ജി7 കലക്കി ട്രംപ് മടങ്ങി; ട്രൂഡോ വിശ്വസ്തനല്ലെന്ന് ട്രംപ്

Monday 11 June 2018 1:26 am IST
ട്രംപിന്റെ അടുത്ത കൂടിക്കാഴ്ച സിംഗപ്പൂരില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായാണ്. ഇതിനിടെയാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രണ്ട് ട്വീറ്റുകള്‍ ട്രംപ് പോസ്റ്റ് ചെയ്തത്.

ഒട്ടാവ: കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വിശ്വാസയോഗ്യനല്ലെന്നും ദുര്‍ബലനാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ പങ്കാളിയാകാതെ മടങ്ങുന്നതിനിടെയാണ് ട്രംപ് ട്വീറ്ററിലൂടെ തന്റെ അസംതൃപ്തി അറിയിച്ചത്.

ട്രംപിന്റെ അടുത്ത കൂടിക്കാഴ്ച സിംഗപ്പൂരില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായാണ്. ഇതിനിടെയാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രണ്ട് ട്വീറ്റുകള്‍ ട്രംപ് പോസ്റ്റ് ചെയ്തത്.  

ക്യൂബെക്കിലെ വാര്‍ത്താസമ്മേളത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചത്. യഥാര്‍ഥത്തില്‍ കാനഡയാണ് അമേരിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നത്. നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപ് ശനിയാഴ്ച നടത്തിയ പ്രസ്താവനകള്‍ ലോക നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. കാനഡയിലെ ലാ മെല്‍ബായില്‍ വെള്ളിയാഴ്ച ആരംഭിച്ച ഉച്ചകോടിയില്‍ ഉരുക്കിനും അലുമിനിയത്തിനും ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ച യുഎസ് പ്രസിഡന്റിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള ട്രംപിന്റെ തീരുമാനം അപമാനകരകമാണെന്ന നേരത്തെ ട്രുഡോ ആരോപിച്ചിരുന്നു.ജൂലായ് ഒന്നിനായിരുന്നു ട്രൂഡോയുടെ പ്രതികരണം.

അതേസമയം ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ കനേഡിയന്‍ പ്രസിഡന്റ് തയാറായില്ല.

 ജി 7 ഉച്ചകോടിയില്‍ സംയുക്തമായെടുത്ത തീരുമാനത്തില്‍ കാനഡ ഉറച്ചു നില്‍ക്കുമെന്ന് ട്രൂഡോയ്ക്കു വേണ്ടി വക്താവ് കാമറോണ്‍ അഹമ്മദ് അറിയിച്ചു. ട്രംപ് സിംഗപ്പൂരിലേക്ക് പുറപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കകം ഏഴു നേതാക്കള്‍ ഒപ്പിട്ട സംയുക്തപ്രസ്താവന പുറത്തിറക്കുകയും ചെയ്തു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.