സിബിഎസ്ഇ സ്‌കൂളില്‍ മകളെ ചേര്‍ത്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Sunday 10 June 2018 2:51 am IST

അനന്തു തലവൂര്‍

പത്തനാപുരം:  പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ മകളെ ചേര്‍ക്കാതെ സിബിഎസ്ഇ സ്‌കൂളില്‍ ചേര്‍ത്ത അധ്യാപകനെ മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തു. തലവൂര്‍ ദേവിവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും  ഭരണപക്ഷ അധ്യാപകസംഘടനാ നേതാവുമായ കെ.ഗോപകുമാറിനെതിരെയാണ് മാനേജ്‌മെന്റ് കടുത്ത നടപടി സ്വീകരിച്ചത്. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകനാണ് ഗോപകുമാര്‍. 

സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍  കുറവു വന്ന സാഹചര്യത്തില്‍ കുട്ടികളെത്തേടി മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും  പ്രദേശത്തെ വീടുകളില്‍ എത്തിയിരുന്നു. പഠിപ്പിക്കുന്ന  അധ്യാപകര്‍ ആദ്യം അവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കട്ടെ എന്നിട്ട്  തങ്ങളുടെ  മക്കളെ   അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു മിക്ക രക്ഷിതാക്കളുടേയും  നിലപാട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സ്‌കൂളില്‍ ചേര്‍ന്ന അധ്യാപകരുടെയും അനധ്യാപകരുടെയും യോഗം എല്ലാ ജീവനക്കാരും മക്കളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 

ഇതിന്റെ ഭാഗമായി മറ്റു പല വിദ്യാലയങ്ങളിലും പഠിച്ചിരുന്ന മക്കളെ ടിസി വാങ്ങി  ദേവിവിലാസം സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം അനുസരിക്കാതെ ഗോപകുമാര്‍ തുടര്‍ന്നും മകളുടെ വിദ്യാഭ്യാസം സ്വകാര്യസ്‌കൂളില്‍ തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി. പകരം താത്കാലിക അധ്യാപകനെ നിയമിച്ചതായി സ്‌കൂള്‍ മാനേജര്‍ ആര്‍.വേണുഗോപാല്‍ ജന്മഭൂമിയോട്  പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.