ജര്‍മനി വിജയ വഴിയില്‍

Sunday 10 June 2018 3:10 am IST

മ്യൂണിക്ക്: ലോകകപ്പിന് മുമ്പൊരു വിജയമെന്ന ജര്‍മന്‍ സ്വപ്‌നം യാഥാര്‍ഥ്യമായി. അഞ്ചു മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ പോയ ജര്‍മനി അവസാന സന്നാഹ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൗദി അറേബ്യയെ പരാജയപ്പെടുത്തി. ഇനി ആത്മവിശ്വാസത്തോടെ ജര്‍മനിക്ക് കിരീടം നിലനിര്‍ത്താന്‍ റഷ്യയിലേക്ക് പറക്കാം.

സ്‌ട്രൈക്കര്‍ ടിമോ വെര്‍നറുടെ ഗോളാണ് ജര്‍മനിക്ക് അവസാന സന്നാഹ മത്സരത്തില്‍ വിജയം നേടിക്കൊടുത്തത്. മറ്റൊരു ഗോള്‍ സൗദിയുടെ സംഭാവനയായിരുന്നു. ഒമര്‍ ഹാസവിയാണ് സ്വന്തം പോസ്റ്റിലേക്ക് പന്ത് കടത്തിവിട്ടത്. ടൈസിര്‍ അല്‍ ജാസിമാണ് സൗദിക്കായി ഗോള്‍ കുറിച്ചത്.

മുഖ്യതാരങ്ങളൊക്കെ കളിക്കളത്തിലിറങ്ങിയ മത്സരത്തില്‍ ജര്‍മനിക്കായിരുന്നു മുന്‍തൂക്കം. നിരന്തരം അവര്‍ സൗദിയുടെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു. അതേസമയം ചില സമയങ്ങളില്‍ മാത്രമാണ് സൗദി ജര്‍മനിക്ക് ഭീഷണിയായത്.

എട്ടാം മിനിറ്റില്‍ തന്നെ വെര്‍ണര്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് രണ്ട് മിനിറ്റുള്ളപ്പോള്‍ സൗദി സെല്‍ഫ് ഗോള്‍ വഴങ്ങി. ഇടവേളയ്ക്ക് ജര്‍മനി 2-0 ന് മുന്നിട്ടുനിന്നു.

എണ്‍പത്തിയഞ്ചാം മിനിറ്റിലാണ് സൗദി ഒരു ഗോള്‍ മടക്കിയത്. പെനാല്‍റ്റി കിക്കിലൂടെയാണ് സൗദി ഗോള്‍ നേടിയത്. മുഹമ്മദ് അല്‍ സഹ്‌ലവിയെടുത്ത സ്‌പോട്ട് കിക്ക് ജര്‍മന്‍ ഗോളി തട്ടിതെറിപ്പിച്ചു. പക്ഷെ തിരിച്ചുവന്ന പന്ത് പിടിച്ചെടുത്ത് ടൈസിര്‍ ഗോള്‍വര കടത്തിവിട്ടു.

2002 ലെ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനി ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് സൗദിയെ പരാജയപ്പെടുത്തിയിരുന്നു.

റഷ്യയില്‍ ജര്‍മനി ഗ്രൂപ്പ് എഫിലാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ 17 ന് മെക്‌സിക്കോയെ നേരിടും. സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സൗദി അറേബ്യ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ 14 ന് ആതിഥേയരായ റഷ്യയുമായി മാറ്റുരയ്ക്കും .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.