രാഹുല്‍ ഇടപെട്ടിട്ടും തണുക്കാതെ കര്‍ണാടക

Monday 11 June 2018 2:06 am IST

ബെംഗളൂരു: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഇടപെട്ടിട്ടും കര്‍ണാടക കോണ്‍ഗ്രസില്‍ അലയടിക്കുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ സാധിക്കുന്നില്ല.  എം.ബി. പാട്ടീലിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള  സത്യഗ്രഹം . സമരം നാല് ദിവസം പിന്നിട്ടു. കെപിസിസി ആസ്ഥാനത്തും നിരവധി പ്രതിഷേധങ്ങള്‍ നടന്നു. 

മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനകള്‍ തുടരുകയാണ്. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റുകളില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കടുത്ത നടപടികളിലേക്ക് കടക്കാത്തത്. 

എന്നാല്‍ ഇത് സംബന്ധിച്ച ഒരു ഉറപ്പും ശനിയാഴ്ച ന്യൂ ദല്‍ഹിയിലെത്തി രാഹുല്‍ഗാന്ധിയെ കണ്ട മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു എന്നിവര്‍ക്ക് ലഭിച്ചിട്ടില്ല. 

പ്രതിഷേധം നിര്‍ത്തി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് രാഹുല്‍ഗാന്ധി ഇവരോട് ആവശ്യപ്പെട്ടത്. ഇത് നേതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചു. ഇതിന് ശേഷം എം.ബി പാട്ടീല്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ കണ്ട് പരാതി അറിയിച്ചു. 

ഒഴിച്ചിട്ടിരിക്കുന്ന ആറ് മന്ത്രിസ്ഥാനങ്ങള്‍ എത്രയും വേഗം നികത്തണമെന്ന് ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.  മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, റോഷന്‍ ബെയ്ഗ്, എന്‍.എ. ഹാരിസ്, രാമലിംഗറെഡ്ഡി, എച്ച്.കെ. പാട്ടീല്‍  എന്നിവര്‍ നിരാശയിലാണ്. 

 ഇതിന് വിരുദ്ധമായ നിലപാടാണ് കെപിസിസി അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര സ്വീകരിച്ചത്. എം.ബി. പാട്ടീലും ദിനേശ് ഗുണ്ടറാവുവും ന്യൂദല്‍ഹിയില്‍ പോയത് എന്തിനെന്ന് അറിയില്ല. ഇക്കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി എടുത്ത നിലപാടിനോട് യോജിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. 

ആറുമാസത്തിലൊരിക്കല്‍ മന്ത്രിമാരുടെ പ്രവൃത്തി വിലയിരുത്തുമെന്നും രണ്ടുവര്‍ഷം കഴിയുമ്പോള്‍ മന്ത്രിമാരെ പുനര്‍ നിര്‍ണയിക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് വേണ്ടെതെന്ന് പരമേശ്വര പറഞ്ഞു. 

പരമേശ്വരയുടെ വാക്കുകള്‍ ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാര്‍ക്ക് ഉടന്‍ മന്ത്രിസഭാ പ്രവേശനം ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ഇവരെ മന്ത്രിസഭയില്‍ എടുക്കുന്നതിനോട് കുമാരസ്വാമിക്കു താത്പര്യമില്ല. നിലവിലെ സാഹചര്യത്തില്‍ മറ്റുള്ളവരെ ഒഴിച്ചിട്ടിരിക്കുന്ന സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന് ഭയമുണ്ട്. ഇന്ന് മന്ത്രിമാരെല്ലാം അതത് വകുപ്പുകളില്‍ ചുമതലയേറ്റെടുക്കും.

പി എന്‍ സതീഷ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.