അറ്റ്‌ലസ് മോചിതനായത് ഒരാഴ്ചമുമ്പ്; സഹായിച്ചത് കേരള ബിജെപി

Saturday 9 June 2018 6:37 pm IST

കൊച്ചി: ചെക്കു കേസുകള്‍ തീര്‍ന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ മോചിതനായത് കഴിഞ്ഞയാഴ്ച. രാമചന്ദ്രന്റെ മോചനത്തിന് സഹായകമായത് കേരള ബിജെപിയുടെ ഇടപെടല്‍. ദുബായിലെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ തീര്‍ത്തുകഴിഞ്ഞേ കേരളത്തിലേക്ക് അദ്ദേഹത്തിന് വരാനാകൂ. 22 ബാങ്കുകള്‍ക്കായി 1000 കോടിയോളം രൂപയുടെ ധനകാര്യ ഇടപാടുകളാണ് രാമചന്ദ്രന് ഉണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ജയില്‍മോചിതനായതെന്നും അതിനുശേഷം ആദ്യം കണ്ട് നന്ദിയറിയിച്ചത് കേരളത്തിലെ ബിജെപിയ്ക്കും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനുമായിരുന്നുവെന്ന് ബിജെപിയുടെ എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍ പറഞ്ഞു. 'കഴിഞ്ഞയാഴ്ചയാണ് മോചിതനായത്. ഞാങ്ങള്‍തമ്മില്‍ കൂടിക്കണ്ടു. അദ്ദേഹം മോദി സര്‍ക്കാരിന് നന്ദി പറഞ്ഞു. കേരള ബിജെപിക്ക് നന്ദി അറിയിച്ചു. ഞായറാഴ്ച ജയില്‍മോചനം സംബന്ധിച്ച് മാധ്യമങ്ങളോട് സംയുക്തമായി സംസാരിക്കാമെന്ന് അറിയിച്ചിരുന്നതാണ്,'' ഹരി പറഞ്ഞു.

അദ്ദേഹം പല വാതിലുംമുട്ടി. പിണറായി സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അപേക്ഷിച്ചു. പക്ഷേ ഒന്നും ചെയ്തില്ല. നിരാശനായപ്പേഴാണ് കേരള ബിജെപി വഴി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് മോചനക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് എന്‍ആര്‍ഐ സെല്ലിനെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തി. 

കേരള ബിജെപിക്കു വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ഔദ്യോഗിക നടപടികള്‍ക്ക് ആക്കം കൂട്ടി. അതിനിടെ ബിജെപി നേതാവ് രാം മാധവ് ദുബായിലെത്തിയപ്പോള്‍ ഇന്ദു രാമചന്ദ്രനും ബന്ധുക്കളും സന്ദര്‍ശിച്ച് തുടര്‍നടപികള്‍ വേഗത്തിലാക്കി. ബാങ്കുകളുമായുള്ള കേസുകളില്‍ തീര്‍പ്പാക്കിക്കഴിഞ്ഞപ്പോള്‍ ചില വ്യക്തികളുമായുള്ള ചെക്ക് ഇടപാടുകളും തീര്‍ക്കേണ്ടതുണ്ടായി. ഒരു വര്‍ഷത്തോളം ഇതിനെല്ലാമായി വേണ്ടിവന്നു. ഇതെല്ലാം പൂര്‍ത്തിയായതോടെയാണ് മോചനം സാധ്യമായത്. 

അറ്റ്‌ലസിന്, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്ത് ദുബായ് പോലീസിന്റെ ക്ലിയറന്‍സ് കിട്ടിയാല്‍ കേരളത്തില്‍ വരാം. ഇതിന് മൂന്നു മാസം പരമാവധി വേണ്ടിവരും. അടുത്ത ഒാണം നാട്ടില്‍ ആഘോഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റുചെയതത്. ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലാണ് അറസ്റ്റിലായതെങ്കിലും വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.