തിരുവല്ല സീറ്റ് നല്‍കി അനുനയ ശ്രമം: കുര്യന്‍ സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

Sunday 10 June 2018 2:42 am IST

എസ്. അഭിജിത്ത്

മാവേലിക്കര: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ. കുര്യനെ അനുനയിപ്പിക്കാന്‍ നീക്കവുമായി  കോണ്‍ഗ്രസ് നേതൃത്വം.  ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടഞ്ഞതോടെയാണ് അനുരഞ്ജനവുമായി പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ ശരത്ചന്ദ്രപ്രസാദ്, പന്തളം സുധാകരന്‍ എന്നിവര്‍ കുര്യനുമായി ചര്‍ച്ച നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുര്യനുമായി ഇക്കാര്യം സംസാരിച്ചെന്നാണ് സൂചന.

 രാഷ്ട്രീയത്തില്‍ കുര്യന്‍ സജീവമാകണമെന്നും അത്തരം സാധ്യതകള്‍ തെളിഞ്ഞ് വന്നാല്‍ തിരുവല്ലാ നിയോജകമണ്ഡലം കോണ്‍ഗ്രസ് എടുത്ത് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ ഇവിടം വെച്ചുമാറാനാണ് നീക്കം. എന്നാല്‍ വിഷയത്തില്‍ കുര്യന്‍ തീരുമാനം അറിയിച്ചിട്ടില്ല.

  രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കി കുര്യന് അവസരം നിഷേധിച്ചതില്‍ പ്രമുഖ ക്രൈസ്തവ സഭയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുര്യനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചത്. പരമ്പരാഗത യുഡിഎഫ് സ്വാധീന മേഖലയായ തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസിലെ പടലപിണക്കങ്ങളാണ് കഴിഞ്ഞ മൂന്ന് തവണയും പിന്നോട്ടടിച്ചത്.

കുര്യന്‍ സ്ഥാനാര്‍ഥിയായി വന്നാല്‍ മാര്‍ത്തോമ, ഓര്‍ത്തഡോക്സ് സഭകളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ച് മാണിക്കും എതിര്‍ അഭിപ്രായമില്ലെന്നാണ് സൂചന. എന്നാല്‍ പകരം ഏത് സീറ്റു നല്‍കുമെന്നതും ധാരണയായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.