കാലവർഷം ശക്തമായി നാലു മരണം

Sunday 10 June 2018 3:12 am IST

തിരുവനന്തപുരം: കാലവര്‍ഷത്തിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് ഇന്നലെ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടും രണ്ടുപേര്‍ മരങ്ങള്‍ കടപുഴകി വീണുമാണ് മരിച്ചത്. തെങ്ങു വീണ് തിരുവനന്തപുരത്ത് പെരുങ്കടവിള ആലത്തൂര്‍ സ്വദേശി  ദീപ(44), എടത്വ തലവടിയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, തെങ്ങ് കടപുഴകിവീണ് കോഴിക്കോട് ചാലിയം കപ്പലങ്ങാടി കുരിക്കല്‍കണ്ടിയില്‍ കദീജ(60), കാസര്‍കോഡ് അഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക് എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ വ്യാപകമായ നാശനഷ്ടവുമുണ്ടായി. ഇടുക്കി കരുത്തൊടി മേപ്പാറക്കല്‍ വീടിന് മുകളില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. കനത്തമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 പല സ്ഥലത്തും വൈദ്യുതി പോസ്റ്റുകള്‍ തകരുകയും ലൈനുകള്‍ കേടാവുകയും ചെയ്തു. ഇതുമൂലം പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് കടലുണ്ടി ലെവല്‍ക്രോസിന് സമീപം മരം വീണതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍- മംഗലാപുരം പാതയില്‍ രണ്ടര മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി. ഒട്ടേറെ ട്രെയിനുകള്‍ കോഴിക്കോട് സ്റ്റേഷനില്‍ പിടിച്ചിട്ടു. ഗതാഗതം പൂര്‍ണതോതിലാകാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. 

കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധത്തിന് പോകരുതെന്നും മറ്റിടങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്പോള്‍  ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രംഅറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.