കോഴി കര്‍ഷകരെ വഴിയാധാരമാക്കി കെപ്‌കോ; പ്രതിഷേധമുയരുന്നു

Sunday 10 June 2018 2:40 am IST

ആലപ്പുഴ: മാരാരിക്കുളത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച പതിനായിരക്കണക്കിന് കോഴി മുട്ടകള്‍ നശിക്കാനിടയാക്കിയത് കെപ്‌കോയുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം. സംഭവം സിപിഎം, സിപിഐ തര്‍ക്കമായി മാറുന്നു. 

 മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെ 'മുട്ടഗ്രാമം' പദ്ധതി പ്രകാരം ഉല്‍പാദിപ്പിച്ച നാടന്‍ കോഴി മുട്ടകളാണ് വാങ്ങാനാളില്ലാതെ നശിക്കുന്നത്. കഞ്ഞിക്കുഴി ജങ്ഷന് സമീപം പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള വില്‍പ്പന കേന്ദ്രത്തില്‍ ആയിരക്കണക്കിന് മുട്ടയാണ് ചീഞ്ഞുനശിച്ചത്. അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ മുട്ട കൂട്ടത്തോടെ കുഴിച്ചു മൂടുകയായിരുന്നു.

കുടുംബശ്രീ യൂണിറ്റുകള്‍ വഴിയും സന്നദ്ധ, സാമുദായിക സംഘടനകള്‍ മുഖേനയും 190 ഓളം കുടുംബങ്ങളാണ് മുട്ടഗ്രാമം പദ്ധതി പ്രകാരം കോഴി വളര്‍ത്തല്‍ തുടങ്ങിയത്. സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കോഴി വളര്‍ത്തല്‍ ആരംഭിച്ചത്. കര്‍ഷകരില്‍ നിന്ന് മുട്ട ശേഖരിച്ച് വില്‍പ്പന നടത്താന്‍ വില്‍പ്പന കേന്ദ്രവും തുടങ്ങിയിരുന്നു.

 ദിനവും 9,500 മുട്ടകളാണ് വില്‍പ്പന കേന്ദ്രത്തില്‍ ലഭിച്ചിരുന്നത്. നാലേ മുക്കാല്‍ രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് ശേഖരിച്ചിരുന്ന മുട്ട അഞ്ചര രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്. മാസത്തില്‍ രണ്ട് തവണ കെപ്‌കോയും മുട്ട സംഭരിച്ചിരുന്നു. 25,000 മുട്ടകള്‍ വീതമാണ് കെപ്‌കോ വാങ്ങിയിരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കെപ്‌കോ വാങ്ങുന്ന മുട്ടകള്‍ പതിനായിരമായി കുറച്ചു. 

 ഇതോടെ 25,000 ഓളം മുട്ടകളാണ് ചീഞ്ഞ് നശിച്ചത്. കര്‍ഷകരെ കബളിപ്പിച്ച കെപ്‌കോ നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഡി. പ്രിയേഷ് കുമാര്‍ ആവശ്യപ്പെട്ടു. സിപിഐ നേതാവ് ചിഞ്ചുറാണിയാണ് കെപ്‌കോ ചെയര്‍പേഴ്‌സണ്‍. കെപ്കോയെ പലതവണ സമീപിച്ചെങ്കിലും മുട്ട സംഭരിക്കാനാകില്ലെന്നായിരുന്നു നിലപാടെന്നും പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു. ഇതോടെ സംഭവം സിപിഎം, സിപിഐ തര്‍ക്കമായി മാറുകയാണ്. 

 കെപ്‌കോ വാക്ക് പാലിച്ചില്ലെങ്കിലും കര്‍ഷകരെ സംരക്ഷിക്കാന്‍ പഞ്ചായത്ത് നടപടി തുടങ്ങി. സമീപപ്രദേശങ്ങളിലെ പതിനാറ് സ്‌കൂളുകള്‍ മാരാരിക്കുളം മുട്ട വാങ്ങാന്‍ തയാറായി.  കേരള പൗള്‍ട്രി അസോസിയേഷനും സഹായവുമായി എത്തിയിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പും മുട്ട സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതിമാസം രണ്ടര ലക്ഷത്തോളം മുട്ടകളാണ് ഇവിടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നത്. യഥാസമയം വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് സംഭവിക്കുക. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കെപ്‌കോ അലംഭാവം കാട്ടുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.