കോണ്‍ഗ്രസ്സിലെ കലാപം

Monday 11 June 2018 1:20 am IST
യുവനേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി എത്തി. സീറ്റ് വിട്ടുനല്‍കിയത് അപകടകരമായ സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുമെന്നും സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്നും ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്.

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യ സ്വത്തല്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയില്‍ എന്തുനടക്കുന്നു എന്നറിയാനും അഭിപ്രായം പറയാനും സമൂഹത്തിന് ബാധ്യതയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ കോണ്‍ഗ്രസ് അണികളെ മാത്രമല്ല സമൂഹത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഒരു രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് ദാനം ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് ഉടലെടുത്ത കലാപം ആരംഭിച്ചിട്ടേയുള്ളൂ. വരുംദിവസങ്ങളില്‍ അത് ആളിപ്പടരുക തന്നെ ചെയ്യും. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ശവപ്പെട്ടിക്കു മേല്‍ റീത്തു സമര്‍പ്പിച്ചും കോലം കത്തിച്ചുമാണ് അണികള്‍ രോഷം പ്രകടിപ്പിച്ചത്. പി.ജെ. കുര്യന്‍ ഉള്‍പ്പെടെ ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന പ്രചരണം ശക്തമാണ്. പ്രൊഫ കെ.വി. തോമസ് പരസ്യമായി എതിര്‍പ്പറിയിച്ചതും കെ മുരളീധരന്‍ രായ്ക്കുരാമാനം നിലപാടു മാറ്റിയതും കെ. സുധാകരന്റെ നിലപാടും ദുസ്സൂചനയായിട്ടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. 

യുവനേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി എത്തി. സീറ്റ് വിട്ടുനല്‍കിയത് അപകടകരമായ സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുമെന്നും സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്നും ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. പി.ജെ. കുര്യനെതിരെ പരസ്യകലാപം ഉയര്‍ത്തിയ യുവ എംഎല്‍എമാര്‍ പോലും ഇപ്പോഴത്തെ അവസ്ഥയെ ന്യായീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പി.ജെ. കുര്യന് വീണ്ടും സീറ്റ് നല്‍കുന്നതിനെ എതിര്‍ത്ത യുവനേതാക്കള്‍ ഇപ്പോള്‍ അന്തംവിട്ടുനില്‍ക്കുകയാണ്. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ് അവസ്ഥ. ചോറിങ്ങും കൂറങ്ങും എന്ന നിലയിലായിരുന്ന കേരളാ കോണ്‍ഗ്രസ് ഗതികെട്ട നിലയിലാണ് ഒടുവില്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തിയത്. മുന്നണിയില്‍ ചേരുംമുന്‍പ് തന്നെ രാജ്യസഭാ സീറ്റ് തരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊരു ദുരവസ്ഥ ഒരുകക്ഷിക്കും ഉണ്ടായിട്ടില്ല.

 കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പോലും ഘടകകക്ഷികള്‍ കയറിക്കളിക്കുന്ന സംഭവങ്ങള്‍ നേരത്തെ പലകുറി കണ്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം കെട്ടുനാറിയ സ്ഥിതി മുമ്പെങ്ങുമുണ്ടായിട്ടില്ല. പാര്‍ട്ടി എത്രമാത്രം ദുര്‍ബലമായി എന്നതാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അണികള്‍ക്കും ജനങ്ങള്‍ക്കും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ് രാജ്യസഭാ സീറ്റ് കൈവിട്ടതിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ കഴിയാത്ത നേതൃത്വം എങ്ങനെ അണികളെ സംരക്ഷിക്കുമെന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. വര്‍ഗീയ കക്ഷികളുടെ താല്പര്യസംരക്ഷണത്തിന് നേതൃത്വം കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടത്. അത്തരം നേതൃത്വത്തിന് കീഴില്‍ നില്‍ക്കണമോ എന്ന് ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവുമുള്ള അണികള്‍ ഉറക്കെ ചിന്തിക്കണം. ജനാധിപത്യം തരിമ്പുപോലും പാലിക്കാത്ത ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയും മുസ്ലീം ലീഗടക്കമുള്ള വര്‍ഗീയ കച്ചവട രാഷ്ട്രീയക്കാര്‍ക്ക് കീഴടങ്ങുകയുമാണ് കോണ്‍ഗ്രസ്. ഇതിന് തടയിടാന്‍ അണികള്‍ തയ്യാറാകേണ്ട കാലം അതിക്രമിച്ചു. കലാപം കൊണ്ടായില്ല, ശക്തമായ നിലപാടാണ് സ്വീകരിക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.