കണ്ടുപഠിക്കാൻ ഒരു കടൽ കഥ

Sunday 10 June 2018 2:32 am IST

ഇളകിമറിഞ്ഞ വടക്കന്‍ കടലിലൂടെ അതിവേഗം സഞ്ചരിക്കുകയായിരുന്നു 'ബാള്‍ട്ടിക് എയ്‌സ്' എന്ന ചരക്ക് കപ്പല്‍. ബല്‍ജിയം വഴി ഫിന്‍ലാന്റിലേക്കായിരുന്നു യാത്ര. തീരത്തുനിന്ന് സുമാര്‍ 60 കിലോമീറ്ററകലെ റോട്ടര്‍ഡാം തുറമുഖത്തിന്റെ സമീപത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്. സൈപ്രസില്‍ രജിസ്റ്റര്‍ ചെയ്ത 'കോര്‍വസ് ജെ' എന്ന കണ്ടെയ്‌നര്‍ കപ്പല്‍ ബാള്‍ട്ടിക്കില്‍ വന്നിടിച്ചു. കൃത്യം 15 മിനിറ്റ്. ബാള്‍ട്ടിക് ഏയ്‌സ് ആഴക്കടലില്‍ മറഞ്ഞു. ഒപ്പം പകുതിയോളം നാവികരും.

അഞ്ച് വര്‍ഷമായിരുന്നു കപ്പലിന്റെ പഴക്കം. കാറുകള്‍ കടത്തുന്നതിന് പ്രത്യേക രീതിയില്‍ സജ്ജീകരിച്ച ബാള്‍ട്ടിക്കില്‍ അപകടം സംഭവിച്ചപ്പോഴുണ്ടായിരുന്ന ഏതാണ്ട് 1500 കാറുകള്‍. പുതുപുത്തന്‍ മിത്‌സുബിഷി കാറുകള്‍. അപകടം നടന്നപ്പോള്‍ കപ്പലിലുണ്ടായിരുന്നത് അഞ്ചരലക്ഷം ലിറ്റര്‍ ഓയില്‍. 2012 ഡിസംബര്‍ അഞ്ചിനായിരുന്നു അപകടം.

തീരദേശത്തുള്ള ബല്‍ജിയം-ഡച്ച് സര്‍ക്കാരുകളെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഈ കപ്പലപകടം വല്ലാതെ വിഷമിപ്പിച്ചു. കാരണം കപ്പലിലുണ്ടായിരുന്ന അഞ്ചരലക്ഷം ലിറ്റര്‍ പെട്രോള്‍! അത് ലീക്ക് ചെയ്താല്‍ കടല്‍പരലും കടലോരവും അമ്പേ വിഷമയമാവും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. സമുദ്ര ജൈവ-ആവാസവ്യവസ്ഥ പാടേ തകിടം മറിയും. കപ്പല്‍ നിര്‍മിക്കാനുപയോഗിച്ച 13000 ടണ്‍ ഇരുമ്പും അനുബന്ധ വസ്തുക്കളും തുരുമ്പെടുത്ത് കടലിന് വിനയാകും. കപ്പല്‍പ്പാത തടസ്സപ്പെടാനും റോട്ടര്‍ഡാം തുറമുഖത്തിലേക്കുള്ള പ്രവേശനം തന്നെ തടസ്സപ്പെടാനും കടലിനടിയിലെ കപ്പല്‍ കാരണമാവുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഡച്ച് സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയവും വിവിധ ഏജന്‍സികളും ആ വെല്ലുവിളി ഏറ്റെടുക്കാനുറച്ചു. ആദ്യം കപ്പല്‍ കിടക്കുന്ന സ്ഥാനം വ്യക്തമായി കണ്ടെത്തി. കടല്‍ നിരപ്പില്‍നിന്ന് 35 മീറ്റര്‍ താഴ്ചയില്‍. തിരമാലകളുടെ ഉയരം ശരാശരി മൂന്നുമീറ്റര്‍. ഏപ്രില്‍-സെപ്തംബര്‍ കാലത്തു മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. ആദ്യം വേണ്ടത് കപ്പലിലെ എണ്ണ അപകടരഹിതമായി നീക്കം ചെയ്യുക എന്നത്. അതിന് തണുത്തുറഞ്ഞ എണ്ണയെ ചൂടുപിടിപ്പിക്കണം. 2010 ല്‍ ഇറ്റാലിയന്‍ ദ്വീപായ ജിഗ്ലിയോ തീരത്ത് മുങ്ങിയ കോസ്റ്റാ കോണ്‍കോര്‍ഡിയയില്‍ നിന്നും എണ്ണ എടുത്ത അതേ സംവിധാനം- 'ഹീറ്റ് ടാപ്പിങ്' ഇവിടെയും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വമ്പന്‍ ബാര്‍ജുകളില്‍ ഉറപ്പിച്ച കൂറ്റന്‍ നീരാവി യന്ത്രങ്ങളുടെ  സഹായത്തോടെയാണ് എണ്ണം സുകരമായി വലിച്ചൂറ്റി കരയിലെത്തിച്ചത്.

തൊട്ടടുത്ത വര്‍ഷം കപ്പല്‍ കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. 2015 ഏപ്രില്‍-മെയ് മാസമായിരുന്നു ആ ദൗത്യം. ഏതാണ്ട് 150 മീറ്റര്‍ നീളമുള്ള കൂറ്റന്‍ കപ്പലിനെ എട്ട് കഷണമായി വെട്ടിമുറിച്ചു. പിന്നെ ഓരോ കഷണവും കൂറ്റന്‍ ക്രെയിനുകള്‍ വലിച്ചുകയറ്റി, മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തിച്ചു. തുരുമ്പെടുത്ത ആയിരത്തിലേറെ കാറുകളും കടലില്‍ നിന്നുയര്‍ന്ന് കരയിലെത്തി. ആകെ 75 ദശലക്ഷം ഡോളര്‍ ചെലവ്. പക്ഷേ മാലിന്യത്തിന്റെ അംശം വരെ നീക്കം ചെയ്തു.

വടക്കന്‍ കടലില്‍ നടന്ന ഈ കപ്പല്‍ നിര്‍മാര്‍ജന യജ്ഞം എല്ലാ രാജ്യങ്ങള്‍ക്കും ഇന്നൊരു മാതൃകയാണ്. കാരണം കടല്‍ ശുചിയായി സൂക്ഷിക്കേണ്ടത് മനുഷ്യവര്‍ഗത്തിന്റെയാകെ ബാധ്യതയാണ്. യന്ത്രക്കപ്പലുകളുടെ കണ്ടുപിടുത്തത്തിനുശേഷം ലോകത്ത് ആയിരക്കണക്കിന് കപ്പല്‍ച്ചേതങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അവയിലെ മാലിന്യങ്ങളപ്പാടെ സമുദ്രത്തില്‍ വിലയംപ്രാപിച്ചു. എണ്ണക്കപ്പലുകള്‍ മുങ്ങിയപ്പോള്‍ കടലിലെത്തിയത് ലക്ഷക്കണക്കിന് ഗ്യാലന്‍ എണ്ണയാണ്. രണ്ട് ലോക മഹായുദ്ധങ്ങളില്‍ തകര്‍ന്നടിഞ്ഞതും നൂറുകണക്കിന് കപ്പലുകളത്രെ. അവയിലെ രാസവസ്തുക്കളും ആയുധക്കോപ്പുകളുമെല്ലാം കടലിലെത്തി. ചില കപ്പലുകളില്‍ ആണവ പദാര്‍ത്ഥങ്ങളുമുണ്ടായിരുന്നു. തകര്‍ന്ന കപ്പലുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ലെന്നതാണ് സത്യം. പക്ഷേ അവയിലെ അപകടകാരികളായ വസ്തുക്കള്‍ ആരോരുമറിയാതെ സമുദ്ര ആവാസവ്യവസ്ഥയെ കാര്‍ന്നുതിന്നുകയാണ്...

വാല്‍ക്കഷണം: ശാന്തസമുദ്രത്തിലെ വിനോദസഞ്ചാരകേന്ദ്രമായ മൈക്രോനേഷ്യ എന്ന ചെറുദ്വീപിനു ചുറ്റും മുങ്ങിക്കിടക്കുന്നത് 50 യുദ്ധക്കപ്പലുകളെന്ന് നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ കണക്ക്. ആറ് പതിറ്റാണ്ടായി അവ മാലിന്യങ്ങളും എണ്ണയും പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ചിലത് ഇപ്പോഴും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടത്രെ. യുദ്ധകാലത്ത് അമേരിക്കന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത ജപ്പാന്റെ 'ഹോയോ മാരോ' എന്ന എണ്ണ ടാങ്കര്‍ ഇപ്പോള്‍ കിടക്കുന്നത് അത്യപൂര്‍വമായ 200 ഇനം മത്സ്യങ്ങളുടെയും കടലാമകളുടെയും പ്രജനന കേന്ദ്രത്തില്‍...

ഡോ അനിൽകുമാർ വടവാതൂർ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.