ഇടുക്കിയില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം, ഒരാളെ കാണാതായി

Saturday 9 June 2018 1:08 pm IST

പൈനാവ്: ഇടുക്കിയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കല്‍തൊട്ടി മേപ്പാറയില്‍ വീടിന് വീടിന് മുകളില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. പുളിയന്‍‌മല നെടും‌കണ്ടം റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി.

രണ്ടു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. പീരുമേട് ചപ്പാത്തിലെ ആറ്റില്‍ മീന്‍ പിടിക്കാനിറങ്ങിയ ഗൃഹനാഥനെ കാണാതായി. വളവോട് കടപ്പാക്കര ആന്റണിയെയാണ് കാണാതായത്. ഇയാള്‍ പെരിയാറിലേക്ക് ഒഴുകി പോയിരിക്കാനാണ് സാധ്യത. പോലീസും അഗ്‌നിശമനസേനയും പെരിയാര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി വരികയാണ്.  

പലയിടങ്ങളിലും വാഹനങ്ങള്‍ അപകത്തില്‍ പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപം ആമ്പുലന്‍സും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അഞ്ചാമൈലിനും സമീപം റോഡില്‍ നിന്ന് തെന്നിമാറി കാറ് അപകടത്തില്‍പെട്ടു. രാത്രിക്കാലങ്ങളിലടക്കം മഴ ശക്തമായി തുടരുന്നതിനാല്‍ ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 57 വില്ലേജുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിര്‍ദ്ദേശം.

വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.