നാട്ടാന പരിപാലന നിയമം നടപ്പാക്കുന്നത് കര്‍ശനമാക്കണം

Monday 11 June 2018 1:19 am IST

ഉത്സവങ്ങളിലും മറ്റുമുള്ള നിലയ്ക്കാത്ത എഴുന്നള്ളിപ്പുകളും കാരണം നാട്ടാനകളുടെ ആയുസ്സ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആനയെ മെരുക്കാന്‍ നടത്തുന്ന പീഡനങ്ങള്‍ക്കുപുറമേ ഒട്ടേറെ രോഗങ്ങളും നാട്ടാനകളുടെ ആയുസ്സ് കുറയ്ക്കുന്നതായും വിദഗ്ധര്‍ പറയുന്നു. 

അതുകൊണ്ട് തന്നെ നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പല നാട്ടാനകളും ചരിഞ്ഞത് പരിപാലനത്തിലെ പോരയ്മകള്‍ കാരണമാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. ആനകള്‍ക്കു മദപ്പാടുള്ള സമയത്ത് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

                                           വിഷ്ണു, കോഴഞ്ചേരി

ജയിലുകളിലെ മാംസാഹാര നിയന്ത്രണം

ജയിലുകളിലെ മാംസാഹാര നിയന്ത്രണ നിര്‍ദ്ദേശത്തെ എതിര്‍ത്തു കൊണ്ട് പ്രസിദ്ധനായ ഒരു അലോപ്പതി ഡോക്ടര്‍ പ്രതികരിച്ചത് കണ്ടു. അദ്ദേഹം പറയുന്നത് ജയിലുകളില്‍ മാംസാഹാരം യഥേഷ്ടം നല്‍കാമെന്നും മാംസാഹാരം കഴിച്ചതുകൊണ്ട് ജയില്‍ പുള്ളികളുടെ സ്വഭാവം മോശമാകാന്‍ പോകുന്നില്ലെന്നുമാണ്. സസ്യാഹാരിയായ ഹിറ്റ്‌ലര്‍ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പക്ഷേ അലോപ്പതിയുടെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് പറഞ്ഞത് 'മനുഷ്യന്‍ എന്താണോ ഭക്ഷിക്കുന്നത്, അതാണവന്‍ എന്നാണ്. ഇതില്‍ നമ്മള്‍ ഏതാണ് വിശ്വസിക്കേണ്ടത്. ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. മനുഷ്യ സ്വഭാവത്തെ പൊതുവേ മൂന്നായി തിരിച്ചിരിക്കുന്നു. സത്വഗുണം, രജോഗുണം, തമോഗുണം. അതുപോലെ ഭക്ഷണത്തെയും മൂന്നായി തിരിക്കാം സത്വഗുണ പ്രധാനം, 

രജോഗുണ പ്രധാനം, തമോഗുണ പ്രധാനം. ഇതില്‍ മാംസാഹാരം തമോഗുണ പ്രധാനമാണെന്നും അതുകൊണ്ട് തന്നെ ഈ ഭക്ഷണം ശീലമാക്കിയവരില്‍ ക്രിമിനല്‍ വാസന കൂടുതലാണെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയായാലും തെരഞ്ഞെടുക്കപ്പെട്ട ചില ജയിലുകളിലെങ്കിലും സസ്യാഹാരം മാത്രം നല്‍കുകയും യോഗ പരിശീലനം നിര്‍ബന്ധമാക്കുകയും ചെയ്ത് ഒരു പഠനം നടത്തി ഇക്കാര്യം തെളിയിച്ചു നോക്കണം. 

                                 കെ. വി. സുഗതന്‍, എരമല്ലൂര്‍

അമേരിക്കന്‍ പ്രോട്ടീന്‍!

മദ്യാസക്തിക്ക് കാരണമായ തലച്ചോറിലെ പ്രോട്ടീന്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച് മദ്യാസക്തിയില്‍ നിന്ന് മോചനം നേടാം.

സംഗതി കൊള്ളാം, പക്ഷെ അമേരിക്കയില്‍ തന്നെ വെച്ചാല്‍ മതി, ഇങ്ങോട്ടെടുക്കരുത്. സംസ്ഥാന സര്‍ക്കാര്‍ തന്നെ പിഴച്ചു പോകുന്നതു മദ്യപര്‍ മനസ്സറിഞ്ഞ് സഹായിക്കുന്നതു കൊണ്ടാണ്.

                                      കെ.എ. സോളമന്‍, എസ്.എല്‍. പുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.