പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് ഭീകരർക്ക് കോൺഗ്രസ് ബന്ധം

Sunday 10 June 2018 3:16 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം. ഭീമാ-കോരേഗാവില്‍ മാവോയിസ്റ്റുകള്‍ ദളിത്-മറാഠാ കലാപമുണ്ടാക്കിയത് കോണ്‍ഗ്രസ്സിന് വേണ്ടി. രാജ്യവ്യാപകമായി കൂടുതല്‍ ദളിത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് മാവോയിസ്റ്റ് നേതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നഗര മാവോയിസ്റ്റുകളില്‍നിന്നും കണ്ടെടുത്ത കത്തിലാണ് ഈ കോണ്‍ഗ്രസ് ബന്ധങ്ങള്‍ വിശദീകരിക്കുന്നത്. 

സിപിഐ (മാവോയിസ്റ്റ്) നഗര നേതാക്കള്‍ കോണ്‍ഗ്രസ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായും ദളിത് പ്രക്ഷോഭങ്ങള്‍ കൂടുതല്‍ തീവ്രതയോടെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. ഇടനിലക്കാരനായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി വഴി ആവശ്യമായ സാമ്പത്തിക, നിയമ സഹായങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണ്. ദളിത് വികാരം ബിജെപിക്കും ആര്‍എസ്എസ്സിനും എതിരാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളുയര്‍ത്തി കലാപം സൃഷ്ടിക്കണം. ഇതിലൂടെ 2019ല്‍ മോദിയെ തടയാന്‍ സാധിക്കും. ജിഗ്നേഷും ഒമര്‍ ഖാലിദും പ്രധാനപ്പെട്ട നേതാക്കളാണെന്നും മലയാളി മാവോയിസ്റ്റ് ഭീകരന്‍ റോണ വില്‍സണിന്റെ ലാപ്‌ടോപ്പില്‍നിന്നും പിടിച്ചെടുത്ത കത്തില്‍ വിശദീകരിക്കുന്നു. 

 മഹാരാഷ്ട്ര ഭീമാ-കോരേഗാവിലെ കലാപവുമായി ബന്ധപ്പെട്ടാണ് അഞ്ച് 'വൈറ്റ്‌കോളര്‍ മാവോയിസ്റ്റുക'ളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മോദിയെ വധിക്കാനുള്ള ഇവരുടെ പദ്ധതി ഇതിന് പിന്നാലെ പുറത്തുവന്നു. ഭീമാ-കോരേഗാവ് കലാപം കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് ഭീകരരും സംയുക്തമായി നടത്തിയതാണെന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് കത്തിലുള്ളത്. കലാപത്തിന് പിന്നിലെ മാവോയിസ്റ്റ് ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സംഘര്‍ഷത്തെ രാഹുല്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചു. ജിഗ്നേഷ് മേവാനിയും കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചു.

കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റ് ഭീകരരെയും ബന്ധപ്പെടുത്തുന്ന ഏജന്റാണ് ജിഗ്നേഷെന്നും വ്യക്തമായിരിക്കുകയാണ്.  മോദിയെ വധിക്കാനുള്ള പദ്ധതി പുറത്തറിഞ്ഞപ്പോള്‍ ബിജെപിയുടെ രാഷ്ട്രീയ നാടകമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. രാഷ്ട്രീയ നേട്ടത്തിനായി ദളിത് വിഭാഗങ്ങളെ കലാപത്തിലേക്ക് തള്ളിയിടുകയാണ് കോണ്‍ഗ്രസ്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.