കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് ഓടിത്തുടങ്ങി

Sunday 10 June 2018 2:42 am IST

തിരുവനന്തപുരം: കൊച്ചുവേളി  മംഗലാപുരം അന്ത്യോദയ  എക്‌സ്പ്രസ്സ്  കന്നി യാത്ര നടത്തി. കൊച്ചുവേളി  റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര റെയില്‍വേ  സഹ മന്ത്രി  രാജന്‍ ഗൊഹൈനും ടൂറിസം സഹ മന്ത്രി  അല്‍ഫോണ്‍സ് കണ്ണന്താനവും കൂടി ഫ്‌ലാഗ് ഓഫ് ചെയ്തു.  റെയില്‍വേയുടെ നവോത്ഥാനത്തിന് തുടക്കമിട്ടാണ് അന്ത്യോദയയുടെ ആദ്യ  യാത്ര.  രാവിലെ  പത്തര മണിയോടെയാണ്  അന്ത്യോദയ  എക്‌സ്പ്രസ് കൊച്ചുവേളിയില്‍ നിന്നും ഇരുപത്തഞ്ച് യാത്രികരേയും കൊണ്ട്  യാത തിരിച്ചത്. 

അത്യാധുനിക സൗകര്യങ്ങളോടുകൂടി ജനറല്‍  കോച്ചുകള്‍ മാത്രമുളള അന്ത്യോദയ്ക്ക് മുന്‍ കൂട്ടിയുളള ബുക്കിംഗ് ഇല്ല. അതുകൊണ്ട് തന്നെ തലസ്ഥാനത്ത് നിന്നും മലബാറിലേയ്ക്കുളള യാത്രാ ക്ലേശത്തിന്  അന്ത്യോദയ  എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് സഹായകരമായി മാറും. നാല് വര്‍ഷം മുമ്പ് അനുവദിച്ച തിരുവന്തപുരം ബാംഗ്‌ളൂര്‍ എക്‌സ്പ്രസ് നടപ്പിലാക്കുന്നതില്‍ പ്രതിസന്ധികളാണുള്ളത്. കൂടുതല്‍  തീവണ്ടികള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യം ബെംഗളൂരു റെയില്‍വേ  സ്റ്റേഷനില്ല. അതുകൊണ്ട് ബെംഗളൂരു സിറ്റിക്ക് പകരം യശ്വന്ത്പൂര്‍ വരെ ദൂരം ചുരുക്കി തീവണ്ടി അനുവദിക്കുമെന്ന്  മന്ത്രി  രാജന്‍ ഗൊഹൈന്‍ പറഞ്ഞു.  

 എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍,  സി.പി. നാരായണന്‍ എം.പി, മന്ത്രി കടകംപളളി സുരേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന ട്രഷറര്‍ ശ്യാകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സതേണ്‍ റെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.കെ. മിശ്ര, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഹിമ സിജി, ഷിരീഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ സംസാരിച്ചു.

മംഗലാപുരം - കൊച്ചവേളി അന്ത്യോദയയില്‍ 18 കോച്ചുകളുണ്ട്. ആധുനിക എല്‍.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിര്‍മ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജിംഗ്, ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകള്‍ക്ക് പകരം നീളത്തിലുള്ള കുഷ്യന്‍ ബെഞ്ച് സീറ്റുകളാണ്.

കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കൊല്ലത്ത് മൂന്ന് മിനിട്ടും തൃശൂരില്‍ രണ്ടു മിനിട്ടും ഷൊര്‍ണൂരില്‍ പത്തു മിനിട്ടും മറ്റ് സ്റ്റേഷനുകളില്‍ അഞ്ച് മിനിട്ട് വീതവും സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 16355/16356. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തും.ആര്‍. സി.സിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയ്‌ക്കെത്തുന്ന മലബാറില്‍ നിന്നുള്ളവര്‍ക്കും ബുക്ക് ചെയ്യാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ട്രെയിന്‍ ഏറെ ഗുണകരമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.