സൽമാൻ ഖാനെ വധിക്കാൻ പദ്ധതി; അധോലോക നേതാവ് അറസ്റ്റിൽ

Sunday 10 June 2018 11:58 am IST

ന്യൂദൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട അധോലോക നേതാവ് പോലീസ് പിടിയിൽ. സമ്പത്ത് നെഹ്‌റയെന്ന കൊടും കുറ്റവാളിയെ ഹരിയാന പോലീസാണ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നടനെ വധിക്കുന്നതിനുള്ള പദ്ധതി വിവരിച്ചു നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സല്‍മാന്‍ ഖാനെ വധിക്കാനായി പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി നെഹ്‌റ സമ്മതിച്ചിട്ടുണ്ട്. ലോറന്‍സ് ബിഷ്‌നോയിയുടെ അധോലോക സംഘത്തിലെ അംഗമാണ് നെഹ്‌റ. സല്‍മാന്‍ ഖാനെ വധിക്കുന്നതിന് ആവശ്യമായ പണവും ആയുധങ്ങളും നെഹറയ്ക്ക് ലഭിച്ചിരുന്നു. ആവശ്യമുള്ളപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുമാണ് നെഹ്‌റയ്ക്ക് പണം ലഭിക്കുന്നത്. ഇയാളുടെ കൂടെ ആറുപേര്‍ കൂടി ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു.

സല്‍മാന്‍ ഖാന്റെ വീടിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വീട്ടിലേക്കുള്ള വഴി മൊബൈലില്‍ ഇയാൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിനു പുറമെ സല്‍മാന്‍ ഖാനെ നിരന്തരം പിന്‍തുടരുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തിയതിനുശേഷം ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു നെഹ്‌റ പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ജനുവരിയില്‍ സല്‍മാന്‍ ഖാനു നേരെ വധഭീക്ഷണിയുണ്ടായിരുന്നു. ലോറസ് ബിഷ്‌നോയിയാണ് വധഭീക്ഷണി മുഴക്കിയത്. ജോദ്പൂരില്‍വച്ച്‌ താരത്തെ കൊലപ്പെടുത്തും എന്നുള്ളതായിരുന്നു ഭീഷണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.