പ്രണബ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കാം: ശിവസേന

Sunday 10 June 2018 2:40 am IST

മുംബൈ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സമവായ പ്രധാനമന്ത്രിയായി പരിഗണിച്ചേക്കാമെന്ന അഭിപ്രായപ്രകടനവുമായി ശിവസേന. നാഗ്പൂരില്‍ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തതിനെക്കുറിച്ച് മുഖപത്രമായ സാംമ്‌നയിലൂടെ പ്രതികരിക്കുകയായിരുന്നു ശിവസേന.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെ ഒരിക്കല്‍പ്പോലും ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിമര്‍ശനവും ശിവസേന പ്രകടിപ്പിച്ചു. പ്രണബിനെ ആര്‍എസ്എസ് ക്ഷണിച്ചപ്പോള്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ്സിനെ മുഖപ്രസംഗം പരിഹസിച്ചു. നെഹ്‌റുവിന്റെ ആദര്‍ശങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പ്രധാനപ്പെട്ട പരിപാടിയിലെ മുഖ്യാതിഥിയായി ആര്‍എസ്എസ് തെരഞ്ഞെടുത്തതില്‍ ശിവസേന അത്ഭുതം രേഖപ്പെടുത്തി. 

പ്രണബിന്റെ സന്ദര്‍ശനത്തെ അടുത്ത തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താമെന്നാവും ആര്‍എസ്എസ് കരുതുന്നത്. എന്നാല്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ സമവായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രണബിന്റെ പേര് ഉയര്‍ന്നു വന്നേക്കാമെന്നാണ് ദല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ കേള്‍ക്കുന്ന വര്‍ത്തമാനമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ അടിയുറച്ചു നിന്ന ബാല്‍ താക്കറെയെ ആര്‍എസ്എസ് അകറ്റി നിര്‍ത്തിയെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ആര്‍എസ്എസ് അവരുടെ പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ബാല്‍ താക്കറെയെ വിളിച്ചിട്ടില്ല. വീര സവര്‍ക്കറെപ്പോലെ വിശാല ഹിന്ദുത്വത്തിനായാണ് ബാല്‍ താക്കറെയും നിലകൊണ്ടത്. അതുകൊണ്ടായിരിക്കാം അദ്ദേഹത്തെ അകറ്റിനിര്‍ത്തിയത്, മുഖപ്രസംഗത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.