പിതാവ് പിഞ്ചുബാലികയെ ബലി കഴിച്ചു

Monday 11 June 2018 1:31 am IST

ജോധ്പൂര്‍: റംസാന്‍ മാസത്തില്‍ അള്ളാഹുവിന്റെ അനുഗ്രഹം കൂടുതല്‍ ലഭിക്കാനായി മകളെ ബലി കൊടുത്ത പിതാവ് അറസ്റ്റില്‍. ജോധ്പൂരിലെ പിപഡില്‍ താമസിക്കുന്ന നവാബ് അലി ഖുറേഷിയാണ് (26) അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ഇയാളുടെ നാലുവയസുകാരിയായ മകള്‍ റിസ്‌വാനയെ ഖുറാന്‍ ചൊല്ലി കഴുത്തറുത്ത് കൊന്നത്. കൂടുതല്‍ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡിനെയും എഫ്എസ്എല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്ന് ജോധ്പുര്‍ എസ്പി രാജന്‍ ദുഷ്യന്ത് പറഞ്ഞു. 

ചോദ്യം ചെയ്യലില്‍ റംസാന്‍ മാസത്തില്‍ അള്ളാഹുവിന്റെ അനുഗ്രഹം കൂടുതല്‍ കിട്ടാനാണ് ബലി നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. ഭാര്യ ഷബാന നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 

അലിയും ഭാര്യയും രണ്ടു പെണ്‍കുട്ടികളും വീടിന്റെ മുകള്‍ നിലയിലാണ് ഉറങ്ങുന്നത്. പുലര്‍ച്ചെ റിസ്‌വാനയെ കാണാതിരുന്നതോടെ ഭാര്യ നടത്തിയ അന്വേഷണത്തിലാണ് കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടത്. 

രാത്രി കുഞ്ഞിനെയുമായി താഴെ വന്ന ഇയാള്‍ അള്ളാഹുവിന്റെ അനുഗ്രഹം കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. കുട്ടിയെ അടുത്ത് ഇരുത്തി ഖുറാന്‍ വചനങ്ങളും പ്രാര്‍ഥനയും ഉരുവിട്ട് മൂര്‍ച്ചയേറിയ നീണ്ട കത്തി ഉപയോഗിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഭാര്യയ്ക്കും ഇളയ മകള്‍ക്കുമൊപ്പം പോയി കിടന്നുറങ്ങി.

കൊല നടത്തിയ ദിവസം രാവിലെ മകളുമായി അലി മാര്‍ക്കറ്റില്‍ പോവുകയും കുട്ടിക്ക് നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. നിന്നെ അള്ളാഹു ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. റിസ്‌വാനയെ താന്‍ ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്നു. അതിനാലാണ് ബലി നല്‍കിയതെന്നാണ് ഖുറേഷി പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.