പ്രശ്‌നപരിഹാരത്തിന് അന്ത്യശാസനം; നേതൃമാറ്റം ഉടന്‍

Monday 11 June 2018 2:07 am IST

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടരുമ്പോള്‍ കെപിസിസിയില്‍ നേതൃമാറ്റത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നു. അധ്യക്ഷന്‍ ഉള്‍പ്പെടെ കെപിസിസിയില്‍  വലിയ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന.

 ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലെത്തിയത്. നേതൃമാറ്റ ചര്‍ച്ചയക്ക് പകരം കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള വിവാദ തീരുമാനം എടുത്തു മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സനും രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചാണ് കാര്യം നേടിയതെന്ന ചിന്ത കേന്ദ്ര നേതൃത്വത്തിനുണ്ട്്. തുറന്നു പറയാന്‍ പറ്റിെല്ലന്നു മാത്രം. പറഞ്ഞാല്‍ രാഹുല്‍ കഴിവില്ലാത്തവനെന്ന്് അംഗീകരിക്കുന്നതിനു തുല്ല്യമാണ്. ദല്‍ഹിയിലുണ്ടായിരുന്ന എ.കെ. ആന്റണിപോലും അറിയാതെ നടത്തിയ നീക്കത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി  പ്രകടിപ്പിച്ചുകഴിഞ്ഞു. കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഹസ്സന്‍ എന്നിവര്‍ പ്രശ്‌നം പരിഹരിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നത്്.

രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഇവര്‍ ഹൈക്കമാന്‍ഡിനു നല്‍കിയ ഉറപ്പ്. പ്രശ്‌നം പരിഹരിച്ചാലും ഇല്ലെങ്കിലും നേതൃമാറ്റം ഈ ആഴ്ചതന്നെ ഉണ്ടാകും.  എ.കെ. ആന്റണിയുടെ വാക്കുകള്‍ക്കായിരിക്കും മുന്‍തൂക്കം. നേതൃമാറ്റത്തോടെ കോണ്‍ഗ്രസിലെ കലാപം ശക്തമായേക്കാം.

പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന്് പറയുമ്പോഴും തീരില്ലെന്ന സൂചനയാണ് കിട്ടുന്നത്്. വി.എം. സുധീരന്‍ ഇന്നലെയും വിമര്‍ശനവുമായി രംഗത്തുവന്നു. ബിജെപി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി ഒരേസമയം വിലപേശിയ കെ.എം. മാണി, വിശ്വാസ്യത ഉറപ്പുവരുത്താന്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ തയാറാകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കോണ്‍ഗ്രസില്‍ ഉണ്ടായ കലാപം പരിഹരിക്കാന്‍ പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.