രാജ്യസഭാ സീറ്റിന് വാശിപിടിച്ചത് തോല്‍വി ഭയന്ന്

Sunday 10 June 2018 2:54 am IST

കോട്ടയം: കെ.എം. മാണി രാജ്യസഭാ സീറ്റിനായി അവകാശമുന്നയിച്ചത് കോട്ടയം ലോക്‌സഭാ സീറ്റിലെ ജോസ് കെ. മാണിയുടെ തോല്‍വി മുന്നില്‍കണ്ട്. കോട്ടയം ഡിസിസിയുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെ അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയാല്‍ തോല്‍ക്കുമെന്ന് മാണിക്ക് നന്നായി അറിയാം. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടത് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമായിരുന്നു. മാണിക്കും ജോസ് കെ. മാണിക്കുമെതിരെയും പ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കഴിഞ്ഞ മെയ് മാസം കോട്ടയം ഡിസിസി യോഗത്തില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു. മാണിയും മകനുമായി ഇനി ഒരുവിധത്തിലുള്ള കൂട്ടുകെട്ടും വേണ്ടെന്നാണ് അന്ന് ഡിസിസി യോഗം തീരുമാനിച്ചത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍ മാണിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് യോഗത്തില്‍ സംസാരിച്ചത്. എല്‍ഡിഎഫുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതാണ് കോണ്‍ഗ്രസ്സിനെ ഏറെ ചൊടിപ്പിച്ചത്. മാത്രമല്ല ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കെ.എം. മാണിക്കും മകന്‍ ജോസ് കെ. മാണിക്കുമെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പി.ജെ. ജോസഫിന്റെ ശക്തമായ എതിര്‍പ്പും പാര്‍ട്ടി പിളരുമെന്ന ഘട്ടവും എത്തിയതോടെയാണ് എല്‍ഡിഎഫില്‍ ചേക്കേറാനുള്ള ശ്രമം കെ.എം. മാണിയും ജോസ് കെ. മാണിയും ഉപേക്ഷിച്ചത്.

ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് നഷ്ടമുണ്ടാകുമെന്ന് മാണിക്കറിയാം. ബുദ്ധിപരമായ നീക്കത്തിലൂടെ ക്രൈസ്തവ സഭയുടെയും മുസ്ലിം ലീഗിന്റെയും സഹായത്തോടെയുമാണ് യുഡിഎഫ് പ്രവേശനത്തിനായുള്ള കരുനീക്കങ്ങള്‍ മാണി നടത്തിയത്. മാണിക്കായി ലീഗ് ശക്തമായ നിലപാട് എടുത്തതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് നല്‍കാന്‍ സമ്മതിച്ചത്.

ലഭിച്ച രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസ്സിനുള്ളില്‍ തര്‍ക്കം ഉണ്ടാകാനുള്ള സാധ്യത ശക്തമായിരുന്നു. എന്നാല്‍ തര്‍ക്കത്തിനിടയിലും പാര്‍ട്ടിയില്‍ പിന്‍ഗാമി സ്ഥാനം ജോസ് കെ. മാണിക്കാണെന്ന് ഉറപ്പിക്കാന്‍ മാണിക്കായി. ജോസ് കെ. മാണി പാര്‍ട്ടിയില്‍ പിടിമുറക്കുന്നതില്‍ പല നേതാക്കള്‍ക്കും എതിര്‍പ്പുള്ളതായാണ് വിവരം. മാണിയുടെ തന്ത്രപരമായ നീക്കത്തിലൂടെ ജോസ് കെ. മാണിക്ക് എംപി സ്ഥാനം ഉറപ്പിക്കാനും പാര്‍ട്ടിക്കുള്ളിലെ സീറ്റിനായുള്ള തര്‍ക്കം തല്‍ക്കാലം ഒഴിവാക്കാനും കഴിഞ്ഞു.

ശ്രീജിത്ത്. കെ.സി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.