കേരളത്തിലെ നദികള്‍ മരിക്കുന്നു

Monday 11 June 2018 2:02 am IST

മട്ടാഞ്ചേരി: കേരളത്തിലെ നദികള്‍ മരണശയ്യയിലെന്ന് പഠനങ്ങള്‍. പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, മണല്‍വാരല്‍, അനധികൃത തടയണകളും കൈയേറ്റങ്ങളും തുടങ്ങിയവയാണ് നദികള്‍ നശിക്കാന്‍ കാരണം.

ഗ്രാമീണ-നഗരവത്കരണ മാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള മാലിന്യവും 52 ശതമാനമാണ്. ഹൗസ് ബോട്ട് അടക്കമുള്ള യന്ത്രവത്കൃത-വാഹന മലിനീകരണം 20 ശതമാനം വ്യാവസായിക മലിനീകരണം 21 ശതമാനം. മറ്റുള്ളവ ഏഴു ശതമാനം എന്നിങ്ങനെയാണ് മാലിന്യത്തിന്റെ തോത്.

ഗ്രാമീണ മാലിന്യങ്ങള്‍ പമ്പാനദിക്കും ഫാക്ടറികളിലെ രാസ മാലിന്യങ്ങള്‍ പെരിയാറിനും  കാട്ടുമാലിന്യങ്ങള്‍ കബനി നദിക്കും ഭീഷണിയാകുന്നു. കയ്യേറ്റം തകര്‍ക്കുന്ന കല്ലായി പുഴയില്‍ 100 ഏക്കറിലെറെയാണ് നഷ്ടമായത്. അഷ്ടമുടിയും ഭാരതപ്പുഴയും വെല്ലുവിളി നേരിടുകയാണ്. നദികളിലെ ഇ-കോളി ബാക്ടീരിയ അപകടകരമായ തോതിലാണ്. 

സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റും നടത്തിയ പഠനത്തിലാണ് നദികള്‍ മരിക്കുന്നതായി കണ്ടെത്തിയത്. 

സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച വിവിധ ഏജന്‍സി റിപ്പോര്‍ട്ടില്‍ നദികള്‍ നേരിടുന്ന വെല്ലുവിളികളും വ്യക്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2017 വരെയുള്ള വീടുകള്‍, പരിസ്ഥിതി മേഖലകള്‍, ജനകീയ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന പഠനങ്ങളും 500ല്‍ ഏറെ സാമ്പിളുകളും അടങ്ങിയതാണ് നദികളുടെ മരണ റിപ്പോര്‍ട്ട്. 

സംസ്ഥാനത്തെ നദികള്‍ നിലവാരത്തില്‍ സി ഗ്രേഡാണ്. നദികളുടെ മരണം കേരളത്തിലെ ശുദ്ധജല സ്രോതസ്സുകളെ ഇല്ലാതാക്കുകയാണ്. മാലിന്യവാഹികളായി മാറുന്ന നദികള്‍ ഭാവിയില്‍ രോഗ പകര്‍ച്ചയ്ക്കിടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

ശാസ്ത്രജ്ഞനായ അജയകുമാര്‍ വര്‍മയുടെ പഠനത്തില്‍ 50 വര്‍ഷത്തിനകം കേരളത്തിലെ ആറു നദികള്‍ ഇല്ലാതാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പമ്പ, അച്ചന്‍കോവിലാറ്, മണിമല, മൂവാറ്റുപുഴ, മീനച്ചില്‍, ചാലക്കുടിപ്പുഴ എന്നിവയാണവ. ഇവയുടെ തകര്‍ച്ച വേമ്പനാട്ടു കായലിനെയും തളര്‍ത്തും.

പടിഞ്ഞാറേക്ക് ഒഴുകുന്ന 41ഉം കിഴക്കോട്ട് ഒഴുകുന്ന 3 നദികളുമായി ജലസമൃദ്ധമായിരുന്ന കേരളത്തിലാണ് നദികള്‍ക്ക് ചരമഗീതം മുഴങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.