കുട്ടനാടിന്റെ നെല്ലറയ്ക്ക് പറയാനുള്ളത്

Sunday 10 June 2018 3:32 am IST
പ്രതിസന്ധികളോട് പടവെട്ടി, മഴയോടും വെള്ളത്തോടും വെയിലിനോടും മല്ലിട്ടാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ നെല്‍ക്കൃഷി ചെയ്യുന്നത്. മലയാളികള്‍ക്ക് അരിയില്ലാതെ ഭക്ഷണം ഉണ്ടോ. മലയാളികളുടെ അടുക്കളയില്‍ അരിയെത്തിക്കുന്നതില്‍ പ്രധാന പങ്ക് ആലപ്പുഴ ജില്ലയ്ക്കാണ്. ആലപ്പുഴയിലെ നെല്ലറയാണ് കുട്ടനാട്.

പ്രതിസന്ധികളോട് പടവെട്ടി, മഴയോടും വെള്ളത്തോടും വെയിലിനോടും മല്ലിട്ടാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ നെല്‍ക്കൃഷി ചെയ്യുന്നത്. മലയാളികള്‍ക്ക് അരിയില്ലാതെ ഭക്ഷണം ഉണ്ടോ. മലയാളികളുടെ അടുക്കളയില്‍ അരിയെത്തിക്കുന്നതില്‍ പ്രധാന പങ്ക് ആലപ്പുഴ ജില്ലയ്ക്കാണ്. ആലപ്പുഴയിലെ നെല്ലറയാണ് കുട്ടനാട്. 

പ്രാദേശികമായി ലഭ്യമായിരുന്ന നാടന്‍ ഇനങ്ങളില്‍നിന്ന് ആരംഭിച്ച് അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളിലെത്തിനില്‍ക്കുകയാണ് ഈ കാര്‍ഷിക ഭൂമിയിലെ നെല്‍ക്കൃഷി. ജില്ലയിലെ രണ്ടുകൃഷികളില്‍ നിന്നുമായി ഏകദേശം 1850000 ക്വിന്റലില്‍ അധികം നെല്ല് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഏകദേശം 500 കോടിരൂപയില്‍ അധികമുള്ള വിളവാണ് ലഭിക്കുന്നത്. കായല്‍ പെരുമയില്‍നിന്നാണ് നെല്‍ക്കൃഷി കുട്ടനാട്ടില്‍ ഉദയം ചെയ്തത്. കായല്‍ ജലാശയങ്ങളില്‍ നാലതിരുകള്‍ നിര്‍മ്മിച്ചുണ്ടാക്കിയ കായല്‍നിലങ്ങളായിരുന്നു ഒരുകാലത്ത് കുട്ടനാടിന്റെ നെല്ലറകള്‍. പതിറ്റാണ്ടുകളോളം മലയാളികള്‍ക്ക് അന്നം നല്‍കിയത് ഈ കലവറകളായിരുന്നു. 

കുട്ടനാട്ടില്‍ മാത്രം 20-ല്‍ അധികം കായല്‍ നിലങ്ങളുണ്ട്. ഇവയുടെ ഓരോ പേരുകള്‍ കൗതുകകരവും വ്യത്യസ്തവുമാണ്. മാരാന്‍ കായല്‍, കെ.എല്‍.ബ്ലോക്ക്, ഇരുപത്തിനാലായിരം ഇ.ബ്ലോക്ക്, മൂവായിരത്തി അഞ്ഞൂറ് എഫ്.ബ്ലോക്ക്, പഴയനാലായിരം എച്ച്.ബ്ലോക്ക്, രാജരാമപുരം, മംഗലം മാണിക്യമംഗലം, ശ്രീമൂലം, ഡി.ബ്ലോക്ക് തെക്കേ ആറായിരം, ഡി.ബ്ലോക്ക് വടക്ക്, സി.ബ്ലോക്ക്, സി.ബ്ലോക്ക് പടിഞ്ഞാറെ ആറായിരം, ജഡ്ജി ആറായിരം, ഒന്‍പതിനായിരം, മെത്രാന്‍ കായല്‍, അയ്യനാട്, തെക്കേ വാവക്കാട്, പറമ്പടി പൊന്നാംപാക്ക തുടങ്ങി ഈ പേരുകള്‍ക്കെല്ലാം പിന്നില്‍ ചരിത്രത്തിലേക്ക് നീളുന്ന സാക്ഷ്യങ്ങളും നിരവധിയുണ്ട്. 

കായല്‍ നിലങ്ങളില്‍ പെരുമയേറിയത് ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നിവയാണ്. ചിത്തിര (740 ഏക്കര്‍), മാര്‍ത്താണ്ഡം (548) റാണി (560 ഏക്കര്‍) എന്നീ ക്രമത്തിലാണ് വിസ്തീര്‍ണ്ണം. കായല്‍ രാജാവായ കാവാലം മുരിക്കന്‍മൂട്ടില്‍ തൊമ്മന്‍ ജോസഫെന്ന മുരിക്കന്‍മൂട്ടില്‍ ഔതച്ചന്‍ കുത്തിയെടുത്ത കായല്‍നിലങ്ങളാണിവ. ഇതില്‍ മാര്‍ത്താണ്ഡം കായലില്‍ മുടക്കമില്ലാതെ കര്‍ഷകര്‍ കൃഷിയിറക്കിവരുന്നുണ്ട്. മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പലതവണ ബണ്ടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും കര്‍ഷകരുടെ കഠിനാദ്ധ്വാനത്തില്‍ കൃഷി നടക്കുന്നു. ചിത്തിര, റാണി കായലുകളിലും സര്‍ക്കാരിന്റെ സഹകരണത്തോടെ കൃഷി മുന്നോട്ട് പോകുന്നു. പതിറ്റാണ്ടുകളായി കൃഷി മുടങ്ങിക്കിടന്ന ഈ രണ്ടു കായലുകളിലും സര്‍ക്കാരിന്റെ സഹകരണത്തോടെ പുറംബണ്ടുകള്‍ ബലപ്പെടുത്തിയാണ് കൃഷിയോഗ്യമാക്കിയത്. കായല്‍ നിലങ്ങള്‍ രണ്ട് കൃഷിചെയ്യാന്‍ അനുയോജ്യമായാല്‍ നെല്‍ക്കൃഷി മേഖലയില്‍ വന്‍ നേട്ടം കൈവരിക്കാന്‍ സാധിക്കും. 

അടുത്തകാലം വരെ സജീവമായി പലവിധ കൃഷികളുണ്ടായിരുന്ന ആര്‍.ബ്ലോക്ക് ഇപ്പോള്‍ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. കായല്‍ നിരപ്പില്‍നിന്ന് ചെളികുത്തിയുണ്ടാക്കിയ 1,540 ഏക്കര്‍ സ്ഥലമുള്‍പ്പെടുന്ന ആര്‍.ബ്ലോക്ക് കുറച്ച് വര്‍ഷങ്ങളായി കൃഷി അസാധ്യമായ അവസ്ഥയിലാണ്. ഇവിടെയുള്ള കുടുംബങ്ങള്‍ ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുകയാണ്. പഴയ പ്രതാപത്തിലേക്കു കൊണ്ടുവന്നാല്‍ ആര്‍.ബ്ലോക്കും നെല്ല് ഉള്‍പ്പെെടയുള്ള വിളകളുടെ സമൃദ്ധി സമ്മാനിക്കും. 

 

 

 

നാഴികക്കല്ലായി ഗവേഷണങ്ങള്‍

 

ജില്ലയിലെയും സംസ്ഥാനത്തെയും നെല്‍കര്‍ഷകര്‍ക്ക് പുത്തന്‍ അറിവുകളും, പുതിയ ഇനം നെല്‍വിത്തുകളും സമ്മാനിക്കുന്ന കേന്ദ്രമാണ് കുട്ടനാട്ടിലെ മങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം. സമുദ്രനിരപ്പില്‍നിന്ന് മൂന്ന് മീറ്റര്‍ താഴെവരെ കായല്‍ ജലം പമ്പ് ചെയ്തു വറ്റിച്ച് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഒരു കൃഷി മാത്രം ചെയ്തുവന്നിരുന്ന കുട്ടനാട്ടില്‍ വര്‍ഷത്തില്‍ ഒരു കൃഷി നടത്തുന്നതിനുള്ള സാധ്യതകളെപ്പറ്റി പഠനം നടത്തുന്നതിനായി 1916-ല്‍ കുട്ടനാട്ടിലെ കുപ്പപ്പുറത്ത് ഒരു ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. 

ഇവിടെ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ കുട്ടനാട്ടില്‍ വര്‍ഷം തോറുമുള്ള കൃഷി സാധ്യമാണെന്നും കണ്ടതോടെ നെല്‍ക്കൃഷി കൂടുതല്‍ വ്യാപകമാവുകയായി. വര്‍ഷംതോറുമുള്ള കൃഷി വ്യാപകമായതോടെ പ്രദേശത്തിനു യോജിച്ച വിത്തിനങ്ങളായിരുന്നു പിന്നീട് ആവശ്യം. ഇതിനുവേണ്ടി തിരുവിതാംകൂര്‍ കൃഷി വകുപ്പ് കുട്ടനാട്ടില്‍ 1940-ല്‍ ഒരു നെല്ലുഗവേഷണ കേന്ദ്രം ആരംഭിക്കുകയായിരുന്നു. അന്നുവരെ പ്രചാരത്തില്‍ ഇരുന്ന ചെട്ടിവിരിപ്പ്, കല്ലടചെമ്പാവ് എന്നീ ഇനങ്ങളില്‍നിന്നും 1945-ല്‍ ആദ്യമായി നിര്‍ദ്ധാരണത്തിലൂടെ എംഒ ഒന്ന്, എംഒ രണ്ട് എന്നീ വിത്തിനങ്ങള്‍ പുറത്തിറക്കി. എംഒ എന്നാല്‍ മങ്കൊമ്പ് ഓഫീസ് എന്നതാണ് പൂര്‍ണ്ണരൂപം. 1968-ല്‍ കുഞ്ഞിരിക്കര എന്ന നാടന്‍ നെല്ലിനത്തില്‍ നിന്ന് നിര്‍ദ്ധാരണം വഴി എംഒ മൂന്ന് എന്ന ഇനവും വികസിപ്പിച്ചെടുത്തു. ഈ നെല്ലിനങ്ങളുടെ കണ്ടുപിടുത്തം കുട്ടനാടന്‍ നെല്‍ക്കാര്‍ഷിക മേഖലയില്‍ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. പിന്നീടു വര്‍ഗസങ്കരണ പ്രക്രിയയിലൂടെ കൂടുതല്‍ ഉത്പാദന ശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണ പരിപാടികള്‍ അറുപതുകളില്‍ ആരംഭിച്ചു. 

ആദ്യപടിയായി പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഉരുത്തിരിച്ചെടുത്തതും, കീടരോഗ പ്രതിരോധ ശേഷിയിലും പ്രകാശ സംശ്ലേഷണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതും വളരെ കുറഞ്ഞ മൂപ്പുള്ളതുമായ പിടിബി 10 എന്ന ഇനവും നാടന്‍ ഇനങ്ങളായ കുഞ്ഞതിരിക്ക, തിരിഞ്ഞവെള്ള എന്നീ ഇനങ്ങളും തമ്മില്‍ വര്‍ഗ സങ്കരണം നടത്തുകയും, അതില്‍നിന്ന് ലഭിച്ച പുതിയ പരമ്പരകളെ നിരീക്ഷണ വിധേയമാക്കി തിരഞ്ഞെടുക്കുകയും ചെയ്തു. അറുപതുകളുടെ തുടക്കത്തില്‍തന്നെ നെല്ലിന് കുറിയ തണ്ടിനാധാരമായ ജീന്‍ കണ്ടെത്തി സങ്കരണത്തിലൂടെ ഈ ജീനിനെ മറ്റിനങ്ങളിലേക്ക് പകര്‍ത്തി ഉത്പാദന ക്ഷമത കൂടിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിരുന്നു. ഇങ്ങനെ വികസിപ്പിച്ചെടുത്ത ചില ഇനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍ നിന്നും ഉത്പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനായി കേരളത്തില്‍ കൊണ്ടുവന്ന് പരീക്ഷിക്കുകയും ചെയ്തു. 

ഹരിത വിപ്ലവത്തിന്റെ ചലനങ്ങള്‍ കുട്ടനാട്ടിലെത്തുന്നത് അറുപതുകളുടെ അവസാനത്തോടെയാണ്. ഈ കാലഘട്ടത്തിലാണ് ഫിലിപ്പൈന്‍സില്‍നിന്നുള്ള ഐ.ആര്‍.എട്ട് എന്ന നെല്ലിനം കുട്ടനാട്ടിലെത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.