ഉത്തര മലബാറിലെ തെയ്യക്കാലത്തിന് സമാപനം

Monday 11 June 2018 2:12 am IST

കണ്ണൂര്‍: ആയിരങ്ങളെ സാക്ഷിയാക്കി വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ വൈകുന്നേരം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കളരിവാതുക്കല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഉയര്‍ന്നതോടെ ഉത്തര മലബാറിലെ ഈ വര്‍ഷത്തെ കളിയാട്ടക്കാലത്തിന് പരിസമാപ്തിയായി.     

വലിപ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇവിടത്തെ ഭഗവതിയുടെ തിരുമുടിക്ക് അമ്പത് അടി ഉയരവും പതിനാല് അടി വീതിയുമാണ്. 51 മുളകളും ഏഴ് കമുകുകളുമുപയോഗിച്ച് കത്രിക പ്പൂട്ടോടുകൂടി പണിതുണ്ടാക്കുന്ന തിരുമുടി ധരിച്ച് കോലംകെട്ടുന്ന പെരുവണ്ണാന് പ്രദക്ഷിണം വെക്കാന്‍ സാധിക്കാത്തതിനാല്‍ നാലു വശത്തു നിന്നും വലിയ മുളകള്‍കൊണ്ടുള്ള കഴകളുണ്ടാക്കി നുറുകണക്കിന് ആളുകളുടെ സഹായത്തോടെയാണ് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. 

 തെയ്യാട്ടങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന കളിയാട്ട കലശമഹോല്‍സവത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. ഇനി തുലാം പത്തിനേ വടക്കേ മലബാറിലെ കാവുകളുണരൂ. 

കോലക്കാര്‍ക്കും കളിയാട്ടപ്രേമികള്‍ക്കും അതുവരെ വിശ്രമം. അരിയും മഞ്ഞളും വാരിയെറിഞ്ഞ് അനുഗ്രഹിക്കുന്ന തെയ്യക്കോലങ്ങള്‍ മലബാറിന്റെ ഗൃഹാതുരതയാണ്. 

ഉത്തരമലബാറുകാരെ സംബന്ധിച്ചിടത്തോളം രണ്ടുകാലങ്ങളേയുള്ളൂ തെയ്യക്കാലവും മഴക്കാലവും. ഇന്നലെയോടെ തെയ്യക്കാലം കഴിഞ്ഞു; ഇനി മഴക്കാലമാണ്. 

നീലേശ്വരം മന്നം പുറത്ത് കാവ്, മാടായിക്കാവ് എന്നിവിടങ്ങളില്‍ ഭഗവതിയുടെ തിരുമുടിയേറ്റ് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു നടന്നത്. ഏറ്റവും ഒടുവിലാണ് വളപട്ടണം കളരിവാതുക്കല്‍ ഭഗവതിക്ഷേത്രത്തിലെ തെയ്യം.  

ചെണ്ടയുടെ രൗദ്രതാളത്തില്‍  കുരുതിവെളളവും  മഞ്ഞള്‍ കുറിയും കൊണ്ട് നിറംപകര്‍ന്ന് നെറുകയില്‍ കൈതൊട്ട് അനുഗ്രഹം ചൊരിയുന്ന ദൈവക്കോലങ്ങളായി പകര്‍ന്നാടിയ കലാകാരന്മാര്‍ ഇനി മുതല്‍ ചമയമഴിച്ച് മറ്റ് ജോലികളില്‍ ഏര്‍പ്പെടും. 

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലുമാണ് അടുത്ത തെയ്യക്കാലത്തിന്റെ വരവറിയിച്ച് കളിയാട്ടച്ചെണ്ട മുഴങ്ങുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.