ആര്‍എസ്എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയകറ്റാന്‍ മുസ്ലീം രാഷ്ട്രീയമഞ്ച് ഇഫ്താര്‍ ഒരുക്കുന്നു

Monday 11 June 2018 1:23 am IST

ലഖ്‌നൗ: ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ചുള്ള തെറ്റിദ്ധാരണയകറ്റാന്‍ ആര്‍എസ്എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് (എംആര്‍എം) 'ഈദ് മിലന്‍' എന്ന പേരില്‍ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കും. ദല്‍ഹി, മുംബൈ, മീററ്റ്, ഡെറാഡൂണ്‍, പൂനെ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.   

ഈ മാസം 19ന് ദല്‍ഹിയില്‍ ഒരുക്കുന്ന ഇഫ്താറില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം മുസ്ലിം പണ്ഡിതരും പങ്കെടുക്കുമെന്ന് സംഘടനയുടെ ദേശീയ കണ്‍വീനര്‍ മുഹമ്മദ്  അഫ്‌സല്‍ പറഞ്ഞു. മറ്റുരാജ്യങ്ങളില്‍ നിന്ന് അംബാസഡര്‍മാരുള്‍പ്പെടെയുള്ള അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.   ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനേയും പരിപടിയിലേക്ക് ക്ഷണിച്ചെങ്കിലും മറ്റു തിരക്കുകള്‍ കാരണം അദ്ദേഹം പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന്  മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. അതേസമയം ആര്‍എസ്എസ് നേതാവ് ഇേ്രന്ദഷ് കുമാര്‍ പങ്കെടുത്തേക്കും.    

2,000 മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനും മൊഴിചൊല്ലിയ 1,000 മുസ്ലിം സ്ത്രീകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കാനും എംആര്‍എമ്മിന് പദ്ധതിയുണ്ട്. നിലവില്‍ 1,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കായി 'ധാന്യ ബാങ്കു'കളും തുടങ്ങും. കഴിഞ്ഞ വര്‍ഷത്തെ ഇഫ്താര്‍ വിരുന്നില്‍, ഗോക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അറിയിച്ച് പാലും ഒട്ടേറെ പാലുത്പന്നങ്ങളും അതിഥികള്‍ക്കായി എംആര്‍എം ഒരുക്കിയിരുന്നു. ഗോമാംസം ഭക്ഷിക്കുന്നത് അസുഖങ്ങള്‍ക്ക് ഇടവരുത്തുമെന്ന സന്ദേശം നല്‍കിക്കൊണ്ടായിരുന്നു ഇത്. ഗോസംരക്ഷണത്തിനായി പ്രത്യേക പ്രാര്‍ഥനയും ഇഫ്താറിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.