പൊതുസ്ഥലങ്ങളില്‍ പോലീസിന്റെ ദൃശ്യത വര്‍ധിപ്പിക്കാന്‍ നിര്‍േദശം

Sunday 10 June 2018 2:37 am IST

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളില്‍ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പൊതുസ്ഥലങ്ങളില്‍ പോലീസിന്റെ ദൃശ്യത വര്‍ധിപ്പിക്കണമെന്ന്സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്കി.  ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഡയറക്ടീവ് പുറപ്പെടുവിപ്പിച്ചു. കാല്‍ നടയായുള്ള പട്രോളിങ്, മോട്ടോര്‍ സൈക്കിള്‍ പട്രോളിങ്, ജീപ്പ് പട്രോളിങ് തുടങ്ങിയവ കൂടുതല്‍ ഫലപ്രദമാക്കണം. 

 ജനങ്ങള്‍ ധാരാളം ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കൂടുതലായും പകല്‍ സമയങ്ങളില്‍ രണ്ടംഗങ്ങളുള്ള  ടീമുകളെ ഉപയോഗിച്ച് ഫുട് പട്രോളിങും നടത്തണം. പട്ടണ പ്രദേശങ്ങളില്‍ രാത്രികാല ഫുട് പട്രോളിങ്  മറ്റ് പട്രോളിങ്ങിനൊപ്പമാവണം നടത്തേണ്ടത്. പ്രശ്‌നബാധിതമാകാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ധാരണയുണ്ടാകണം. പരമാവധി എട്ട് മണിക്കൂറാണ് ഒരു ഡ്രൈവര്‍ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന ജീപ്പ് പട്രോള്‍ സംഘത്തിന്റെ ഡ്യുട്ടി സമയം. കൂടുതല്‍ സമയം വേണ്ടതുണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണം. 

ഗതാഗത നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലുള്ള സുരക്ഷ എന്നിവയ്ക്കും മതിയായ പോലീസ് സംഘത്തെ നിയോഗിക്കണം. നഗര പ്രദേശങ്ങളില്‍ വേണ്ടത്ര അംഗബലമുള്ള  മൊബൈല്‍ പട്രോളിങ്, ബൈക്ക് പട്രോള്‍ എന്നിവയെ ടേണ്‍ അടിസ്ഥാനത്തില്‍ നിയോഗിക്കണം. ട്രാഫിക്ക് പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഏആര്‍ ക്യാമ്പുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇതിനാവശ്യമായ അധിക പോലീസിനെ നിയോഗിക്കണം.

ഹൈവേ പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമേയാണ് മുന്‍ സൂചിപ്പിച്ച പട്രോള്‍ സംഘങ്ങളും പ്രവര്‍ത്തിക്കേണ്ടത്. ഇവയൊക്കെ ഏകോപിപ്പിച്ചുള്ള ഒരു പ്രവര്‍ത്തന പദ്ധതി മേലുദ്യോഗസ്ഥര്‍ തയ്യാറാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.