കോൺഗ്രസ്സിലെ പ്രമുഖർ രാജിക്കൊരുങ്ങുന്നു

Sunday 10 June 2018 3:15 am IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ശവപ്പെട്ടിക്കു മേല്‍ റീത്തു സമര്‍പ്പിച്ചും കോലം കത്തിച്ചും കോണ്‍ഗ്രസ്സിലെ കലാപം തുടരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയതിന്റെ പോരില്‍ കോണ്‍ഗ്രസ്സില്‍ രൂപം കൊണ്ട പ്രതിഷേധം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

 പി.ജെ. കുര്യന്‍ ഉള്‍പ്പെടെ ചില മുതിര്‍ന്ന് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചേക്കുമെന്ന പ്രചരണം ശക്തമാണ്. പ്രൊഫ കെ.വി. തോമസ് പരസ്യമായി എതിര്‍പ്പറിയിച്ചതും കെ മുരളീധരന്‍ രായ്ക്കുരാമാനം നിലപാടു മാറ്റിയതും കെ. സുധാകരന്റെ നിലപാടും ദുസ്സൂചനയായിട്ടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. കുര്യന്‍  ബിജെപിയില്‍ ചേരുമെന്ന പ്രചാരണം കോണ്‍ഗ്രസുകാര്‍തന്നെ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല ഇന്നലെ കുര്യനെ അദ്ദേഹത്തിന്റെ വെണ്ണിക്കുളത്തെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ചര്‍ച്ചയക്കു ശേഷവും ഉമ്മന്‍ചാണ്ടിക്കെതിരെ കുര്യന്‍ ശക്തമായ വിമര്‍ശനമാണ്  ഉയര്‍ത്തിയത്. തന്റെ  രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന പി.ജെ. കുര്യന്റെ വാക്കുകള്‍ മുന്നറിയിപ്പായിട്ടാണ് വിലയിരുന്നുന്നത്.

യുവനേതാക്കള്‍ ഇന്നലെയും നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി എത്തി. സീറ്റ് വിട്ടുനല്‍കിയത് അപകടകരമായ സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുമെന്നും സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്നും ബല്‍റാം ആരോപിച്ചു. കുര്യനെതിരെ പരസ്യകലാപം ഉയര്‍ത്തിയ യുവ എംഎല്‍എമാര്‍ പോലും ഇപ്പോഴത്തെ അവസ്ഥയെ ന്യായീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതേസമയം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് കെ. മാണിക്കു വോട്ടു ചെയ്യേണ്ടി വന്നാല്‍ അതിനു തയാറാണെന്നും ബല്‍റാം പറയുന്നുണ്ട്. 

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തീരുമാനം ഔചിത്യമില്ലാത്തതെന്നു പറഞ്ഞ്  കെ.സുധാകരനും ചേരിപ്പോരില്‍ പങ്കാളിയായി. ഇപ്പോഴത്തെ കലാപം കോണ്‍ഗ്രസ്സിന് ഒട്ടും ഗുണകരമല്ലാണ് സുധാകരന്റെ വാദം.

സംസ്ഥാനത്തുടനീളം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഇന്നലെ കോണ്‍ഗ്രസ്സുകാര്‍ രംഗത്തു വന്നു. ഇരുവര്‍ക്കുമെതിരെ മുദ്യാവാക്യം വിളികള്‍ക്കു പുറമെ  ഇരുവരുടേയും കോലങ്ങളും കത്തിച്ചു. എറണാകുളം ഡിസിസി ആഫീസിനുമുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ചായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കളുടെ രാജി തുടരുകയാണ്.

രാഹുല്‍ഗാന്ധിയെ സംസ്ഥാന നേതൃത്വം തെറ്റിധരിപ്പിക്കുകയായിരുന്നു എന്ന പ്രചാരണവും നടക്കുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

 സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.