മോദിയെ ചെറുക്കാന്‍ ' മാവോയിസ്റ്റ് - കോണ്‍ഗ്രസ് ' സഖ്യം

Monday 11 June 2018 1:16 am IST
രാജ്യത്ത് കലാപമുണ്ടാക്കിയാലേ ബിജെപിയെ തളര്‍ത്താന്‍ കഴിയൂ എന്നും അതിനായി ദളിതുകളെ വഴിതെറ്റിക്കണം എന്നും പറഞ്ഞപ്പോള്‍ രാഹുല്‍ അതിന് പണവുമായിറങ്ങി. ഇതിനായി കൂട്ടുകെട്ട് ഉണ്ടാക്കാവുന്നത് മാവോയിസ്റ്റുകളോടാണെന്ന് ഉപദേശിച്ചപ്പോള്‍ അതിനും തയ്യാറായി. ഇനിയിപ്പോള്‍ മോദിയെ അവസാനിപ്പിച്ചാലേ രക്ഷയുള്ളൂ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലോ....... മാവോയിസ്റ്റുകളുടെ പദ്ധതിക്ക് ഒരു ‘'കോണ്‍ഗ്രസ് കണക്ഷന്‍ ' ഉണ്ടെങ്കിലോ ...? വ്യക്തമല്ല. പക്ഷേ, അതു പുറത്തുവരിക തന്നെ ചെയ്യും.

ധികാരം നഷ്ടപ്പെട്ട ഒരു കുടുംബം ഭ്രാന്ത് പിടിച്ചതുപോലെ ഇറങ്ങിത്തിരിച്ചാലോ? ഒരു പൊതുതിരഞ്ഞെടുപ്പില്‍ വ്യക്തമായ ജനവിധി നേടിയവരെപ്പോലും ഭരിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചാലോ? അധികാരത്തില്‍ തിരിച്ചെത്താന്‍ എന്ത് വൃത്തികേടും കാണിക്കുമെന്ന് ബോധ്യപ്പെടുത്തിയാലോ? അതിനായി രാജ്യത്ത് കൂട്ടക്കൊലയും കലാപവും സംഘര്‍ഷവും, പിന്നെ മറ്റെന്തും ഏതറ്റം വരെയും നടത്താനൊരുക്കമെന്ന് കാണിച്ചുതന്നാലോ........ അതിലേറെ, വേണ്ടിവന്നാല്‍, ജനപ്രീതിയുള്ള ജനങ്ങളുടെ പ്രിയങ്കരനായ, പ്രധാനമന്ത്രിയെ വധിക്കാന്‍ വരെ പദ്ധതിയിട്ടവരുമായി ചങ്ങാത്തമുണ്ടാക്കിയെന്ന സൂചനകള്‍ പുറത്തുവന്നാലോ? 

ഇന്ത്യ എവിടേക്കാണ് പോകുന്നതെന്നത് കാണിച്ചുതരുന്നതാണ് ഇതെല്ലാം. മഹാരാഷ്ട്ര പോലീസ് ഒരു റെയ്ഡിനിടയില്‍ പുനെയില്‍ നിന്ന് കണ്ടെടുത്ത സുപ്രധാന രേഖകളും അതിനെത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ വെളിവായ വിവരങ്ങളുമാണ് ചൂണ്ടിക്കാണിച്ചത്. മാവോയിസ്റ്റ് നേതാക്കളില്‍ നിന്നാണ് ഇതൊക്കെ കണ്ടെടുത്തത്. അതിലെ ഒരു സൂചന  ചെന്നെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോലും അവര്‍ പദ്ധതിയിട്ടു എന്നാണത്രെ. 

രാജീവ് ഗാന്ധി കൊല്ലപ്പെടാനിടയായ രീതിയില്‍ 'ഓപ്പറേറ്റ് ചെയ്യാന്‍' ഒരുക്കം നടത്തിയെന്നും, അല്ലെങ്കില്‍ അങ്ങനെ ചിന്തിച്ചുവെന്നും, മോദിയുടെ റോഡ് ഷോകള്‍ അതിന് പറ്റിയ അവസരമായി കണ്ടു എന്നുമാണ് പോലീസ് നല്‍കുന്ന സൂചന. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദേശസഹായത്തോടെ പദ്ധതികള്‍ ഒരുക്കുന്നു എന്നുപറഞ്ഞ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരോധിച്ച ചില സംഘടനകളാണ് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത്. അവര്‍ക്ക് കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവരുമായുള്ള അടുപ്പവും ഇടപാടുമൊക്കെയാണ് ഏറെ ശ്രദ്ധിക്കേണ്ടത്. 

മുന്‍പ് പാക്കിസ്ഥാനില്‍ ചെന്ന് നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കളുണ്ടല്ലോ; പാക് സഹയാത്രികരായ ഹുറിയത് നേതാക്കളുടെ വീട്ടില്‍ രഹസ്യചര്‍ച്ച നടത്തിയവരുമുണ്ട്; ഗുജറാത്തില്‍ സമാനമായ രീതിയില്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്തത് മറ്റൊന്ന്.  

മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ ജനുവരി ഒന്നിന് അരങ്ങേറിയ കലാപമാണ് ഇത്തരമൊരു അന്വേഷണത്തിലേക്കും അതിന് പിന്നിലെ ശക്തികളിലേക്കും എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചത്. ഭീമാ കൊറഗണ്‍ കലാപത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. മാറാത്തികളും ദളിതരും തമ്മിലെ പ്രശ്‌നമായി വളര്‍ത്തിക്കൊണ്ടുവന്നതായിരുന്നല്ലോ ആ അക്രമവും കൊള്ളിവെപ്പും. ദളിതരില്‍ പിന്നാക്കമായ മഹര്‍ വിഭാഗക്കാരെയാണ് അതിനായി പ്രയോജനപ്പെടുത്തിയത്. ജനുവരി ഒന്നിലെ കലാപത്തിന് മുന്നോടിയായി തലേന്ന് പൂനെയില്‍ 'എല്‍ഗര്‍  പരിഷത്' (മഹാസമ്മേളനം) ചേര്‍ന്നിരുന്നു.

 ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മിവാനി, ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തു. അവിടെനിന്നാണ് ഭീമ കൊറഗണ്‍ യുദ്ധത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയെ വര്‍ഗീയ കലാപമാക്കി മാറ്റാന്‍ നിര്‍ദ്ദേശം പോയത് എന്നതാണ് പോലീസ് കണ്ടെത്തല്‍. അത് സംഘടിപ്പിച്ചത് ചില ദളിത് സംഘടനകളുടെയും  മാവോയിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളുടെയും തണലിലാണ്. അതൊരു രാഷ്ട്രീയ പദ്ധതിയായിരുന്നു എന്നും അതിന് ധനസഹായവും നിയമസഹായവും നല്‍കിയത് കോണ്‍ഗ്രസാണ് എന്നുമാണു പുറത്തുവന്നത്. ജിഗ്‌നേഷ് മിവാനി മുഖാന്തരമാണ് കോണ്‍ഗ്രസ് പണം എത്തിക്കുന്നത് എന്നും പോലീസ്  പിടിച്ചെടുത്ത രേഖകള്‍ കാണിക്കുന്നു.  

മഹാരാഷ്ട്രയില്‍ ഏതാണ്ട് മുപ്പത് ശതമാനം വോട്ടുള്ള മാറാത്ത വിഭാഗത്തിനെ ലക്ഷ്യമാക്കി സംഘടിപ്പിച്ചതായിരുന്നു ഭീമ കൊറഗണ്‍ കലാപം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മാറാത്ത വിഭാഗം കോണ്‍ഗ്രസിനെ കൈവിട്ടിരുന്നുവല്ലോ. അവരില്‍  വലിയൊരു വിഭാഗം കോണ്‍ഗ്രസിനും എന്‍സിപിക്കുമെതിരെ തിരിയുന്നതാണ് അന്ന് കണ്ടത്. മാത്രമല്ല, ദളിത് വിഭാഗങ്ങള്‍ വലിയതോതില്‍ ഈ രണ്ട് പാര്‍ട്ടികളെ വിട്ട് ബിജെപി പക്ഷത്ത്  അണിനിരക്കുകയും ചെയ്തു. 

ഇതൊക്കെ കണക്കിലെടുത്ത് അവരെ ബിജെപി വിരുദ്ധ പക്ഷത്ത് എത്തിക്കാനുള്ള നീക്കമാണ് കലാപത്തിന്റെ ആസൂത്രണത്തില്‍ എത്തിച്ചേര്‍ന്നത്. എജിഗ്‌നേഷ് മിവാനിയെയാണ് ഗുജറാത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി കോണ്‍ഗ്രസ്  ഉപയോഗിച്ചത്. അതായത് ഗുജറാത്തില്‍ തുടങ്ങി , മഹാരാഷ്ട്ര വഴി രാജ്യമെമ്പാടും കലാപമഴിച്ചുവിടാനുള്ള പദ്ധതിയാണ് പുറത്തായത്. 

രണ്ട് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളാണ് മഹാരാഷ്ട്രയിലെ കലാപത്തിന് പിന്നിലുണ്ടായിരുന്നത്. 'ഭീമ കൊറഗണ്‍ കലാപത്തിന്റെ ആസൂത്രണവും അതിന്റെ നേട്ടങ്ങളും' വിശദീകരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം സൂചിപ്പിക്കുന്നത്. ദളിതരെ മുന്നില്‍ നിര്‍ത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കലാപങ്ങള്‍ കൂടുതലായി സംഘടിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നും അതിന് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അതില്‍ വ്യക്തമാക്കുന്നു. 

യുപിഎ സര്‍ക്കാര്‍ നിരോധിച്ച മാവോവാദി  സംഘടനകളുമായാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി ഇത്തരമൊരു കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. അതിന് പണം കൊടുക്കുന്നത് കോണ്‍ഗ്രസ്. ആ രണ്ട് മാവോയിസ്റ്റ് സംഘടനാ നേതാക്കളില്‍ ഒരാള്‍ ഒരു മുന്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന്  പ്രവര്‍ത്തിച്ചിരുന്നു എന്നുള്ള സൂചനയും കാണുന്നുണ്ട്. അതില്‍ ഒരാള്‍ മലയാളിയാണ്;  അവരെല്ലാം ഇന്നിപ്പോള്‍ പോലീസിന്റെ പിടിയിലുണ്ട്. പുറത്തുവന്നതിലേറെ വിവരങ്ങള്‍ ഇതിനകം പൊലീസിന് ലഭിച്ചിരിക്കും.  

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബിജെപിക്കുണ്ടായ നേട്ടങ്ങളുടെ ചരിത്രം ഒരു മാവോയിസ്റ്റ്  സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. '15ലേറെ സംസ്ഥാനങ്ങള്‍ അവര്‍ കീഴടക്കി. ബീഹാറിലും മറ്റുമുണ്ടായ തോല്‍വിക്ക് ശേഷവും അവര്‍ മുന്നേറുകയാണ്. ഇതുപോലെ അവര്‍ മുന്നേറിയാല്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാവുമുണ്ടാവുക. മോദി ഭരണത്തിന് അറുതി വരുത്താന്‍ കൂടുതല്‍ ശക്തമായ നടപടി വേണമെന്ന് ചില സഖാക്കള്‍ പറയുന്നുണ്ട്' എന്നും പറയുന്നു. അതിനൊക്കെ ശേഷമാണ് രാജീവ് ഗാന്ധി വധത്തിന്റെ ശൈലിയില്‍ മോദിയെ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശം വെക്കുന്നത്. 

ഇവിടെയാണ് കോണ്‍ഗ്രസിന്റെ റോള്‍ സംശയാസ്പദമാവുന്നത്. വര്‍ഗീയ  കലാപമുണ്ടാക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കോണ്‍ഗ്രസ് നല്‍കിവന്ന സഹായത്തെക്കുറിച്ച് മാവോയിസ്റ്റ് സര്‍ക്കുലറില്‍ വ്യക്തതയുണ്ട്. 

ഛത്തീസ്ഗഢിലും മറ്റും മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമ്പോഴൊക്കെ കോണ്‍ഗ്രസ് അസ്വസ്ഥമാവുന്നുണ്ടായിരുന്നില്ലേ? മാവോയിസ്റ്റ് ദല്ലാള്‍ ജിഗ്‌നേഷ് മിവാനിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധവും വ്യക്തമാണ്. 2019ല്‍ ജയിക്കാനായി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത് രാജ്യം കാണുന്നുമുണ്ട്. എന്തും ത്യജിച്ചും ആരുമായും  കൂട്ടുകൂടാന്‍ തയ്യാറാണ് എന്നതാണ് അതിലൊന്ന്. 

ഒരു വ്യവസ്ഥയും നോക്കാതെ എന്തിനും തയ്യാര്‍ എന്നതാണ് കര്‍ണാടകത്തില്‍ ജെഡിഎസിന് കീഴടങ്ങിയതിലൂടെ കണ്ടത്. അതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിന് കേരളത്തിലെ രാജ്യസഭാ സീറ്റ്  നല്‍കിയത്. പിജെ കുര്യനെപ്പോലുള്ള മുതിര്‍ന്ന നേതാവിന് സീറ്റ് നിഷേധിച്ചുകൊണ്ടാണ് യുഡിഎഫിലില്ലാത്ത മാണിയെ സ്വാധീനിക്കാന്‍ രാഹുല്‍ തയ്യാറായത്. കഴിഞ്ഞ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറിനിന്നതാണ് മാണി വിഭാഗം. കേരളത്തില്‍ നിന്ന് കുറച്ച് ലോകസഭാ സീറ്റുകള്‍ നേടണമെങ്കില്‍ അതൊക്കെ വേണമെന്ന് ആരോ പറഞ്ഞപ്പോള്‍ രാഹുല്‍  വഴങ്ങി. 

അതുപോലെ രാജ്യത്ത് കലാപമുണ്ടാക്കിയാലേ ബിജെപിയെ തളര്‍ത്താന്‍ കഴിയൂ എന്നും അതിനായി ദളിതുകളെ വഴിതെറ്റിക്കണം എന്നും ആരൊക്കെയോ പറഞ്ഞപ്പോള്‍  അതിന് പണവുമായിറങ്ങി. ഇതിനായി കൂട്ടുകെട്ട് ഉണ്ടാക്കാവുന്നത് മാവോയിസ്റ്റുകള്‍ ആണെന്ന് ഉപദേശിച്ചപ്പോള്‍ അതിനും തയ്യാറായി. ഇനിയിപ്പോള്‍ മോദിയെ അവസാനിപ്പിച്ചാലേ രക്ഷയുള്ളൂ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലോ....... മാവോയിസ്റ്റുകള്‍ ഇട്ട പദ്ധതിക്ക് ഒരു 'കോണ്‍ഗ്രസ് കണക്ഷന്‍' ഉണ്ടെങ്കിലോ ......... ഇന്നിപ്പോള്‍ അത് വ്യക്തമല്ല; എന്നാലത് പുറത്തുവരിക തന്നെ ചെയ്യും. ഇത് വലിയൊരു  തീക്കളിയാണ്; അതെ, രാഹുലും പരിവാരങ്ങളും നടത്തുന്നത് തീക്കളി തന്നെ. അത് രാജ്യം ശ്രദ്ധിക്കുന്നുണ്ട് എന്നുമാത്രമേ സൂചിപ്പിക്കാനാവൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.