസും അനുബന്ധ സംവിധാനങ്ങളും ഇക്കാര്യത്തില്‍ വേണ്ട പരിശോധനകള്‍ നടത്താത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകമാകുന്നത്. തമിഴ്നാട,്  ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക്  സര്‍വീസ്  നടത്തുന്ന ബസുകളിലാണ് നിരോധിച്ച ലഹരിമരുന്നുകളും ചാത്തന്‍ മരുന്നുകളും എത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തുച്ഛമായ വിലയില്‍ വാങ്ങുന്ന മരുന്നുകള്‍ ഇവിടെ  എത്തിക്കഴിഞ്ഞാല്‍ പല മടങ്ങ് ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത.്. തമിഴ്നാട്ടില്‍ വൈദ്യുതി പ്രതിസന്ധി നേരിട്ട സമയം ഫ്രിഡ്ജില്‍ തണുപ്പിച്ച് സൂക്ഷിച്ചുവയ്ക്കേണ്ട പല മരുന്നുകളും നശിച്ചു പോയിരുന്നു. ഈ മരുന്നുകള്‍ തമിഴ്‌നാട്ടിലുള്ള ചില ഇടനിലക്കാര്‍ വഴി സംസ്ഥാനത്തെ പല മരുന്നുകടകളിലേക്കും എത്തിയിട്ടുണ്ടത്രെ. ഇത്തരം മരുന്നുകള്‍ ലഹരിക്കായും  ഉപയോഗിക്കുന്നുണ്ടെന്നും സൂചനയുണ്ട.്്

ഗുണനിലവാര പരിശോധന നടക്കുന്നില്ല

 സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാര പരിശോധന പേരിലൊതുങ്ങുന്നതാണ് വ്യജന്മാര്‍ക്ക് ഗുണമാകുന്നത്. നിലവില്‍ 65,000 ബ്രാന്‍ഡുകളിലായി 2,64,000 ബാച്ച് മരുന്നുകള്‍ കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതില്‍ പരിശോധിക്കപ്പെടുന്നത് അയ്യായിരത്തില്‍ താഴെ ബാച്ചുകള്‍ മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് മരുന്ന് പരിശോധനാ ലാബുകളുടെ കുറവും, ഉള്ള ലാബുകളിലെ ജീവനക്കാരുടെ കുറവും പ്രധാന പ്രതിസന്ധിയാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം പലതും ഫലിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പരാതിപ്പെടുന്നുണ്ട് . കമ്പനികള്‍ കൊണ്ടുവരുന്ന ലാബ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡമെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഇന്‍സുലിന്‍, ടെറ്റനസ് അടക്കമുള്ള വാക്‌സിനുകള്‍ എന്നിവയുടെ പരിശോധനയ്ക്കും ഒരു സംവിധാനവും കേരളത്തിലില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.