മഴ: മരണം 16

Monday 11 June 2018 2:20 am IST

തിരുവനന്തപുരം: കനത്ത മഴയിലും  കെടുതിയിലും സംസ്ഥാനത്ത് ഇതുവരെ മരണം 16  ആയി. ഇടുക്കി,വയനാട് ജില്ലകളിലും  മലയോരമേഖലകളിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. വിവിധ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

  ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ളയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.കേരള, ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. കടലില്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിര ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

വൈദ്യുതി ലൈന്‍തട്ടി തിരുവനന്തപുരത്ത്് കഴക്കൂട്ടത്ത് കാട്ടായിക്കോണം മടവൂര്‍പ്പാറ കിഴേവിള വീട്ടില്‍ ശശിധരന്‍ (75)  മരിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തോട്ടത്തില്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാഹിലും(10) കളരിക്കല്‍ ശിഹാബിന്റെ മകള്‍ സന ഫാത്തിമ (5)യുമാണ് മരിച്ചത്. ഇവര്‍ ബന്ധുക്കളാണ്. ഇടുക്കി അടിമാലിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പാറക്കുടി സിറ്റി സ്വദേശി കോമയില്‍ ബിജു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരിക്കേറ്റ കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചു. ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ്(8) ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല വെണ്‍പാല നല്ലൂര്‍ സ്ഥാനത്ത് മണലേത്ത് എം.സി.ഐസക്കിനെ (82) ഒഴുക്കില്‍പ്പെട്ടു കാണാതായി. ചേര്‍ത്തല പള്ളിപ്പുറം തിരുനെല്ലൂര്‍ കായലില്‍ കുളിക്കാനിറങ്ങിയ മുഹമ്മ കരിങ്ങണ്ടയില്‍ വിനു മുങ്ങി മരിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ കാണാതായ ഇദ്ദേഹം ഉടുത്തിരുന്ന മുണ്ട് വെള്ളത്തില്‍ നിന്നു കിട്ടിയതാണ് ഒഴുക്കില്‍പ്പെട്ടതാകാം എന്ന സംശയത്തിനു കാരണം. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. 

വയനാട് ജില്ലയിലെ വാളാട് പുതുശേരി റോഡിലെ പുള്ളന്‍പാറ പാലത്തിന്റെ  അപ്രോച്ച് റോഡ് തകര്‍ന്നു. എട്ടുകോടിയോളം രൂപ ചെലവിട്ടു നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് അപകടം. 60 മീറ്റര്‍ നീളത്തില്‍ റോഡു പൂര്‍ണമായി തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മണ്ണിടിച്ചിലും ശക്തമായ കാറ്റും ജില്ലയില്‍ വന്‍ കൃഷിനാശമുണ്ടാക്കി. മലയോര മേഖലകളിലും മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇടുക്കി ജില്ലയില്‍ വ്യാപകമായി കൃഷി നശിച്ചു. രാജാക്കാട്, കള്ളിമാലി വ്യൂ പോയിന്റിനുസമീപം ഉരുള്‍പൊട്ടി ഒന്നരയേക്കര്‍ പുരയിടം ഒലിച്ചുപോയി. ആനച്ചാലില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ 50 വീടുകള്‍ അപകട ഭീതിയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.