മന്ത്രിയുടെ കമ്പനി വാങ്ങിയ കരിമ്പിന്റെ പണം നല്‍കിയില്ല; കര്‍ണാടകയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Sunday 10 June 2018 2:40 am IST

ബെംഗളൂരു: കുമാരസ്വാമി മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ കമ്പനിയിലേക്ക് വാങ്ങിയ കരിമ്പിന്റെ പണം മൂന്നു വര്‍ഷമായി നല്‍കാത്തതിനെ തുടര്‍ന്ന് കടക്കെണിയിലായ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. 

ബളഗാവി താലൂക്കില്‍ വീരന്‍പ്പന്‍കോപ്പ് വില്ലേജിലെ ചിന്നപ്പ ഗംഗപ്പ (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വിഷം കഴിച്ചത്. വില്ലേജിലെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിന്നപ്പ വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

വില്ലേജിലെ പ്രധാന കരിമ്പ് കര്‍ഷകരില്‍ ഒരാളായിരുന്നു ചിന്നപ്പ. ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈരെബാഗേവാഡി ശാഖയില്‍ നിന്ന് കൃഷി ചെയ്യാന്‍ എട്ട് ലക്ഷം രൂപ എടുത്തിരുന്നു. ഇതോടൊപ്പം കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ ലോണ്‍ എടുത്ത് ഒരു ടാക്ടര്‍ വാങ്ങിയിരുന്നു. 

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഹിരെനന്ദി സൗഭാഗ്യ ലക്ഷ്മി പഞ്ചസാര ഫാക്ടറി കരിമ്പ് വാങ്ങിയ ഇനത്തില്‍ മൂന്ന് വര്‍ഷത്തെ പണം നല്‍കാനുണ്ട്.  ഈ വര്‍ഷം മാത്രം നല്‍കാനുള്ളത് 1,30,000 രൂപയാണ്. ഇതോടൊപ്പം ഇവിടെ തന്നെയുള്ള മാലപ്രഭ എന്ന പഞ്ചസാര ഫാക്ടറിയില്‍ നിന്നും പണം ലഭിക്കാനുണ്ട്. ഇവര്‍ ഈ വര്‍ഷം മാത്രം 50,000 രൂപയാണ് നല്‍കാനുള്ളത്. 

നിരവധി തവണ ഫാക്ടറികളില്‍ എത്തി പണം ആവശ്യപ്പെങ്കിലും നല്‍കിയില്ല. ഇതോടെ വായ്പ അടവ് മുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിന്നപ്പ ഏറെ ദുഖിതനും അസ്വസ്ഥനുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.  വ്യാഴാഴ്ച വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈരെബാഗേവാഡി പോലീസ് കേസെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.