കടലോര ജാഗ്രതാ സമിതികള്‍ കടലാസില്‍ ഒതുങ്ങി

Monday 11 June 2018 1:06 am IST
പോലീസ്, റവന്യു, പഞ്ചായത്ത്, ഫിഷറീസ്, തുറമുഖം, നാവികസേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ഗാര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മത്സ്യത്തൊഴിലാളി സംഘടനകളെയും സഹകരിപ്പിച്ചാണ് സമിതി പ്രവര്‍ത്തിക്കേണ്ടത്.

ആലപ്പുഴ: തീരദേശ സുരക്ഷയ്ക്കായി ആരംഭിച്ച കടലോര ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും കടലാസില്‍ ഒതുങ്ങി. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരസുരക്ഷ ഉറപ്പാക്കാന്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശ പോലീസിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കടലോര ജാഗ്രതാ സമിതികള്‍ ആരംഭിച്ചത്. 

 തീരത്തോ, കടലിലോ സംശയകരമായ കാര്യങ്ങള്‍ കണ്ടാല്‍ പോലീസിനെയും അധികൃതരെയും വിവരം അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയുമാണ്  ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ത്തീരം ഉള്ള ആലപ്പുഴ ജില്ലയില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം  നിശ്ചലമാണ്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാപോലീസ് മേധാവി കണ്‍വീനറുമായുള്ളതാണ് സമിതികള്‍.  പോലീസ്, റവന്യു, പഞ്ചായത്ത്, ഫിഷറീസ്, തുറമുഖം, നാവികസേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ഗാര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മത്സ്യത്തൊഴിലാളി സംഘടനകളെയും സഹകരിപ്പിച്ചാണ്  സമിതി പ്രവര്‍ത്തിക്കേണ്ടത്.  

 ഓരോ മാസവും താലൂക്ക് ജാഗ്രതാസമിതിയുടെ യോഗം ചേര്‍ന്ന് തീരദേശമുള്‍പ്പെടുന്ന പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നായിരുന്നു ചട്ടം. ഇതും ഇപ്പോള്‍ നടക്കുന്നില്ല. ആദ്യഘട്ടങ്ങളില്‍ ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വിവരങ്ങള്‍ കൈമാറുന്നതിന് ഫോണ്‍ ചെലവായി 200 രൂപ വീതവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തലാക്കി. ലഹരികടത്ത്, ആയുധക്കടത്ത് ഉള്‍പ്പടെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത് തീരക്കടല്‍ കേന്ദ്രീകരിച്ചാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വടക്കന്‍ കേരളത്തില്‍ മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നത് തീരദേശങ്ങളിലാണ്.

  കാലവര്‍ഷം എത്തിയതോടെ ശക്തമായ തിരമാലയുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യം തീരവാസികള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജാഗ്രതാ സമിതികളാണ് ഇക്കാര്യം നേരത്തെ ചെയ്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.