വിദ്യാര്‍ത്ഥികളോട്

Sunday 10 June 2018 2:48 am IST
ഒരു നല്ല ജീവിതം പടുത്തുയര്‍ത്താന്‍ സഹായകമായ പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാഭ്യാസകാലം. കണക്കും സയന്‍സും ഇംഗ്ലീഷും മാത്രമല്ല അതിലും പ്രധാനപ്പെട്ട ഒട്ടേറെ പാഠങ്ങള്‍ നമുക്ക് വിദ്യാലയത്തില്‍ നിന്ന് പഠിക്കാന്‍ കഴിയും.

മക്കളേ,

 അറിയാനുള്ള ആഗ്രഹം എല്ലാവരിലും ഉï്. പിറന്നുവീഴുന്ന നിമിഷം മുതല്‍ നമ്മള്‍ അറിവുകള്‍ ശേഖരിച്ചുകൊïേയിരിക്കുന്നു. എന്നാല്‍ നല്ലതും ചീത്തയും പ്രയോജനമുള്ളതും പ്രയോജനമില്ലാത്തതും വേര്‍തിരിച്ച് ആവശ്യമുള്ള അറിവുകള്‍ സ്വീകരിക്കണം. അതിനുവേണ്ടിയാണ് വിദ്യാഭ്യാസം. സ്വഭാവസംസ്‌കരണം, കഴിവുകളുടെ പോഷണം, സാമൂഹ്യബോധമുണര്‍ത്തല്‍, ആത്മീയവികാസം എല്ലാത്തിനും ഉതകുന്നതാകണം വിദ്യാഭ്യാസം. 

   ഒരു പോര്‍ട്ടര്‍ തന്റെ തല ഭാരം ചുമക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതേ തല ഉപയോഗിച്ച് ഒരു സയന്റിസ്റ്റ് എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ അതുപോലെ അനന്തമായ ശക്തിയുണ്ട്. എന്നാല്‍ പലരും അതറിയുന്നില്ല എന്നുമാത്രം. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈ ശക്തിയെ ഉണര്‍ത്തണം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അതുതന്നെയാണ്.

   ചിലര്‍ക്ക് ചില വിഷയങ്ങളായിരിക്കും ഇഷ്ടം. മറ്റുചിലര്‍ക്ക് വേറെ ചില വിഷയങ്ങളും. ഒരു രംഗത്ത് മികവില്ലാത്തവര്‍ക്ക് മറ്റു രംഗത്ത് മികവുള്ളതായി കാണാം. എല്ലാവര്‍ക്കും ഈശ്വരന്‍ ഓരോരോ അഭിരുചികളും കഴിവുകളും നല്‍കിയിട്ടുണ്ട്. പരിശ്രമം കൊണ്ട് നമുക്ക് ആ കഴിവുകളെ ഉണര്‍ത്താനും വളര്‍ത്താനും കഴിയും. ശ്രദ്ധയും ഉത്സാഹവും ചിട്ടയും ഉണ്ടെങ്കില്‍ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല.  

   ചിട്ടയുണ്ടായാല്‍ തന്നെ ജീവിതത്തിന് ഉയര്‍ച്ചയുണ്ടാകും. നമ്മള്‍ തന്നെ അത് ഉണ്ടാക്കിയെടുക്കണം. ഒരു കത്തി വെറുതേ വച്ചിരുന്നാല്‍ അതു തുരുമ്പെടുത്തു പോകും. നിത്യവും ഉപയോഗിച്ചാല്‍ അങ്ങനെ സംഭവിക്കില്ല. അതുപോലെ നമ്മുടെ മനസ്സിനേയും നാം നിത്യവും തേച്ചുമിനുക്കണം. അതിനാണ് ചിട്ട. അപ്പോള്‍ മനസ്സിന്റെ കഴിവുകള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണാം. 

   വിദ്യാര്‍ത്ഥികള്‍ സൂര്യോദയത്തിനു മുന്‍പ് ഉണരുന്നത്~ഒരു നല്ല ശീലമാണ്. ആ സമയത്ത് അന്തരീക്ഷത്തില്‍ നല്ല തരംഗങ്ങള്‍ നിറഞ്ഞിരിക്കും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് ആയൂര്‍വ്വേദം പറയുന്നത്. പുലര്‍ച്ചെ മൂന്നുമണി മുതല്‍ അഞ്ചുമണി വരെയുള്ള സമയമാണത്. സൂര്യോദയത്തിനു മുമ്പ് ഉണരുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനും വളരെ നല്ലതാണ്.  ധ്യാനിക്കാനും പഠിക്കാനുമെല്ലാം ഏറ്റവും നല്ല സമയമാണത്. 

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കല്‍ അല്ല. വിദ്യാഭ്യാസം കൊണ്ട് പ്രധാനമായും നേടേïത് സംസ്‌കാരമാണ്.

   രാവിലെ കുളി കഴിഞ്ഞ്  പതിനഞ്ചു മിനിറ്റെങ്കിലും കുട്ടികള്‍ അര്‍ച്ചനയോ ധ്യാനമോ ചെയ്യണം. രïും ചെയ്യുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ ഒന്നുകൂടി നന്നായി പഠിക്കാന്‍ കഴിയും. ഈശ്വരാനുഗ്രഹത്താലാണല്ലോ  എല്ലാ കഴിവുകളും നമുക്ക് കിട്ടുന്നത്.  

   വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് 

അച്ഛനമ്മമാരെ നമസ്‌ക്കരിച്ചിട്ടു പോകുന്നത് ഒരു നല്ല ശീലമാണ്. 'മാതാ പിതാ ഗുരു ദൈവം' എന്നു കേട്ടിട്ടില്ലേ? ആദ്യത്തെ ഗുരു പെറ്റമ്മയാണ്. പിന്നെ അച്ഛന്‍. പിന്നെ സ്‌കൂളിലെ അദ്ധ്യാപകര്‍. മാത്രമല്ല ഈ പ്രകൃതി മുഴുവന്‍ നമുക്കു ഗുരുവാണ്. ഏറ്റവും ചെറിയ ജീവിയില്‍ നിന്നു പോലും നമുക്കു പലതും പഠിക്കാന്‍ കഴിയും. ഈ പ്രകൃതി മുഴുവന്‍ നമുക്കു പഠിക്കുവാനുള്ള പുസ്തകമാണ്. ഭാഗവതത്തില്‍ ഇരുപത്തിനാല് ഗുരുക്കന്മാരുടെ കഥ പറയുന്നുണ്ട്.. 

   എന്നാല്‍ പഠിച്ചതുകൊണ്ട് മാത്രമായില്ല. പഠിച്ചത് പ്രാവര്‍ത്തികമാക്കണം, അറിവ് അനുഭവമായിത്തീരണം. വിദ്യാഭ്യാസം ജീവിതത്തിന്റെ ഭൗതിക നിലവാരം ഉയര്‍ത്തിയാല്‍ മാത്രം പോരാ, ജീവിതത്തിന്റെ മൂല്യംകൂടി ഉയര്‍ത്തണം.                                          

ഒരു നല്ല ജീവിതം പടുത്തുയര്‍ത്താന്‍ സഹായകമായ പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാഭ്യാസകാലം. കണക്കും സയന്‍സും ഇംഗ്ലീഷും മാത്രമല്ല അതിലും പ്രധാനപ്പെട്ട ഒട്ടേറെ പാഠങ്ങള്‍ നമുക്ക് വിദ്യാലയത്തില്‍ നിന്ന് പഠിക്കാന്‍ കഴിയും. സൗഹൃദത്തിന്റെ പാഠം, പരസ്പര സഹായത്തിന്റെ പാഠം, കാരുണ്യത്തിന്റെ പാഠം, ചിട്ടയുടെ പാഠം, അനുസരണയുടെ പാഠം, മൂത്തവരെ ബഹുമാനിക്കണമെന്ന പാഠം, ക്ഷമയുടെ പാഠം, നല്ല വാക്കുകള്‍ പറയാനുള്ള പാഠം, ഭക്ഷണവും വെള്ളവുമൊക്കെ നഷ്ടപ്പെടുത്താതിരിക്കാനുള്ള പാഠം. അങ്ങനെ എത്രയെത്ര നല്ല പാഠങ്ങള്‍ നമുക്ക് പഠിക്കാം.  അദ്ധ്യാപകരില്‍നിന്നു മാത്രമല്ല കൂട്ടുകാരില്‍നിന്നും നമുക്കു പഠിക്കാം. സ്വയം ചിന്തിച്ചും പലതും പഠിക്കാന്‍ കഴിയും. വാസ്തവത്തില്‍ ജീവിതം മുഴുവന്‍ പഠിച്ചുകൊണ്ടേയിരിക്കാനുള്ള ഉത്സാഹം നമ്മള്‍ കാത്തു സൂക്ഷിക്കണം. അതാണ് ശരിയായ ജിജ്ഞാസ. 

ചെറിയ ചെറിയ പരാജയങ്ങളില്‍ നമ്മള്‍ തളര്‍ന്നു പോകരുത്. പരാജയം പോലും നമുക്കു പഠിക്കാനുള്ള പാഠമാണ്. ആ പാഠം പഠിച്ച് നമ്മള്‍ മുന്നോട്ടു പോകണം. ശ്രദ്ധയും ഉത്സാഹവും ക്ഷമയും ഉണ്ടെങ്കില്‍ ഒരിടത്തും നമുക്ക് പരാജയം ഉണ്ടാവില്ല.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.