രാജസസ്വഭാവികളുടെയും താമസസ്വഭാവികളുടെയും ആസുരധര്‍മ്മം പ്രതിപാദിക്കുന്നു

Sunday 10 June 2018 2:47 am IST

(17-ല്‍ 5, 6 ശ്ലോകങ്ങള്‍)

രാജസസ്വഭാവികളും താമസസ്വഭാവികളുമാണെങ്കിലും ചില മനുഷ്യര്‍ കഴിഞ്ഞ ജന്മത്തിലെ പുണ്യകര്‍മ്മങ്ങളുടെ ഫലമായി ഈ ജന്മത്തില്‍, സാത്ത്വിക സ്വഭാവികളായിത്തീരുകയും, വേദാദിശാസ്ത്രവിധി പ്രകാരം തന്നെ, സ്വര്‍ഗസുഖം മുതലായവ ആഗ്രഹിക്കാതെ തന്നെ, യജ്ഞങ്ങളും പൂജകളും തപസ്സും അനുഷ്ഠിക്കുന്നതായി കണ്ടേക്കാം. അത്തരക്കാര്‍ ദുര്‍ല്ലഭമാണ്. ''ആയിരത്തില്‍ ഒരാളെ കണ്ടേക്കാം'' എന്ന് ശ്രീ ശങ്കരാചാര്യര്‍ പറയുന്നു-

''തത്രകശ്ചിദേവ സഹസ്രേഷുദേവപൂജാദി തത്പരഃ സത്ത്വനിഷ്‌ഠോ ഭവതി''

ദുര്‍ജന സംസര്‍ഗം കൊണ്ടും പാപകര്‍മ്മഫലം കൊണ്ടും ഒരുപാടു പേരും രാജസ-താമസ സ്വഭാവം ഉപേക്ഷിക്കാതെ തന്നെയാണ് ലൗകികവും വൈദികവുമായ കര്‍മം ചെയ്യുന്നത് എന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു-

രാജസസ്വഭാവികള്‍- ''ദംഭാഹങ്കാര സംയുക്താ''

-ദംഭാഹങ്കാരം എപ്പോഴും ഇവര്‍ പ്രകടിപ്പിക്കും. എനിക്ക് മന്ത്രങ്ങളും തന്ത്രങ്ങളും അറിയാം, വേഷം,  ഭാഷാ പ്രയോഗം ഇവയില്‍ എനിക്കു തുല്യനായിട്ട് വേറെ ആരുണ്ട്- ഈ ഭാവമാണ് ദംഭം.

അഹങ്കാരം- ഞാന്‍ നല്ല കുലത്തില്‍ ജവനിച്ചവനാണ്, എന്റെ ശീലം, വിദ്യാഭ്യാസ യോഗ്യത, ഇവയില്‍ ഞാന്‍ ഉത്കൃഷ്ടനാണ് എന്ന മനോഭാവം. ഈ രണ്ട് ദുര്‍ഗുണങ്ങളും അവരെ ഒരിക്കലും വിട്ടുപിരിയില്ല.

കാമരാഗ ബലാന്വിതാഃ

ഈ ലോകത്തിലെയും ദിവ്യലോകത്തിലെയും ദുഃഖങ്ങളെ 'കാമ'ങ്ങള്‍ എന്നു പറയുന്നു. അവ അനുഭവിക്കണമെന്ന ആഗ്രഹമാണ് 'രാഗം'. അതിനുള്ള ഇച്ഛാശക്തി, എന്തും സഹിക്കാനുള്ള കഴിവ് ഇതാണ് 'ബലം'. ഈ മൂന്നെണ്ണം അവരുടെ കൂടെപ്പിറപ്പുകളാണ്. മധ്യമന്മാരായ രാജസസ്വഭാവികളെയാണ് വിവരിച്ചത്. അധമന്മാരായ താമസസ്വഭാവികളെ പറയാം-

അവര്‍- ''അചേത സഃ- അറിവില്ലാത്തവരാണ്, വിവേകമില്ലാത്തവരാണ്, അതുകാരണം അവര്‍ക്ക് ബുദ്ധിയില്ല എന്നുതന്നെ പറയാം. രാജസസ്വഭാവികളും താമസസ്വഭാവികളും യാഗം, തപസ്സ്, പൂജ ഇവയെല്ലാം ചെയ്യുന്നതായി കണ്ട് നാം അവരെ സാത്ത്വിക സ്വഭാവികളെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്'' എന്നാല്‍ യഥാര്‍ഥാവസ്ഥ അതല്ല. പറയാം; കേള്‍ക്കൂ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.