അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

Saturday 9 June 2018 5:28 pm IST

ദുബായ്: ബാങ്ക് ചെക്ക് കേസുകളെ തുടര്‍ന്ന് അറസ്റ്റിലായി ദുബായ് ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന്  കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വഴിയൊരുങ്ങിയിരുന്നു. ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ മതിയായിരുന്നു. 

ബിജെപി സംസ്ഥാന ഘടകത്തിന് രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര സര്‍ക്കാരിനോട് രാമചന്ദ്രന്റെ മോചനത്തിലിടപെടാന്‍ അഭ്യര്‍ഥിച്ചിരുന്നു. അറ്റ്‌ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റുചെയതത്. ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലാണ് അറസ്റ്റിലായതെങ്കിലും വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി.

ഒമാനിലെ അറ്റ്‌ലസിൻ്റെ രണ്ടു ആശുപത്രികള്‍ വിറ്റു ലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഗഡു നല്‍കി ബാങ്കുകളുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് നടന്നത്. പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എസി ഗ്രൂപ്പ് ആശുപത്രികളെടുക്കാന്‍ തയാറായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രാമചന്ദ്രന്റെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമം തുടരുകയായിരുന്നു. രാമചന്ദ്രന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ യുഎഇ അധികൃതരുമായും മറ്റ് പ്രമുഖ ഇന്ത്യന്‍ പ്രവാസി വ്യവസായികളുമായി രാമചന്ദ്രന്റെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍, വൈശാലി, സുകൃതം,വാസ്തുഹാര,കൗരവര്‍, ധനം, ചകോരം,ഇന്നലെ, വെങ്കലം എന്നീ ചിത്രങ്ങള്‍ അദ്ദേഹമാണ് നിര്‍മ്മിച്ചത്. മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം,ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.