പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Monday 11 June 2018 1:10 am IST

കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സന്ദേശങ്ങള്‍ പങ്കുവെച്ച പോലീസുകാര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണം നിലച്ച മട്ടില്‍. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം പോലും മുഖവിലയ്‌ക്കെടുത്തില്ല. തെളിവെടുപ്പിന് വേണ്ടി ഉദ്യോഗസ്ഥരെ വിളിക്കുമ്പോള്‍ കൃത്യമായി എത്താറില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിയായ പോലീസുദ്യോഗസ്ഥരുടെ നീക്കമാണെന്നാണ് സംശയം. 

തൃശൂര്‍ പോലീസ് അക്കാദമിയിലെ വാട്‌സ് ആപ്പ് ഗ്രൂപ്പായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെയും എറണാകുളത്തെ പോലീസുകാരുടെ ഗ്രൂപ്പായ, എറണാകുളം പോലീസ് ക്ലബിലൂടെയുമാണ് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നത്. 

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളില്‍ രാജ്യദ്രോഹപരമായ സന്ദേശങ്ങള്‍ പോലും പങ്കുവെച്ചിട്ടും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്. പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിലാണ് പലപ്പോഴായി രാജ്യത്തിന് എതിരായുള്ള സന്ദേശങ്ങള്‍ പോലും പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ ഡിജിപിക്കും ഇന്റലിജന്‍സ് മേധാവിക്കും തൃശൂര്‍ പോലീസ് അക്കാദമി ഡയറക്ടര്‍ക്കും യുവമോര്‍ച്ച നേതാവായ അഡ്വ.എ.സി.രാംലാല്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

മൂന്ന് മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡിജിപി ഉത്തരവിട്ട അന്വേഷണം അട്ടിമറിച്ച നിലയിലാണ്. അസോസിയേഷന്‍ നേതാക്കളായതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തൃശൂരിലെ പോലീസ് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ട്രോള്‍ പങ്കുവെച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ സസ്‌പെന്‍ഷന്‍ നല്‍കിയ സംഭവം ഉണ്ടായിരുന്നു. എന്നാല്‍ രാജ്യസുരക്ഷയെ പോലും പരിഹസിച്ചുകൊണ്ട് സന്ദേശങ്ങള്‍ പങ്കുവെച്ച പോലീസുകാരെ സംരക്ഷിക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.