ഒരുമയുടെ 'യോഗ' മന്ത്രം

Sunday 10 June 2018 3:05 am IST

''ആര്‍ഷ ഭാരതത്തിന്റെ അമൂല്യ സംഭാവനയാണ് യോഗദര്‍ശനം. യോഗ എന്നാല്‍ ചേര്‍ച്ച അല്ലെങ്കില്‍ സംയോഗം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച. യോഗ ജീവിത ചര്യയാണ്. 

ഒത്തു ചേരലാണ് യോഗ. ലോകത്തെ മുഴുവന്‍ ധര്‍മ്മത്തിന്റെയും ധാര്‍മ്മികതയുടെയും പാതയില്‍ ഒന്നാക്കാന്‍ അതിനു കഴിയും. രണ്ടുകൈകളും ചേര്‍ത്ത് 'നമസ്‌തെ' പറയുമ്പോള്‍ യോഗ മന്ത്രത്തിന്റെ സംയോജനം ഉണ്ടാകുന്നു. നാം നമസ്‌ക്കാരം പറയുമ്പോള്‍ ഒരു അഞ്ച് നിമിഷത്തേക്ക് ഏതെങ്കിലും വ്യക്തിയിലോ, പ്രവര്‍ത്തിയിലോ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നമുക്ക് അവിടെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. യോഗയിലൂടെ ലോകത്തിന്റെ പൊരുത്തം, സഹകരണം, പരസ്പര വിശ്വാസം എന്നിവ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും. 

ഭാരതത്തിലെ 135 കോടി ജനങ്ങളിലെ ചെറുപ്പക്കാരില്‍ 50% ചെറുപ്പക്കാര്‍ 25 വയസ്സിന് താഴെയാണ്. ഈ മനുഷ്യ സമ്പത്തു വേറെ ഒരു രാജ്യത്തിനും ഇല്ല. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ബലം. നമ്മള്‍ സ്വയം തിരിച്ചറിയാതെ പോകുന്ന യാഥാര്‍ഥ്യമാണിത്.  

 ഈ തലമുറയെ നേരായ രീതിയില്‍ നയിച്ച് പ്രകൃതിയേയും, യോഗയേയും, രാഷ്ട്രത്തെയും സ്‌നേഹിക്കുന്ന തലമുറയെ വാര്‍ത്തെടുത്താല്‍ രാഷ്ട്രത്തിന്റെ കരുത്തും ഇച്ഛാശക്തിയും കുതിപ്പും അത്ഭുതാവഹമായ രീതിയിലായിരിക്കും. അതു യോഗയിലൂടെ സാധിക്കും. യോഗ മനുഷ്യനെയും, പ്രകൃതിയെയും മാലിന്യ മുക്തമാക്കും. 

യോഗ വിദ്യയും പ്രകൃതി ചികിത്സയും രണ്ടാണ്. ആരോഗ്യ സംരക്ഷണ കാര്യത്തില്‍ രണ്ടും പരസ്പര പൂരകങ്ങളുമാണ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തില്‍ ഫലപ്രദമായി അനുഭവപ്പെടുന്നതാണ്. മനുഷ്യന്റെ ഏറ്റവും വലിയ ധനമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ.  

നല്ല വിചാരം, നല്ലവാക്ക്, നല്ല പ്രവൃത്തി, നിഷ്‌കാമകര്‍മ്മം, സേവന മനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും. ശക്തിയുടെ ഉറവിടം മനസ്സാണ്. മനസ്സ് ബലഹീനമായാല്‍ ശരീരം ക്ഷീണിക്കും. രാഷ്ട്രത്തിന്റെ അഭിവൃദ്ധിയും ഐശ്വര്യവും അവിടത്തെ ഇളംതലമുറയുടെ  ശാരീരികവും മാനസികവും സാന്മാര്‍ഗ്ഗികവുമായ സംസ്‌ക്കാരത്തെ ആശ്രയിച്ചായിരിക്കും.

ഏകദേശം 100 വര്‍ഷം മുമ്പ് വരെ യോഗാഭ്യാസം വനാന്തരങ്ങളിലെ മഹര്‍ഷിമാരുടെയും, മുനിമാരുടെയും, യോഗിമാരുടെയും ആശ്രമങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. പതജ്ഞലി മഹര്‍ഷിയാണ് അഭ്യാസമുറകള്‍ സമാഹരിച്ച് പഠിച്ച് ന്യൂനതകള്‍ പരിഹരിച്ച്, ശരീര ശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ യോഗസൂത്രം അഥവാ അഷ്ടാംഗയോഗം എന്ന രാജയോഗ ഗ്രന്ഥം നിര്‍മ്മിച്ചത്. 5000 മുതല്‍ 10000 വരെ വര്‍ഷത്തെ പഴക്കം യോഗയ്ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

യോഗസൂത്രത്തിന് അഷ്ടാംഗയോഗം എന്ന് പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം/പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി (8 അംഗങ്ങള്‍) ഇതില്‍ ആദ്യത്തെ 4 ശാരീരികവും മാനസികവുമായ അനുഷ്ഠാനങ്ങളും അഭ്യാസങ്ങളും, തുടര്‍ന്നുള്ള 4 എണ്ണം ആത്മീയമായ സാധനകളുമാണ്. ആദ്യത്തെ നാല് അംഗങ്ങളെ ഹഠയോഗങ്ങളെന്നും, തുടര്‍ന്നുള്ള 4 അംഗങ്ങളെ രാജയോഗമെന്നും പറയുന്നു. 

''യത് ഭാവം തത് ഭവതി'' യാതൊന്നാണോ നമ്മുടെ മനസ്സിലെ ഭാവന, സങ്കല്പം, വിചാരം, ആഗ്രഹം അതനുസരിച്ചായിരിക്കും നമ്മുടെ അനുഭവങ്ങളും സംഭവങ്ങളും. അതുകൊണ്ട് നമ്മുടെ മനസ്സില്‍ യാതൊരു അശുഭ ചിന്തകള്‍ക്കും ഇടം കൊടുക്കാതിരിക്കുക അതാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. 

വിജയത്തെപ്പറ്റി ചിന്തിക്കുക എങ്കില്‍ മാത്രമെ വിജയം കൈവരിക്കൂ. സ്വാമി വിവേകാനന്ദന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ഒരു ഉപദേശം ഇതാണ്: നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ആശയം കണ്ടെത്തുക, അതു സ്വന്തം ജീവിതമാക്കുക, അതേക്കുറിച്ചു ചിന്തിക്കുക, സ്വപ്‌നം കാണുക, ആ ആശയത്തില്‍ത്തന്നെ ജീവിക്കുക. തലച്ചോറും മസിലുകളും നാഡീവ്യൂഹവും എന്നല്ല ശരീരംമുഴുവന്‍ ആ ആശയം നിറയട്ടെ. ഓരോ ആശയത്തേയും സ്വതന്ത്രമായി വിടുക. ജീവിത വിജയത്തിലേയ്ക്കുള്ള പാത അതാണ്.  

''ലോക സമസ്താ സുവിനോ ഭവന്തു''

വി. മുരളീധരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.