മാണി ബോംബ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

Saturday 9 June 2018 5:06 am IST
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൊടുത്തിനെതിരെ കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറി. ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ പ്രതിഷേധം അഴിച്ചുവിട്ട വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കളും അണികളും, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളും മറ്റും ഉപയോഗിച്ച് ഇവരെ കടന്നാക്രമിക്കുകയാണ്. കടുത്ത പ്രതിസന്ധിയിലായ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തത്ര പ്രശ്‌നമാണ് പാര്‍ട്ടിയിപ്പോള്‍ അഭിമുഖീകരിക്കുന്നത്.

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൊടുത്തിനെതിരെ  കോണ്‍ഗ്രസ്സില്‍  വന്‍ പൊട്ടിത്തെറി. ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ പ്രതിഷേധം അഴിച്ചുവിട്ട  വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കളും അണികളും, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളും മറ്റും ഉപയോഗിച്ച് ഇവരെ കടന്നാക്രമിക്കുകയാണ്. കടുത്ത പ്രതിസന്ധിയിലായ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍  നടത്തി. സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തത്ര പ്രശ്‌നമാണ് പാര്‍ട്ടിയിപ്പോള്‍ അഭിമുഖീകരിക്കുന്നത്.

  ഒരിടവേളയ്ക്കു ശേഷം,  കെ.എ.ം മാണി യുഡിഎഫിലേക്ക് തിരികെയെത്തിയ യോഗത്തില്‍ നിന്ന് വി.എം. സുധീരന്‍ ഇറങ്ങിപ്പോയി. ബിജെപിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഈ നീക്കം സഹായിക്കുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇറങ്ങിപ്പോക്ക്. യുവാക്കളെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി തന്നെ അപമാനിച്ചുവെന്നാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍    തുറന്നടിച്ചത്.  ഉമ്മന്‍ചാണ്ടിയാണ് ഇപ്പോഴത്തെ തീരുമാനങ്ങളുടെ മുഖ്യശില്‍പിയെന്നും കേരളാ കോണ്‍ഗ്രസ്സിന് മുന്നില്‍ അറിഞ്ഞുകൊണ്ട് തോറ്റു കൊടുത്തതാണെന്നും കുര്യന്‍ ആരോപിച്ചു. പ്രവര്‍ത്തകരുടെ അതൃപ്തി കണക്കിലെടുത്താണെന്ന് പറഞ്ഞ് കെ. മുരളീധരനും യുഡിഎഫ് യോഗം ബഹിഷ്‌ക്കരിച്ചു. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ നേതൃത്വത്തിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് പോയ നേതാക്കള്‍ വഞ്ചനാപരമായ നിലപാട് എടുത്തുവെന്ന് സുധീരന്‍ ആരോപിച്ചു. മാണിക്ക് സീറ്റ് നല്‍കാന്‍ ഒരുപാട് വില പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കേണ്ടി വന്നു. മാണിയുടെ തിരിച്ചു വരവിന് കോണ്‍ഗ്രസ്സിനും  കനത്ത വില കൊടുക്കേണ്ടി വരും, സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്റെ സീറ്റ് ആര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്ന് പറഞ്ഞുകൊണ്ട്് രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്തും രംഗത്തുവന്നു.  ബിജെപിക്ക്  ഊര്‍ജം പകരുന്ന തീരുമാനത്തിന് കൃത്യമായ പരിഹാരക്രിയയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് അപകടത്തിലാവുമെന്നാണ്  ജയന്തിന്റെ വാദം.

 കാര്യം വിശദീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പത്രസമ്മേളനം നടത്തിയെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. തീരുമാനം ഇത്തവണത്തേക്കു മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം. പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നും മുന്‍പും ഇത്തരം തീരുമാനം എടുത്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. 

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.  ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും കൂടി കേരളത്തിലെ കോണ്‍ഗ്രസ്സിനെ വഞ്ചിച്ചു എന്ന വികാരത്തിലാണ് കോണ്‍ഗ്രസ്സുകാര്‍.  ഗ്രൂപ്പു വ്യത്യാസമില്ലാതെയാണ് പ്രതിഷേധം. സംസ്ഥാനത്തുനിന്ന്് ഹൈക്കമാന്‍ഡിലേക്ക്് പരാതി പ്രളയമാണ്. തീരുമാനം പുന:പരിശോധിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.